ന്യൂഡൽഹി
ആരോഗ്യപ്രവർത്തകരിലും മറ്റും അടിയന്തര ആവശ്യമെന്ന നിലയിൽ ഉപയോഗിക്കുന്നതിന് രണ്ട് കോവിഡ് വാക്‌സിൻ ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാകും. ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിനാണ് ഇതിലൊന്ന്. മറ്റൊന്ന് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിനും.
യുകെയിലെ മരുന്നുനിർമാണ കമ്പനിയായ അസ്‌ട്രസെനേക്കയുമായി സഹകരിച്ച് സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഓക്‌സ്ഫഡ് വാക്‌സിൻ ഇന്ത്യയിൽ നിർമിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് ഈ വാക്‌സിൻ. യുകെയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചാലുടൻ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് ഇന്ത്യയിലും സമാനമായ അപേക്ഷ സമർപ്പിക്കാം. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന് ഡിസംബറോടെ അപേക്ഷ സമർപ്പിക്കാനായാൽ വൈകാതെ അനുമതിയും ലഭിക്കും. എല്ലാം ശരിയായ ദിശയിൽ നീങ്ങിയാൽ ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യമോ അടിയന്തര ഉപയോഗത്തിനായി വാക്‌സിൻ ലഭ്യമാകും. രണ്ട് ഡോസുള്ള വാക്‌സിന് 500–-600 രൂപയാണ് പ്രതീക്ഷിക്കുന്നത്. വലിയ അളവിൽ വാങ്ങുന്നതിനാൽ ഇതിന്റെ പകുതി വിലയ്‌ക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് ഇന്ത്യയുടെ ശ്രമം.
70 ലക്ഷം ആരോഗ്യപ്രവർത്തകർക്കും രണ്ടുകോടിയോളം മറ്റ് കോവിഡ് പ്രതിരോധ പ്രവർത്തകർക്കുമാകും അടിയന്തര പരിഗണന. ഇവരെ കൂടാതെ 25–-30 കോടി മറ്റ് മുൻഗണനാ വിഭാഗങ്ങളെയും വാക്‌സിൻ വിതരണത്തിനായുള്ള വിദഗ്‌ധ സമിതി കണ്ടെത്തിയിട്ടുണ്ട്. ആകെ 50–-60 കോടി വാക്‌സിൻ ഇവർക്കായി വേണ്ടിവരും.
കോവാക്‌സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വൈകാതെ അപേക്ഷ നൽകാനാകും. ഒന്നും രണ്ടും പരീക്ഷണഘട്ട ഫലങ്ങളുടെ വിശദാംശങ്ങൾ അടക്കമാണ് അപേക്ഷ നൽകേണ്ടത്. മറ്റ് തടസ്സങ്ങളില്ലെങ്കിൽ ഫെബ്രുവരിയോടെ കോവാക്‌സിനും അനുമതി ലഭിക്കും.
വാക്‌സിൻ അനുമതി കാര്യങ്ങൾക്കായുള്ള രണ്ട് സുപ്രധാന സമിതിയുടെ പരിഗണനാ വിഷയങ്ങൾ സർക്കാർ തയ്യാറാക്കി വരികയാണ്. ‘നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ’, ‘സെൻട്രൽ ഡ്രഗ് സ്‌റ്റാൻഡേർഡ്‌സ് ആൻഡ് കൺട്രോൾ ഓർഗനൈസേഷൻ’ എന്നീ സമിതികൾക്ക് വാക്‌സിൻ സംഭരണവും വിതരണവും മറ്റും കൈകാര്യം ചെയ്യാനാകും വിധമാണ് പരിഗണനാ വിഷയങ്ങൾ തയ്യാറാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..