24 November Tuesday

വികസനം മുടക്കുന്നവരുടെ ലക്ഷ്യം - ജോർജ്‌ ജോസഫ്‌ എഴുതുന്നു

ജോർജ്‌ ജോസഫ്‌Updated: Tuesday Nov 24, 2020


കിഫ്‌ബി വീണ്ടും ചർച്ചാകേന്ദ്രമാകുകയാണ്. കിഫ്‌ബി നടത്തുന്ന ധനസമാഹരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ  ഭരണഘടനാ വിരുദ്ധമാണെന്നും അനുമതി കൂടാതെയാണ് മസാല ബോണ്ട്  അവതരിപ്പിച്ചതെന്നുമടക്കമുള്ള വാദങ്ങൾ കൊഴുക്കുകയാണ്.  നിയമനിർമാണസഭയ്‌ക്കും മേലെയാണെന്ന് ഭാവിച്ച്,  ഇല്ലാത്ത അധികാരം ഉപയോഗിച്ച് കിഫ്ബിയുടെ വിശ്വാസ്യത തകർക്കാൻ ഭരണഘടനാ സ്ഥാപനമായ സി ആൻഡ് എജിയും  കൂട്ടുനിൽക്കുന്നു എന്ന സാഹചര്യവും ഉടലെടുത്തിരിക്കുന്നു. ഈ സ്ഥാപനം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ അന്താരാഷ്ട്ര മൂലധനവിപണിയിൽ നേടിയെടുത്ത വിശ്വാസ്യത തകർക്കുകയും അതുവഴി കൂടുതൽ ഫണ്ട് കേരളത്തിലേക്ക് വരുന്നതിനെ അട്ടിമറിക്കുകയുമാണ് ഈ തന്ത്രത്തിന്റെ  ലക്ഷ്യം. നിലവിൽ സബ്ക്രൈബ് ചെയ്യപ്പെട്ട മസാല ബോണ്ടുകളുടെ കാര്യത്തിൽ ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇവർക്ക് വ്യക്തമായി അറിയാം.

2150 കോടി രൂപയുടെ മസാല ബോണ്ടുകളുടെ സിംഹഭാഗവും  സബ്ക്രൈബ് ചെയ്തിരിക്കുന്നത് കനേഡിയൻ പെൻഷൻ, ഇൻഷുറൻസ്  ഫണ്ടായ സിഡിപിക്യൂ എന്ന സ്ഥാപനമാണ്. ഇത്രയും വലിയ തുക, ലോകത്തെ പ്രമുഖമായ ഒരു നിക്ഷേപസ്ഥാപനം ഇതിന്റെ അനുമതികൾ, നിയമപരമായ മറ്റ്‌ നടപടികൾ എന്നിവയൊന്നും നോക്കാതെ 9.72  ശതമാനം പലിശയ്‌ക്ക് മസാല ബോണ്ടിൽ നിക്ഷേപിച്ചു എന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നവരോട് സഹതപിക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ല. 1965ൽ സ്ഥാപിതമായ, നീണ്ട  പ്രവർത്തനപാരമ്പര്യമുള്ള ഒരു രാജ്യാന്തര നിക്ഷേപ കമ്പനി ഒന്നും നോക്കാതെ 2150 കോടി നിക്ഷേപിക്കുകയായിരുന്നുവെന്നാണോ അനുമാനിക്കേണ്ടത്. ആരോപണങ്ങൾ ഉന്നയിക്കുന്നവർ പറയുന്നതുപോലെ നിയമപരമായ അനുമതി ഇല്ലാതെയാണ് മസാല ബോണ്ട് ഇറക്കിയതെങ്കിൽ, അത് അറിയാതെയാണ് സിഡിപിക്യൂ നിക്ഷേപം നടത്തിയതെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽ  ഇപ്പോൾ ആ കമ്പനി  കിഫ്‌ബിക്കെതിരെ ഒരു വഞ്ചന കേസ് ഫയൽ  ചെയ്യേണ്ടതല്ലേ ?


