ന്യൂഡൽഹി > കോവിഡ് വാക്‌സിൻ വിതരണത്തിനായി തയ്യാറാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് വെള്ളിയാഴ്‌ച മുതൽ വിവരങ്ങൾ ശേഖരിച്ചുതുടങ്ങുമെന്ന് കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചു. എസ്എംഎസുകൾ അയക്കാനും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകാനും ഇതിലൂടെ സാധിക്കുമെന്നും വാക്‌സിൻ വിതരണത്തിനായി നിയോഗിക്കപ്പെട്ട വിദഗ്‌ധസമിതി തലവൻ ഡോ. വി കെ പോൾ പറഞ്ഞു. കോവിഡ് സ്ഥിതിയും വാക്‌സിൻ വിതരണകാര്യങ്ങളും വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 27 ന് ഡാറ്റ അപ്‌ലോഡിങ് ആരംഭിക്കുമെന്നും യോഗത്തിൽ പറഞ്ഞു.
കേരളം, മഹാരാഷ്ട്ര, ഡൽഹി, ഛത്തിസ്‌ഗഢ്, ബംഗാൾ, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ച ആദ്യഘട്ട യോഗത്തിൽ പങ്കെടുത്തത്. മറ്റ് മുഖ്യമന്ത്രിമാരുമായി തുടർന്ന് പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തി.
വാക്‌സിൻ വിതരണത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കോൾഡ് സ്‌റ്റോറേജുകളും മറ്റും സജ്ജമാക്കാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പൂർണമായും സുരക്ഷ ഉറപ്പാക്കിയുള്ള വാക്‌സിനാകും ഇന്ത്യയിൽ വിതരണം ചെയ്യുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിൻ വിതരണത്തിൽ മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. എല്ലാ കാര്യങ്ങളും എഴുതി അറിയിക്കണം. ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്‌സിൻ ഇന്ത്യയിൽവികസിപ്പിക്കാനാകുമെന്ന് പ്രതീക്ഷ
വാക്‌സിൻ ഇന്ത്യയിൽ വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. വി കെ പോൾ പറഞ്ഞു. നാല് വാക്‌സിൻ ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പരീക്ഷത്തിലാണ്. ഒരു വാക്‌സിൻ രണ്ടാംഘട്ടത്തിലുണ്ട്. മലേറിയ, ടൈഫോയിഡ്, റോട്ടോവൈറസ്, ജാപ്പനീസ് എൻസിഫിലിറ്റിസ് തുടങ്ങിയവക്ക് വാക്‌സിൻ വികസിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. വാക്‌സിൻ എപ്പോൾ യാഥാർഥ്യമാകുമെന്ന് പറയാനാകില്ല.
ആദ്യഘട്ടത്തിൽ മുൻഗണനാ വിഭാഗത്തിലുള്ള 30 കോടി പേർക്കാകും വാക്‌സിൻ നൽകുക. ഒരു കോടിയോളം ആരോഗ്യപ്രവർത്തകർ, പൊലീസ്–- മുനിസിപ്പൽ ജീവനക്കാർ തുടങ്ങി രണ്ടുകോടിയോളം മുൻനിര പ്രവർത്തകർ, അമ്പത് വയസ്സിന് മുകളിലുള്ളവരും മറ്റ് അസുഖങ്ങളുള്ളവരുമായ 26 കോടിയോളം പേർ, 50 വയസ്സിന് താഴെയുള്ളവരും മറ്റ് അസുഖങ്ങളുള്ളവരുമായ ഒരു കോടിയോളം പേർ എന്നിവരാണ് മുൻഗണനയിലുള്ളത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..