വാഷിങ്‌ടൺ
അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ഉദ്ദേശിച്ചാണ് 2015ൽ പാരീസ് കാലാവസ്ഥാ ഉടമ്പടിക്ക് രൂപം നൽകിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജി20 വിർച്വൽ ഉച്ചകോടിക്ക് റെക്കോഡ് ചെയ്‌ത് അയച്ച വീഡിയോ പ്രസംഗത്തിലാണ് 180ൽപരം രാജ്യങ്ങൾ അംഗീകരിച്ച കരാറിനെതിരെ ട്രംപ് നിലപാട് ആവർത്തിച്ചത്.
കരാർ അമേരിക്കയോട് അന്യായമായുള്ളതും ഏകപക്ഷീയവുമാണ് എന്ന് ട്രംപ് ആരോപിച്ചു. അത് ഭൂമിയേയോ കാലാവസ്ഥയേയോ സംരക്ഷിക്കാനായിരുന്നില്ല, അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കാനായിരുന്നു എന്ന് ട്രംപ് പറഞ്ഞു. ബറാക് ഒബാമ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ ഒപ്പിട്ട മറ്റ് പല കരാറുകളും പോലെ ഇതിൽനിന്ന് ട്രംപ് അമേരിക്കയെ പിൻവലിക്കുകയായിരുന്നു. 2017ൽ അധികാരമേറ്റ് വൈകാതെ ട്രംപ് പിന്മാറ്റം പ്രഖ്യാപിച്ചിരുന്നെങ്കിലും ഈ മാസം നാലിനാണ് പ്രാബല്യത്തിലായത്.
ആഗോള താപനത്തിന്റെ തോത് വ്യവസായ പൂർവ കാലത്തേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസിലധികം കൂടാതെ പരിമിതപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് കരാർ. താൻ അധികാരത്തിലെത്തിയാൽ കരാറിൽ തിരിച്ചെത്തുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡിനെതിരെ വാക്‌സിൻ തയ്യാറാവുമ്പോൾ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കാൻ കൂട്ടായ ശ്രമത്തിന് ഉച്ചകോടിയിൽ ആഹ്വാനമുയർന്നപ്പോൾ അതിനും എതിരായിരുന്നു ട്രംപിന്റെ നിലപാട്. വാക്‌സിൻ ആദ്യം ലഭിക്കുന്നത് അമേരിക്കയ്‌ക്കായിരിക്കണം എന്ന ട്രംപിന്റെ ആവശ്യം വിമർശനത്തിനിടയാക്കി. കോവിഡിന് പ്രതിവിധി കണ്ടെത്തുന്നതിൽ അമേരിക്കൻ കമ്പനികളാണ് മുന്നിലെന്നും അതിനാൽ തങ്ങൾക്ക് അതിന് അവകാശമുണ്ടെന്നുമാണ് ട്രംപിന്റെ അവകാശവാദം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..