 

മസാല ബോണ്ട് ലിസ്റ്റ് ചെയ്‌തിരിക്കുന്നത്‌ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ്. 1571ലാണ് ഈ എക്‌സ്‌ചേഞ്ച് സ്ഥാപിതമാകുന്നത്.  ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള  കമ്പനി ചരിത്രത്തിൽ  ആദ്യമായാണ് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. അപ്പോൾ അതിനെക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ, മുഖ്യമന്ത്രി പിണറായി വിജയനെയും ധനമന്ത്രി തോമസ് ഐസകിനെയും കണ്ടപാടെ ലണ്ടൻ  സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതർ ലിസ്റ്റ് ചെയ്യാൻ സമ്മതം നൽകി എന്നാണോ പൊതുസമൂഹം മനസ്സിലാക്കേണ്ടത്.  ഇന്ത്യൻ കമ്പനികളായ എൻടിപിസി, എച്ച്ഡിഎഫ്സി എന്നിവയടക്കം 49 ഇന്ത്യൻ കമ്പനി പുറപ്പെടുവിച്ച മസാല ബോണ്ടുകൾ ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യൻ കമ്പനികളുടെ മസാല ബോണ്ടുകളെ സംശയദൃഷ്ടിയോടെ രാജ്യാന്തര സാമ്പത്തികസമൂഹം കാണുന്ന ഒരു നിലയിലേക്കാണ് ഇത്തരം കാമ്പില്ലാത്ത വിമർശനങ്ങൾ വഴിമാറുന്നത്.

സ്റ്റാൻഡേർഡ് ആൻഡ് പുവർ, ഫിച്ച് തുടങ്ങിയ രാജ്യാന്തര റേറ്റിങ് ഏജൻസികൾ കിഫ്ബിയുടെ മസാല ബോണ്ടിന് ബിബി റേറ്റിങ് നൽകിയിട്ടുണ്ട്. ഇത് താരതമ്യേന താഴ്ന്ന റേറ്റിങ് ആണെങ്കിലും ഒരു റേറ്റിങ് സ്ഥാപനം റിസർവ് ബാങ്കിന്റെ വെറും എൻഒസി മാത്രമുള്ള ഒരു കടപ്പത്രത്തിന് എങ്ങനെയാണ് റേറ്റിങ് നൽകുന്നത് ? നിക്ഷേപ സ്ഥാപനങ്ങൾ നിക്ഷേപം നടത്തുന്നതിന് പരിഗണിക്കുന്ന ഒരു പ്രധാനഘടകം ഇത്തരം റേറ്റിങ്ങും റേറ്റിങ് സ്ഥാപനങ്ങൾ നൽകുന്ന റിപ്പോർട്ടുകളുമാണ്. അപ്പോൾ വേണ്ടത്ര നിയമപിൻബലമില്ലാതെ ഇഷ്യൂ ചെയ്ത ഒരു ബോണ്ടിന് ബിബി റേറ്റിങ് നൽകുക വഴി ആ സ്ഥാപനം അതിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുകയല്ലേ ചെയ്‌തത്‌.  സിഡിപിക്യൂ, ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, റേറ്റിങ് ഏജൻസികൾ എന്നീ സ്ഥാപനങ്ങൾക്ക് കിഫ്ബിക്കെതിരെ വഞ്ചനക്കുറ്റം ഉന്നയിച്ച് കേസിന് പോകുന്നതിനുള്ള ന്യായമായ എല്ലാ സാഹചര്യവുമുണ്ട്. എന്നാൽ, തങ്ങളുടെ പണം നഷ്ടമാകുകയോ വിശ്വാസ്യതയ്‌ക്കും പാരമ്പര്യത്തിനും കോട്ടം വരുന്ന സാഹചര്യവും ഉണ്ടായിട്ടും എന്തുകൊണ്ട് അവർ നിയമനടപടിയിലേക്ക് കടക്കുന്നില്ല ? വളരെ ലളിതമായ ഈ ചോദ്യത്തിന് യുഡിഎഫും ബിജെപിയും ഉത്തരം നൽകണം.

