കുമരകം>‘എത്രനാൾ പാടവരമ്പിലൂടെ തലച്ചുമടായി കുടിവെള്ളം കൊണ്ടുവന്നതാ, ഇപ്പോൾ വെള്ളംകിട്ടാൻ വീട്ടിൽനിന്ന് ടാപ്പ് തിരിച്ചാൽ മതി, ഞങ്ങൾക്ക് മാത്രമല്ല, ഈ പാടശേഖരത്തിന് നടുവിലെ മിക്ക വീടുകളിലും ഹൗസ്‌കണക്ഷനുണ്ട് ’ –-കുമരകം ഇടവട്ടം കുമ്പളന്തറ പാടശേഖരത്തിലെ തുരുത്തിൽ കഴിയുന്ന വാണിയപ്പുര വീട്ടിൽ ബിജുവിന്റെ ഭാര്യ വിന്ധ്യയുടെ വാക്കുകളിൽ കുടിവെള്ളം കിട്ടാക്കനിയായിരുന്ന നാളുകളും ഇപ്പോൾ ലഭിച്ച ജീവിതസൗകര്യവും പ്രകടം.
തുരുത്തുകളിൽ കഴിയുന്നവർക്ക് മാത്രമായിരുന്നില്ല ഈ ദുരിതം. നാലുചുറ്റും വെള്ളമുണ്ടെങ്കിലും ശുദ്ധജലം കിട്ടാനില്ലാത്ത അവസ്ഥ കുമരകത്തെ എല്ലാ വാർഡുകളിലും അനുഭവിച്ചു. പൊതുടാപ്പുകളിൽ നിന്ന് വെള്ളമെടുക്കാൻ വള്ളത്തിലും നടന്നും ബുദ്ധിമുട്ടിയതാണ് പഴയകാലം. പൈപ്പിൽ വെള്ളമില്ലാത്ത വേനൽക്കാലത്ത് ടാങ്കർലോറികളിൽ പഞ്ചായത്ത് നേരിട്ട് വെള്ളം കൊടുക്കേണ്ടിവരും.
ഈ ദുരിതകാലം അവസാനിപ്പിച്ചതിൽ ഇടതുപക്ഷ സർക്കാരിനോടും പഞ്ചായത്ത് ഭരണസമിതിയോടും നാട് കടപ്പെട്ടിരിക്കുന്നു. ദുരിതമനുഭവിച്ചവർ പറയുമ്പോൾ പുതിയ തലമുറയും യാഥാർഥ്യം തിരിച്ചറിയുന്നു.
വി എൻ വാസവൻ എംഎൽഎ ആയിരിക്കെ ആവിഷ്‌കരിച്ച പദ്ധതി കെ സുരേഷ്‌കുറുപ്പ് എംഎൽഎയുടെ ഇടപെടലിലൂടെയാണ് യാഥാർഥ്യമായത്. എല്ലാവീടുകളിലും ഹൗസ്‌കണക്ഷനാണ് പദ്ധതിയുടെ മുഖ്യആകർഷണം. കുമരകത്ത് പ്രതിദിനം 25 ലക്ഷം ലിറ്റർ കുടിവെള്ളം നൽകാവുന്ന പദ്ധതിക്കായി ഏകദേശം 30 കോടി രൂപയോളം ചെലവഴിച്ചു. മീനച്ചിലാറ്റിലെ വെള്ളൂപ്പറമ്പ്, താഴത്തങ്ങാടി എന്നിവിടങ്ങളിൽനിന്ന് വെള്ളം പമ്പ് ചെയ്‌ത് ചെങ്ങളം കുന്നുംപുറത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചാണ് വിതരണം.
ചെങ്ങളത്തുനിന്ന് വെള്ളമെത്തുന്നത് ചന്തക്കവലയിലെയും പുത്തൻറോഡിലെയും പത്ത് ലക്ഷം ലിറ്റർ വീതം സംഭരണശേഷിയുള്ള ഓവർഹെഡ് ടാങ്കിലേക്ക്. 2017 മുതൽ ഗാർഹിക കണക്ഷൻ നൽകി തുടങ്ങി. ഇപ്പോഴത് 4600ലേറെയായി. അവശേഷിക്കുന്ന വീടുകൾക്ക് ഉൾപ്പെടെ രണ്ടായിരം കണക്ഷൻ കൂടി നൽകാൻ ‘ജലജീവൻ മിഷൻ’ 2.25 കോടി അനുവദിച്ചിട്ടുണ്ട്. പൈപ്പ് ലൈനുകൾ പൂർത്തീകരിക്കാനും ഈ തുക വിനിയോഗിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..