ന്യൂഡൽഹി > കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് പഞ്ചാബിലെ കർഷകർ സംഘടിപ്പിച്ച സമരം 50 ദിവസം പിന്നിട്ടു. പാർക്കിങ് സ്ഥലങ്ങളിൽ തങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയും ഭക്ഷണം തയ്യാറാക്കിയുമാണ് സമരം. സംസ്ഥാനത്തെ 25 റെയിൽവേ സ്‌റ്റേഷനിലാണ് ഇങ്ങനെ അനിശ്ചിതകാല ധർണ നടക്കുന്നത്.
പ്രക്ഷോഭത്തിന്റെ തുടക്കത്തിൽ കർഷകർ മൂന്നാഴ്‌ചയോളം റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചു. സംസ്ഥാന സർക്കാർ കേന്ദ്രനിയമങ്ങൾക്കെതിരെ ബിൽ പാസാക്കിയതോടെ ട്രാക്കുകളിൽനിന്ന് പിന്മാറി. പ്ലാറ്റ്‌ഫോമുകളിലും പാർക്കിങ് സ്ഥലങ്ങളിലും ധർണ തുടർന്നു. ഇതിന്റെ പേരിൽ പഞ്ചാബിലേക്കുള്ള ചരക്ക് ട്രെയിനുകൾ കേന്ദ്രം നിർത്തിവച്ചതോടെ അവശ്യവസ്‌തുക്കൾക്ക് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നു.
കേന്ദ്രം പ്രതികാരനിലപാട് തുടർന്നാൽ സംസ്ഥാനത്തെ രണ്ട് ലക്ഷം ട്രാക്ടറുകളുമായി ഡൽഹിയിലേയ്‌ക്ക് മാർച്ച് ചെയ്യുമെന്ന് കർഷകനേതാക്കൾ പറഞ്ഞു.അഖിലേന്ത്യാ കിസാൻസഭ, ബികെയു, ക്രാന്തികാരി കിസാൻ യൂണിയൻ, അഖിലേന്ത്യ കിസാൻ ഫെഡറേഷൻ, ഇന്ത്യൻ ഫാർമേഴ്‌സ് അസോസിയേഷൻ, രാഷ്ട്രീയ കിസാൻ മഞ്ച് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..