അഴിമതിയുടെയും വെട്ടിപ്പിന്റെയും പേരിൽ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കൾ, അതും ജനം തെരഞ്ഞെടുത്തയച്ച എം.എൽ.എമാർ, ജയിലിലേക്ക് പോകാൻ ക്യൂ നിൽക്കുന്ന സഹതാപാർഹമായ കാഴ്ച യാണ് ചുറ്റിലുമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ . അന്വേഷണ ഏജൻസികളാൽ വളഞ്ഞുവെക്കപ്പെട്ട, കോടതിയിലും ജയിലിലും കയറിയിറങ്ങുന്ന മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനും അഴീക്കോട് എം.എൽ.എ കെ.എം ഷാജിയും മുൻ മന്ത്രി വി.കെ ഇബ്രാഹും കുഞ്ഞുമൊക്കെ ഇന്നത്തെ ലീഗിന്റെ ദുരവസ്ഥയുടെ പ്രതീകമായി മാറുമ്പോൾ ആ പാർട്ടി ആപതിച്ച അധ:പതനത്തിന്റെ ആഴം കണ്ട് ജനം അമ്പരന്നുപോകുകയാണെന്നും അദ്ദേഹം പറയുന്നു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതിയാണ് മുസ്ലിം ലീഗ് നേതാവ് സി.എച്ച് മുഹമ്മദ് കോയ 1979 ഒക്ടോബർ 12ന് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഡിസംബർ ഒന്നിന് സി.എച്ചിന് രാജിവെക്കേണ്ടിയും വന്നു. കേവലം 50ദിവസത്തിൽ താഴെയാണ് മുഖ്യമന്ത്രിക്കസേരയിൽ അദ്ദേഹമിരുന്നത്. ആൻറണിയുടെ കോൺഗ്രസാണ് അന്ന് പാലം വലിച്ചത്. ദുഖച്ഛവിയുമായി കോഴിക്കോട്ടേക്ക് മടങ്ങാനിരിക്കെ സുഹൃത്ത് ബേബി ജോൺ യാത്രയാക്കാൻ മന്ത്രിഭവനിലെത്തിയത്രെ. ബാഗുമെടുത്ത് പുറപ്പെടാനൊരുങ്ങിയിട്ടും പരുങ്ങിക്കളിച്ച സി.എച്ചിനോട് ബേബിജോൺ കാര്യം തെരക്കി. 200രൂപ കടമായി എടുക്കാനുണ്ടോ; വഴിച്ചെലവിന് കൈയിലൊന്നുമില്ല -സി.എച്ച് സങ്കോചത്തോടെ പറഞ്ഞുനിറുത്തിയത്രെ. വിറക്കുന്ന കൈയോടെ പഴ്സ് തുറന്നാണ് താൻ 200 രൂപ എടുത്തുകൊടുത്തതെന്ന് ബേബിജോൺ പിന്നീട് അനുസ്മരിക്കുകയുണ്ടായി.
അമ്മട്ടിലുള്ള കഥകൾ കേട്ട് ആശ്ചര്യപ്പെടാനോ ദുഖിക്കാനോ തോന്നാത്ത ഒരു കാലം മുസ്ലിം ലീഗിന്റെ ചരിത്രത്തിലുടെ കടന്നുപോയിട്ടുണ്ട്. മാവൂർ ഗ്വാളിയോർ റയൺസ് മേധാവി സാബുസേട്ട് വലിയൊരു തുക തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കൊടുത്തയച്ചപ്പോൾ, ചോദിക്കാതെ ഇത്രയും തുക തന്നത് വല്ല ദുരുദ്ദേശ്യവും മനസ്സിൽവെച്ചാവില്ലേ; ഇത്തരം ഫണ്ട് ഉപയോഗിക്കുന്നത് ശരിയല്ലല്ലോയെന്ന് പറഞ്ഞ്, സംഭാവന തിരിച്ചുകൊടുക്കാൻ നിർബന്ധിച്ച അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ എന്ന സംശുദ്ധ വ്യക്തിത്വം മുസ്ലിം ലീഗിന്റെ സാരഥ്യം വഹിച്ച ഒരു കാലയളവും ഇന്ന് ഒരു ലീഗുകാരന്റെ ഓർമയിലും തങ്ങിനിൽക്കുന്നുണ്ടാവണമെന്നില്ല.