എക്കാലത്തെയും കുറഞ്ഞ പലിശ എങ്ങനെ
മസാല ബോണ്ടിന്റെ പലിശ കൂടിപ്പോയി അതിലും കുറഞ്ഞ നിരക്കിൽ ആഭ്യന്തരവിപണിയിൽനിന്ന് വായ്പയെടുക്കാമായിരുന്നു എന്നതാണ് വിമർശകർ സൃഷ്ടിക്കുന്ന മറ്റൊരു പുകമറ. എന്താണ് “മാർക്കറ്റ് ബോറോവിങ്’ എന്നതിനെക്കുറിച്ച്  മിനിമം ധാരണയെങ്കിലും ഉണ്ടാക്കുന്നത് നല്ലതാണ്. ഉൽപ്പന്ന മാർക്കറ്റുകൾ പോലെയാണ്‌ ഫിനാൻസ് മാർക്കറ്റും പ്രവർത്തിക്കുന്നത്.  സാമ്പത്തികശാസ്ത്രത്തിലെ അടിസ്ഥാനതത്വമായ ആദാന - പ്രദാന തിയറി വഴിയാണ് ഇവിടെയും ഇടപാടുകൾ നടക്കുന്നത്.  അതുവഴിയാണ് ഫണ്ടിന്റെ വില നിർണയിക്കപ്പെടുന്നത്. അതുകൊണ്ട്, എക്കാലത്തെയും കുറഞ്ഞ പലിശനിരക്കിൽ ഫണ്ട്  സമാഹരണം നടത്തുക എന്നത് ആരാലും സാധ്യമാകാത്ത കാര്യമാണ്. നിലവിലെ മാർക്കറ്റ് സാഹചര്യങ്ങളിൽ ഏറ്റവും അനുയോജ്യമായ നിരക്കിൽ  സമാഹരിക്കാൻ മാത്രമേ കഴിയൂ.  പദ്ധതികൾക്ക് ആവശ്യമായ സമയത്ത് മാത്രമാണ് വായ്പയെടുക്കുകയോ കടപ്പത്രം പുറപ്പെടുവിക്കുകയോ  ചെയ്യുന്നത്. അപ്പോൾ അതത് സമയത്ത് മാർക്കറ്റിൽ ലഭ്യമാകുന്ന സാഹചര്യങ്ങളെ ഉചിതമായി വിനിയോഗിക്കുക എന്ന തന്ത്രമാണ്  ധനമേഖലയിലും കോർപറേറ്റ് രംഗത്തും നടന്നുവരുന്നത്.


 

