അഗർത്തല
ത്രിപുരയിൽ ബ്രൂ ഗോത്ര അഭയാർഥികളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരായ പ്രതിഷേധത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. വടക്കൻ ത്രിപുരയിലെ പാനിസാഗർ ടൗണിൽ നാലു മണിക്കൂറോളംനീണ്ട ദേശീയപാത ഉപരോധം അക്രമാസക്തമായതോടെയാണ് വെടിവയ്‌പ്പുണ്ടായത്. പ്രതിഷേധക്കാർ പൊലീസിനുനേരെ കല്ലെറിഞ്ഞു. പൊലീസ് വെടിവയ്‌പ്പിൽ പ്രദേശവാസിയായ ശ്രീകാന്തദാസ് (45) ആണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ പാനിസാഗർ, കാഞ്ചൻപുർ എന്നിവിടങ്ങളിൽ കൂടുതൽ സായുധ പൊലീസുകാരെ വിന്യസിച്ചു.
മിസോറമിൽനിന്ന് 35,000ഓളം ബ്രൂ ഗോത്രക്കാരെ ത്രിപുരയിൽ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് 16 മുതൽ സംസ്ഥാനത്ത് ബന്ദ് നടക്കുകയാണ്. ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ദേശീയപാത എട്ടിൽ ഉപരോധം നടന്നത്.
നിരോധനാജ്ഞ ലംഘിച്ച് സ്‌ത്രീകളും വിദ്യാർഥികളുമടക്കം 15000 ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലികൾ നടന്നു. ചൊവ്വാഴ്‌ച ഒരു സംഘം ഗോത്ര വിഭാഗക്കാർ ഇതര വിഭാഗക്കാരുടെ 26 വീടുകളും ഒരു പെട്രോൾപമ്പും ആക്രമിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതോടെ പ്രദേശവാസികളായ 110 പേർ പലായനം ചെയ്‌തു. 1997ലാണ് വംശീയ ആക്രമണങ്ങളെ തുടർന്ന് ത്രിപുരയിൽനിന്ന് ആയിരക്കണക്കിന് ബ്രൂ ഗോത്രവർഗക്കാർ മിസോറമിലേക്ക് പലായനം ചെയ്‌തത്. ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..