ആ കാലത്തേക്ക് ഓർമകൾ തിരിഞ്ഞുപറക്കുന്നത് അഴിമതിയുടെയും വെട്ടിപ്പിന്റെയും പേരിൽ മുസ്ലിം ലീഗിന്റെ പ്രമുഖ നേതാക്കൾ, അതും ജനം തെരഞ്ഞെടുത്തയച്ച എം.എൽ.എമാർ, ജയിലിലേക്ക് പോകാൻ ക്യൂ നിൽക്കുന്ന സഹതാപാർഹമായ കാഴ്ച കാണുമ്പോഴാണ്. അന്വേഷണ ഏജൻസികളാൽ വളഞ്ഞുവെക്കപ്പെട്ട, കോടതിയിലും ജയിലിലും കയറിയിറങ്ങുന്ന മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീനും അഴീക്കോട് എം.എൽ.എ കെ.എം ഷാജിയും മുൻ മന്ത്രി വി.കെ ഇബ്രാഹും കുഞ്ഞുമൊക്കെ ഇന്നത്തെ ലീഗിന്റെ ദുരവസ്ഥയുടെ പ്രതീകമായി മാറുമ്പോൾ ആ പാർട്ടി ആപതിച്ച അധ:പതനത്തിന്റെ ആഴം കണ്ട് ജനം അമ്പരന്നുപോകുന്നു.
ആത്മീയാചാര്യന്മാരെന്ന് സാമാന്യജനം വിശ്വസിച്ചുപോരുന്ന പാണക്കാട് തങ്ങന്മാർ അമരത്തിരിക്കുമ്പോണ് അഴിമതിക്കാരും തട്ടിപ്പും വെട്ടിപ്പും ബിസിനസാക്കി ശീലിച്ചവരും ആ പാർട്ടിയെ വരിഞ്ഞുമുറുക്കിശ്വാസം മുട്ടിച്ചുകൊല്ലുന്ന ഭീകരാവസ്ഥ സംജാതമായിരിക്കുന്നത്. അപ്പോഴും നേതാക്കളുടെ അറസ്റ്റും കാരാഗൃഹവാസവുമൊക്കെ, രാഷ്ട്രീയ പ്രതികാരമാണെന്ന് അലമുറയിട്ടു അണികളുടെ കണ്ണിൽപ്പൊടിയിടാൻ നടത്തുന്ന ശ്രമങ്ങൾ ഇനി വിലപ്പോവില്ലെന്ന് അടിത്തട്ടിൽ പരക്കുന്ന അണികളുടെ രോഷപ്രകടനവും നേതാക്കൾക്കെതിരെ നാടാകെ ഉയരുന്ന കലാപചിന്തയും വിളിച്ചുപറയുകയാണ്.
സാമൂഹിക അജണ്ടയിൽനിന്ന്
കങ്കാണി ഇടപാടുകളിലേക്ക്
സ്വതന്ത്ര്യ ഇന്ത്യയിൽ മുസ്ലിം ലീഗ് എന്ന പേരിൽ ഒരു പാർട്ടി വേണോ എന്നാലോചിക്കാൻ വേണ്ടിയാണ് 1948 മാർച്ച് 10ന് മദിരാശിയിലെ രാജാജി ഹാജിൽ ‘ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബിന്റെ നേതൃത്വത്തിൽ അവശിഷ്ട മുസ്ലിം ലീഗ് കൗൺസിലിലെ (ഭൂരിഭാഗം നേതാക്കളും പാകിസ്ഥാനിലേക്ക് വണ്ടി കയറിയിരുന്നു) 30ഓളം അംഗങ്ങൾ ഒത്തുകൂടിയത്.