ഫ്രഞ്ച് ഡെവലപ്പിങ്‌ ഏജൻസിയായ എഎഫ്ഡി,  കൊച്ചി മെട്രോയ്‌ക്ക് 1500   കോടി രൂപ വായ്പ നൽകിയിരിക്കുന്നത് 1.90  ശതമാനം പലിശനിരക്കിലാണ്. നഗരങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിന് സഹായം നൽകുന്ന  ഈ സ്ഥാപനം 115 രാജ്യത്തായി നാലായിരത്തിൽപ്പരം പദ്ധതികൾക്ക് ഇങ്ങനെ  കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ, ഇത് ഒരു ബെഞ്ച് മാർക്കായി കണ്ട് ഇതിലും കുറഞ്ഞ പലിശയ്‌ക്ക് എന്തുകൊണ്ട് വായ്പ എടുത്തില്ല എന്ന് ചോദിച്ചാൽ കുഴഞ്ഞുപോകും.  2014ൽ  ഇതേ കൊച്ചി മെട്രോതന്നെ കനറാ ബാങ്കിൽനിന്ന്‌ 1170 കോടി രൂപയുടെ വായ്പയെടുത്തിരുന്നു, പലിശനിരക്ക് 10.80 ശതമാനം. മസാല ബോണ്ടിന്റെ പലിശനിരക്ക് 9.72 ശതമാനവും. എന്തുകൊണ്ടാണ് ഇത്ര ഉയർന്ന പലിശയ്‌ക്ക് വായ്പയെടുത്തത് എന്നാരും വിമർശനം ഉന്നയിച്ചിട്ടില്ല. മാർക്കറ്റ് സാഹചര്യത്തിനും കാലഭേദത്തിനും അനുസൃതമായി നിർണയിക്കപ്പെടുന്ന ഒന്നാണ് ഫണ്ട് കോസ്റ്റ്. ഇത് സാമ്പത്തിക ലോകത്തെ സാർവത്രികമായ ഒരു തത്വമാണ്. ആഭ്യന്തര മാർക്കറ്റിൽ റിസർവ് ബാങ്കിന്റെ വായ്പാനയത്തിന് അനുസൃതമായാണ് പലിശയുടെ ചലനം. 2014നെ അപേക്ഷിച്ച് പലിശനിരക്കുകൾ താഴ്ന്ന നിലയിലാണ് ഇപ്പോൾ. അതുകൊണ്ട്, അന്ന് പലിശനിരക്ക് ഉയർന്നതായതുകൊണ്ട് അന്നത്തെ സർക്കാരിനെ വിമർശിക്കുന്നതിൽ അർഥമില്ല. ആഗോളരംഗത്തെയും ആഭ്യന്തര മാർക്കറ്റിലെയും സാഹചര്യങ്ങൾക്കനുസരിച്ച് ഫണ്ടിന്റെ ചെലവിൽ മാറ്റം വരുന്നു. അതുകൊണ്ട് എക്കാലത്തെയും ഏറ്റവും കുറഞ്ഞ നിരക്കിൽ മാത്രമേ വായ്പയെടുക്കാവൂ എന്ന വാദം ബാലിശമാണ്. 

സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതിയെ കുറിച്ചുള്ള റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ ബജറ്റിനെ അടിസ്ഥാനമാക്കി നോക്കുമ്പോൾ ശരാശരി ധനകമ്മി 2.4  ശതമാനമാണ്. എന്നാൽ, കോവിഡ് ആഘാതംകൂടി കണക്കിലെടുക്കുമ്പോൾ ഇത് 4.6 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങളുടെ വരുമാനം കാര്യമായി ഉലഞ്ഞിരിക്കുന്ന അവസ്ഥയിൽ മൂലധനച്ചെലവുകൾ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്നും  റിപ്പോർട്ട് വ്യക്തമാക്കുന്നു.  2019–--20ൽ സംസ്ഥാനങ്ങളുടെ  മൂലധനച്ചെലവുകളിൽ ഉണ്ടായ കുറവ് 1.26 ലക്ഷം കോടി രൂപയാണ്. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.6 ശതമാനം വരുമിത്. കഴിഞ്ഞ രണ്ടു ദശകത്തിനിടയിൽ മൂലധനച്ചെലവിൽ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഇരട്ട  ആഘാതമാണ് വിവിധ സംസ്ഥാനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നത്. നികുതി വരുമാനത്തിൽ  കുറവുണ്ടാകുമ്പോൾ ചെലവുകൾ ഭീമമായി ഉയരുന്നുവെന്നതാണ് പ്രതിസന്ധി. ബജറ്റിന് പുറത്തുള്ള ധനസമാഹരണം അത്യന്തം പ്രാധാന്യമേറിയ ഒന്നാണ്. അന്താരാഷ്ട്ര മൂലധനവിപണിയെ സമർഥമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കാൻ കഴിയൂ. അപ്പോഴും മൂക്ക് മുറിച്ചും ശകുനം മുടക്കുന്നതിലാണ് ബിജെപിക്കും യുഡിഎഫിനും ഉത്സാഹം. ബിജെപിക്ക് എന്ത് കിട്ടിയാലും അത് ലാഭമാണ്. യുഡിഎഫ് നേതാക്കളും ആ വഴിക്ക് നീങ്ങുന്നതു കാണുമ്പോഴാണ് വിഷമം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top