തിരുവനന്തപുരം> പൊലീസ് ആക്ട് ഭേദഗതി പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍. പൊലീസ് ആക്ട് ഭേദഗതിയിലൂടെ 118 എ വകുപ്പ് കൂട്ടിച്ചേര്‍ത്ത് വ്യക്തികള്‍ക്ക് എതിരായി വിവിധ വിനിമയോപാധികളിലൂടെ ഭീഷണിപ്പെടുത്തുന്നതോ , അപകീര്‍ത്തിപ്പെടുത്തുന്നതോ, അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണ്.
സൈബര്‍ ഇടങ്ങളില്‍ വിശേഷിച്ചും സ്ത്രീകള്‍ അധിക്ഷേപിക്കപ്പെടുന്ന സംഭവങ്ങള്‍ സമൂഹത്തില്‍ വ്യാപകമാവുകയാണ്. മാനനഷ്ടകേസ് നല്‍കാനാവുന്ന നിലവിലെ നിയമ വ്യവസ്ഥകള്‍ പുതിയകാല വാര്‍ത്താ വിനിമയ സംവിധാനങ്ങളിലൂടെ നടക്കുന്ന വ്യക്തിഹത്യ അടക്കമുള്ള ദുരുപയോഗം തടയാന്‍ പര്യാപ്തമല്ലെന്ന വിമര്‍ശനം നിലവിലുണ്ട്. ഈ പരിമിതി മറികടക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആക്ട് (ഐടി ആക്ട്) വഴി ഇന്ത്യന്‍ പാര്‍ലമെന്റ് കൊണ്ടുവന്ന 66 എ വകുപ്പ് പിന്നീട് ഭരണഘടന വിഭാവനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് കണ്ട് സുപ്രിം കോടതി റദ്ദ് ചെയ്യുകയായിരുന്നു.
ഐടി ആക്ടിലെ വ്യവസ്ഥകളോട് സാമ്യമുള്ള ചില വ്യവസ്ഥകളാണ് പൊലീസ് ആക്ടിലെ 118 എ പ്രകാരം നടപ്പിലാക്കുന്നത് എന്നാണ് ഒരു പ്രധാന വിമര്‍ശനം. ഐടി ആക്ട് 66 എ വകുപ്പിലെ പ്രധാന വിമര്‍ശനം അതില്‍ പരാമര്‍ശിക്കുന്ന കുറ്റകരമായ കാര്യങ്ങള്‍ നിര്‍വ്വചിക്കപ്പെട്ടിട്ടില്ല എന്നതായിരുന്നു. അത് കൊണ്ടുതന്നെ ദുര്‍വ്യാഖ്യാന സാധ്യത കൂടുതലുമായിരുന്നു. സൈബര്‍ ഇടങ്ങളില്‍ അപമാനിക്കപ്പെടുന്ന, അധിക്ഷേപിക്കപ്പെടുന്ന വ്യക്തിക്ക് തക്കതായ നിയമപരമായ പരിഹാരം ലഭ്യമാക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല.
പക്ഷെ പൊലീസ് ആക്ട് ഭേദഗതിയിലൂടെ ഇത്തരം ഒരു നടപടി സ്വീകരിക്കുന്നത് നിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്‌തേക്കുമെന്ന ആശങ്ക ഉയരുന്നത് സ്വാഭാവികമാണ്. ഈ ന്യൂനത പരിഹരിച്ച് ദുരുപയോഗ സാധ്യത ഇല്ലാതാക്കി ഇതിനായി ഒരു പ്രത്യേക നിയമം കൊണ്ടുവരുന്നതാവും ഉചിതമായ മാര്‍ഗ്ഗം.
അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ വ്യക്തിഹത്യ നടത്തുകയോ വ്യക്തിയുടെ അന്തസ്സിനെ ഹനിക്കുന്ന പ്രവര്‍ത്തികളെയൊ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ നിയന്ത്രിക്കുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ലഘൂകരിച്ച് കോടതികളിലൂടെ കാലതാമസം കൂടാതെ നടപ്പിലാക്കാനുള്ള പുതിയ നിയമം ആവിഷ്‌കരിക്കുന്നതിനെ പറ്റി സര്‍ക്കാര്‍ ആലോചിക്കേണ്ടതാണ്. പൊലീസ് ഇടപെടല്‍ ഈ വിഷയത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരം മാത്രമെ അനുവദിക്കാവു.
അഭിപ്രായ പ്രകടനങ്ങളെ ആക്ഷേപകരമെന്ന് മുദ്ര ചാര്‍ത്തി നേരിട്ട് പൊലീസിന് കേസെടുക്കാവുന്ന ഒരു കുറ്റമായി മാറ്റുന്നത് ശരിയായ രീതിയല്ല. മിനുട്ടുകള്‍ക്കകം അപകീര്‍ത്തികരമായ ഉള്ളടക്കം ലോകം മുഴുവന്‍ പരത്തുവാന്‍ കഴിയുന്ന നവ സാങ്കേതികയുടെ കാലത്ത് ഈ വിഷയത്തിലുള്ള നിലവിലെ സിവില്‍ / ക്രിമിനല്‍ നിയമ നടപടികള്‍ ഫലപ്രദമല്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ന്യൂനതകള്‍ പരിഹരിച്ച് പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് സമഗ്രമായ ഒരു നിയമ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് ലോയേഴ്‌സ് യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..