സ്വാതന്ത്ര്യലബ്ധിയുടെ പശ്ചാത്തലത്തിൽ, വിഭജനം വരുത്തിവെച്ച ദുരന്താനുഭവങ്ങളുടെ വെളിച്ചത്തിൽ പാർലമെൻററി പരീക്ഷണവുമായി മുസ്ലിം പേരിൽ ഇനി ഒരു പാർട്ടി വേണ്ടാ എന്നായിരുന്നു ഭൂരിഭാഗത്തിന്റെ അഭിപ്രായം. പാർട്ടിയാവാം; പക്ഷേ രാഷ്ട്രീയ അജണ്ടയായിരിക്കരുത് അതിന്റെ മുൻഗണന എന്ന് മറ്റൊരു വിഭാഗവും വാദിച്ചു.
രാഷ്ട്രീയേതരമായ, സാമൂഹികവും സാംസ്കാരികവുമായ അജണ്ടയുള്ള ഒരു കൂട്ടായ്മായി ഇനി പ്രവർത്തിക്കാമെന്ന് തീരുമാനത്തിലെത്തിയപ്പോൾ പി.കെ മൊയ്തീൻ കുട്ടി (കൂടല്ലൂർ മൊയ്തീൻകുട്ടി) തദനുസൃതമായി അവതരിപ്പിച്ച പ്രമേയത്തെ ബി.പോക്കർ അടക്കമുള്ള മലബാറിലെ ലീഗ് നേതാക്കൾ പിന്താങ്ങി. രാഷ്ട്രീയ പദ്ധതിയിൽനിന്ന് ‘സാമൂഹിക-സാംസ്കാരിക’ അജണ്ടകളിലേക്ക് പാർട്ടിയുടെ ഊന്നൽ മാറുന്നതോടെ മുസ്ലിം ലീഗ് എന്ന പേര് പോലും മാറ്റിയെടുക്കാമെന്ന് സഹപ്രവർത്തകരെ ആശ്വസിപ്പിച്ചത് പ്രഥമ ദേശീയ ജന.സെക്രട്ടറി മെഹബൂബെ അലി ബേഗായിരുന്നു.
എന്നാൽ മുസ്ലിം ലീഗിന്റെ സാമൂഹിക ‘സാംസ്കാരിക പരിപാടി’ തനി കച്ചവടത്തിലും ബിനാമി ഇടപാടുകളിലും തട്ടിപ്പിലും വെട്ടിപ്പിലും കള്ളക്കടത്തിലും കേട്ടാൽ അറക്കുന്ന അഴിമതിയിലും ചെന്നവസാനിക്കുമെന്ന് സ്വപ്നേപി ആ തലമുറയിലെ ഒരു നേതാവും നിനച്ചിട്ടുണ്ടാവണമെന്നില്ല. കാരണം, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ജനതയോട് അന്നവർക്ക് പ്രതിബദ്ധതയുണ്ടായിരുന്നു.
തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്കും കോഴിക്കോട്ടുനിന്ന് പാണക്കേട്ടേക്കും പാർട്ടി ആസ്ഥാനം മാറിക്കൊണ്ടിരിക്കുന്നതിനിടയിൽ ലീഗിന് നഷ്ടപ്പെട്ടത് പ്രതിബദ്ധതയുടെയും ജനസേവനത്തിന്റെയം രാഷ്ട്രീയ അജണ്ടയായിരുന്നു. ആ സ്ഥാനത്തേക്ക് രാഷ്ട്രീയബിസിനസും ബിനാമി ഇടപാടുകളും മട്ടൻ മന്തിയും ഗൾഫ് കൾച്ചറും കയറിവന്നതോടെ ‘സമുദായ പാർട്ടി’ അടിപടലം ദുഷിച്ചു.
