ലണ്ടൻ
കളിക്കാരുടെ കൂട്ടപ്പരിക്കിലും ലിവർപൂളിന് തളർച്ചയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ലെസ്‌റ്റർ സിറ്റിയെ മൂന്നു ഗോളിന് തകർത്തു. ജയത്തോടെ പട്ടികയിൽ രണ്ടാമതെത്താനും ലിവർപൂളിന് കഴിഞ്ഞു. ഒന്നാമതുള്ള ടോട്ടനം ഹോട്‌സ്‌പറിനേക്കാൾ ഗോൾ വ്യത്യാസത്തിൽ മാത്രം പിന്നിലായി.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂൾ കളംനിറഞ്ഞു. റോബർട്ട് ഫിർമിനോയും ദ്യേഗോ യോട്ടയും ലെസ്‌റ്റർ പ്രതിരോധത്തെ ചിതറിച്ചുകളഞ്ഞു. ഇരുവരും ഓരോ ഗോളടിച്ചു. ആദ്യത്തെ ഗോൾ ലെസ്‌റ്റർ പ്രതിരോധക്കാരൻ ജോണി ഇവാൻസിന്റെ പിഴവായിരുന്നു.
വിർജിൽ വാൻ ഡിക്ക്, ട്രെന്റ് അലെക്‌സാണ്ടർ ആർണോൾഡ്, ജോ ഗോമെസ്, ജോർദാൻ ഹെൻഡേഴ്‌സൺ, തിയാഗോ അലസാൻഡ്ര എന്നിവരാണ് പരിക്കിന്റെ പട്ടികയിലുള്ളത്. സൂപ്പർ താരം മുഹമ്മദ് സലായ്‌ക്ക് കോവിഡും. ഈ പ്രധാന കളിക്കാരൊന്നുമില്ലാതെയാണ് ലിവർപൂൾ ലെസ്‌റ്ററിനെ പന്ത് തട്ടിയത്.
സലായുടെ അഭാവം യോട്ട അറിയിച്ചില്ല. ലിവർപൂളിനായി തുടർച്ചയായ നാലാം കളിയിലും ഈ പോർച്ചുഗീസുകാരൻ ഗോളടിച്ചു. കളിയുടെ അവസാന ഘട്ടത്തിലായിരുന്നു ഫിർമിനോയുടെ ഗോൾ. അഴ്‌സണൽ–-ലീഡ്‌സ് യുണൈറ്റഡ് മത്സരം ഗോളില്ലാതെ അവസാനിച്ചു. ലീഡ്‌സിന് നിരവധി അവസരങ്ങൾ കിട്ടിയെങ്കിലും മുതലാക്കാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..