24 November Tuesday

ഇബ്ര തൊടുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020


ടൂറിൻ
മുപ്പത്തൊമ്പതാം വയസ്സിലും സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ഗോളടിക്ക്‌ വീര്യം കുറയുന്നില്ല. ഇബ്രയുടെ ഗോളടി മികവിൽ എ സി മിലാൻ ഇറ്റാലിയൻ ലീഗിൽ കുതിക്കുന്നു. നാപോളിക്കെതിരെ 3–-1ന്റെ ജയമാണ്‌ മിലാൻ സ്വന്തമാക്കിയത്‌. ഇബ്ര ഇരട്ടഗോളടിച്ചു. ലീഗിൽ എട്ട്‌ കളിയിൽ 10 ഗോളുമായി ഒന്നാമതാണ്‌ ഇബ്രാഹിമോവിച്ച്‌.

മിലാന്‌ ഒന്നാം സ്ഥാനത്ത്‌ 20 പോയിന്റായി. സീസണിൽ ഒരു കളിയും മിലാൻ തോറ്റിട്ടില്ല.നാപോളിക്കെതിരെ അവരുടെ തട്ടകത്തിൽ തകർപ്പൻ കളിയാണ്‌ മിലാൻ പുറത്തെടുത്തത്‌. കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ഇബ്രയുടെ ഹെഡർ ലക്ഷ്യംകണ്ടു. രണ്ടാംപകുതിയുടെ തുടക്കത്തിലും ഈ സ്വീഡിഷ്‌ താരം ഗോളടിച്ചു. കളി പൂർത്തിയാക്കാതെയാണ്‌ മടങ്ങിയത്‌. പേശീവലിവ്‌ കാരണം കളംവിടുകയായിരുന്നു. അവസാന നിമിഷം ജെൻസ്‌ പെറ്റെർ ഹ്യൂഗ്‌ മിലാന്റെ ജയം പൂർത്തിയാക്കി.
നാപോളിക്കുവേണ്ടി ഡ്രെയ്‌സ്‌ മെർട്ടെൻസ്‌ ഒരെണ്ണം തിരിച്ചടിച്ചു. മധ്യനിരക്കാരൻ തിമു ബകായോകോ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായത്‌ നാപോളിക്ക്‌ തിരിച്ചടിയായി.

ഇന്റർ മിലാൻ 4–-2ന്‌ ടോറിനോയെ കീഴടക്കി. റോമ പാർമയെ മൂന്ന്‌ ഗോളിന്‌ തകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top