സി.എച്ച് മുഹമ്മദ് കോയയുടെ കൈയിൽ ആദ്യമായി വിദ്യാഭ്യാസവകുപ്പ് വന്നുചേർന്നപ്പോൾ ‘’കേൾവിയും കേൾപ്പേരുമില്ലാത്ത’’ തന്റെ ജനതയെ അക്ഷരവെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാനാണ് ശുഷ്ക്കാന്തി കാട്ടിയതെങ്കിൽ, 1990ന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി അമരത്ത് വന്നതോടെ ഗോൾ പോസ്റ്റ് മാറ്റി സ്ഥാപിച്ചു. പരമാവധി കച്ചവടം എന്നായി പാർട്ടിയുടെ പ്രഖ്യാപിത മുദ്രാവാക്യം. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തപ്പോൾ എണ്ണമറ്റ സ്കൂളുകൾ അനുവദിച്ചു. അധ്യാപക പോസ്റ്റ് വിറ്റ് കാശാക്കാനുള്ള ഏർപ്പാടിന്റെ ഭാഗമായിരുന്നു അത്.
‘ഗൾഫ്ബൂം’ പാരമ്യതയിലെത്തിയതോടെ പാർട്ടി നേതാക്കളുടെ ജീവിതം അടിമുടി മാറി. വൻ മണിമാളികകളിലെ ജീവിതവും ആഢംബര കാറുകളിലെ സഞ്ചാരവും രാവന്തിയോളം നീളുന്ന പാർട്ടികളും ലീഗ് നേതാക്കളുടെ ജീവിത ശൈലി മാറ്റിമറിച്ചു. പണ്ഡിതശ്രേഷ്ഠന്മാരും ആത്മീയ നേതാക്കളും ഇത്തരം പാർട്ടികളെ അനുഗ്രഹിക്കാൻ വിമാനം കയറി സൈകതഭൂവിൽ പറന്നിറങ്ങി. കോണിയാണ് സുവർഗത്തിലേക്കുള്ള കുറുക്കവഴിയെന്ന് സിൻസാറുൽ ഹഖുമാരും ഖാസിമുമാരും തൊണ്ടപൊട്ടുമാർ മണ്ടത്തം വിളമ്പി. ബിനാമി ഇടപാടുകളിൽ പാർട്ണർമാരായി ഇക്കൂട്ടർ അനുഗ്രഹങ്ങൾ ചൊരിഞ്ഞു.
നാട്ടിലെ നേതാക്കളുമായി സാമ്പത്തിക ഇടപാടുകളിലേർപ്പെടുന്നതോടെ കൈവരുന്ന സാമൂഹിക സ്റ്റാറ്റസും അധികാരകേന്ദ്രങ്ങളുമായുള്ള അടുപ്പം പ്രദാനം ചെയ്യുന്ന ശീതളിമയും ഗൾഫ് പ്രമാണിമാരെ ഹരം പിടിപ്പിച്ചു. അങ്ങനെയാണ് മരുക്കാട്ടിൽ വിയർപ്പൊഴുക്കി സമ്പാദിച്ചത് മുഴുവനോ ഭാഗികമയോ നാട്ടിലെ ലീഗ് നേതാക്കളുടെ കച്ചവടത്തിലേക്ക് മുതൽക്കൂട്ടാവുന്നത്. കെ.എം.സി.സിയുടെ ലേബൽ ഇതിനെല്ലാമുള്ള ഒരു മറയായിരുന്നു.
മൂന്ന് ‘മാതൃകാപുരുഷന്മാർ’
അങ്ങനെയുള്ള എല്ലാ മറകളും ഉപയോഗപ്പെടുത്തി പൊന്നിൽ മുങ്ങിക്കുളിക്കാൻ തൃക്കരിപ്പുർ സ്വദേശിയായ എം.സി. ഖമറുദ്ദീൻ ഇറങ്ങിത്തിരിച്ചപ്പോഴാണ് കേവലം 12വർഷം കൊണ്ട് 800ലേറെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും മയക്കി വീഴ്ത്തി 150കോടിയോളം സമാഹരിക്കുന്നതും തന്റേതായ ഒരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കുന്നതും.
