മാഡ്രിഡ്
സ്‌പാനിഷ് ലീഗിൽ ബാഴ്‌സലോണയുടെ മോശം പ്രകടനം തുടരുന്നു. റൊണാൾഡ് കൂമാന്റെ ടീം അത്‌ലറ്റികോ മാഡ്രിഡിനോട് തോറ്റു. യാന്നിക് കറാസ്‌കോയുടെ ഗോളിലാണ് ബാഴ്‌സ വീണത്. കഴിഞ്ഞ എട്ടു മത്സരങ്ങൾക്കിടെ മൂന്നാം തോൽവി. എട്ടു കളിയിൽ 11 പോയിന്റ് മാത്രമുള്ള ബാഴ്‌സ പട്ടികയിൽ പത്താമതാണ്. 20 പോയിന്റുമായി അത്‌ലറ്റികോ റയൽ സോസിഡാഡിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. റയൽ മാഡ്രിഡ് വിയ്യാറയലുമായി സമനിലയിൽ പിരിഞ്ഞു (1–-1). 17 പോയിന്റുമായി റയൽ നാലാമതാണ്.
ലയണൽ മെസി തീർത്തും നിറംകെട്ട കളിയിൽ ബാഴ്‌സയ്‌ക്ക് അത്‌ലറ്റികോയ്‌ക്കെതിരെ അനങ്ങാനായില്ല. ഗോൾ കീപ്പർ മാർക് ആന്ദ്രേ ടെർസ്‌റ്റെയ്‌ഗന്റെ പിഴവിലാണ് കറാസ്‌കോ ഗോൾ തൊടുത്തത്. ഇതിനിടെ പ്രതിരോധക്കാരൻ ജെറാർഡ് പിക്വെ പരിക്കേറ്റ് മടങ്ങിയതും ബാഴ്‌സയ്‌ക്ക് തിരിച്ചടിയായി. പരിശീലകൻ ദ്യേഗോ സിമിയോണിക്ക് കീഴിൽ അത്‌ലറ്റികോ ബാഴ്‌സയ്‌ക്കെതിരെ നേടുന്ന ആദ്യ ലീഗ് ജയമാണിത്.
വിയ്യാറയലിനെതിരെ മറിയാനോയിലൂടെ മുന്നിലെത്തിയ റയലിന് അവസാന ഘട്ടത്തിൽ തിരിച്ചടി കിട്ടി. പെനൽറ്റി വഴങ്ങി. ജെറാർഡ് മൊറേനോ കിക്കെടുത്ത് വിയ്യാറയലിന് ഒരു പോയിന്റ് സമ്മാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..