പണമെറിഞ്ഞ് പണവും പദവിയും പിടിച്ചെടുക്കുന്ന ഒരു നാട്ടിൽ സ്വർണം കൊണ്ട് ഇന്ദ്രജാലം കാണിക്കാമെന്ന് കാട്ടിക്കൊടുത്തതോടെ മുസ്ലിം ലീഗ് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിലേക്കുള്ള യാത്ര എളുപ്പമായി. രാഷ്ട്രീയ, മത ബന്ധങ്ങളാണ് ഖമറുദ്ദീന്റെ പാത സുഗമമാക്കിയത് . ഇത് ഖമറുദ്ദീന്റെ മാത്രം ബിസിനസ് തന്ത്രമാണെന്ന് ആരും തെറ്റിദ്ധരിച്ചുപോകരുത്. പോയ കാൽനൂറ്റാണ്ടിനിടയിൽ ജ്വല്ലറിയടക്കമുള്ള ബിസിനസിലുടെ സാമ്പത്തിക ഔന്നത്യം പിടിച്ചടക്കിയ മലബാറിലെ ഭൂരിഭാഗം നേതാക്കളുടെയും ശക്തി പാർട്ടി ബന്ധവും മതനേതൃത്വവുമായുള്ള അടുപ്പവുമാണ്.
പള്ളി, മദ്രസ, യത്തീംഖാന തുടങ്ങിയ മതസ്ഥാപനങ്ങളുടെ ഭരണവും നിയന്ത്രണവും കൈപ്പിടിയിലൊതുക്കിയ ലീഗ് നേതാക്കൾ ആ സ്ഥാപനങ്ങളിലൂടെ സമുദായത്തിന്മേൽ ചെലുത്തിയ ദുസ്വാധീനം എല്ലാതരം കൊള്ളരുതായ്മകളെയും സാധൂകരിച്ചു. മത സംഘടനകളുടെ അമരത്തിരിക്കുന്നവർ തന്നെയാണ് മുസ്ലിം ലീഗിന്റെ നേതൃത്വവും കൈയാളുന്നത് എന്ന് വന്നപ്പോൾ എത്ര വലിയ കുറ്റങ്ങൾ കണ്ടാലും ചോദിക്കാനോ പറയാനോ ആളില്ലാത്ത അവസ്ഥയായി.
സ്വർണനിക്ഷേപത്തട്ടിപ്പിലെ ഒന്നാം പ്രതി ടി.കെ പൂക്കോയതങ്ങളുടെ റോൾ എടുത്തുപരിശോധിച്ചാൽ ഇത് നിഷ്പ്രയാസം ഗ്രഹിക്കാനാവും. കാസർക്കോട് ജില്ല മഹല്ല് ഫെഷറേഷന്റെ (സുന്നി ഇ.കെ വിഭാഗം) സാരഥി, തൃക്കരിപ്പൂർ സംയുക്ത മഹൽ കമ്മിറ്റി പ്രസിഡൻറ്, ജാമിയ സഅദിയ ഇസ്ലാമിയ്യയുടെ അമരക്കാരൻ എന്നീ നിലകളിൽ നേടിയെടുത്ത അംഗീകാരവും സ്വാധീനവുമാണ് തന്റെ സുവർണ സ്വപനങ്ങൾ പൂവണിയിക്കാൻ ലീഗ് ജില്ലാ പ്രസിഡൻറ് കൂടിയായ ഖമറുദ്ദീന്റെ സൃഗാലബുദ്ധി ഉപയോഗപ്പെടുത്തിയത്.
ഗൾഫിൽനിന്നും ഇവിടെയുള്ള ഗൾഫ് കുടുംബങ്ങളിൽനിന്നുള്ള കോടികളുടെ ഒഴുക്കാണ് 2007ൽ ചെറുവത്തൂറിൽ ഫാഷൻ മഹൽ ഗോൾഡ് തുടങ്ങാൻ നിദാനമാകുന്നത്. താമസിയാതെ പയ്യന്നൂരിൽ ഫാഷൻ ഗോൾഡ് ഇൻറർനാഷനൽ ആരംഭിക്കുന്നു. പെട്ടെന്നുള്ള വളർച്ചയിൽ ആഹ്ലാദം പൂണ്ട ഖമറുദ്ദീൻ കാസർക്കോട്ട് മൂന്നാമത്തെ ജ്വല്ലറി തുറന്നപ്പോൾ ‘ഖമർ ഫാഷൻ ഗോൾഡ്’ എന്ന് നെയിംബോർഡ് വെച്ചു.
സുവർണക്കടകളുടെ ദൈനംദിന കൈകാര്യകർത്തൃത്വം പൂക്കോയതങ്ങൾക്കും മക്കൾക്കും വിട്ടുകൊടുത്തു. അതിനിടയിൽ ചെറുവത്തൂരിലെയും പരിസരത്തെയും ഏഴെട്ട് മഹല്ലുകളുടെ സമ്പാദ്യം കൂടി ജ്വല്ലറിയുടെ ‘ബൈത്തുൽമാലിലേക്ക്’ മുതൽക്കുട്ടാക്കി. ഈ വക എല്ലാ അവിഹിത ഇടപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും കൃപാശിസ്സുകളോടെയുമായിരുന്നു. പല ഉന്നത നേതാക്കൾക്കും സ്വർണക്കച്ചവടത്തിൽ പങ്കാളിത്തമുണ്ടായിരുന്നു.
ആത്മീയനേതാക്കൾ ഉത്തരമലബാർ സന്ദർശിച്ചപ്പോഴെല്ലാം ജ്വല്ലറികൾ പാദസ്പർശം കൊണ്ട് അനുഗ്രഹിച്ചു. കൈനിറയെ ഗുരുദക്ഷിണ സ്വീകരിച്ചു. പാർട്ടി ജില്ലാ ഘടകം പ്രതിമാസം അരലക്ഷം രൂപവരെ ഈടാക്കി. ഇടയ്ക്കിടെ വൻ കിട പാർട്ടികൾ നടത്തി. ഇപ്പോൾ പറഞ്ഞുകേൾക്കുന്ന കഥകൾ ശരിയാണെങ്കിൽ സ്വർണക്കച്ചവടം പൊളിയാൻ മുഖ്യകാരണം കുഞ്ചികസ്ഥാനങ്ങളിലിരിക്കുന്നവരുടെ വഴിവിട്ട ജീവിത ശൈലിയാണ്. മൊല്ലാക്ക നിന്ന് പാത്താൻ തുടങ്ങിയപ്പോൾ ‘മുരീദന്മാർ’( ശിഷ്യന്മാർ) നടന്നുപാത്തി എന്ന് പറഞ്ഞത് പോലെ മാനേജ്മെൻറ് ധൂർത്തിലും സുഖലോലുപതയിലും ആപതിച്ചപ്പോൾ, എല്ലാം അടുത്തറിഞ്ഞ ജീവനക്കാർ ബ്ലാക്മെയിൽ നടത്തി കിലോ കണക്കിന് സ്വർണം വാരിക്കൊണ്ടുപോയത്രെ. മുങ്ങുന്ന കപ്പലിൽനിന്ന് തടി സലാമത്താക്കിയ ചെയർമാനും പാർട്ട്ണർമാരും രായ്ക്കുരാമാനം ബാക്കിയുള്ളസ്വർണം കടത്തിക്കൊണ്ടുപോയി വിറ്റ് ആ പണം കൊണ്ട് സ്വത്തുവാങ്ങി ബിനാമി പേരുകളിലാക്കി.
പാർട്ടി നേതൃത്വത്തിലുള്ള വിശ്വാസക്കമ്മി കൂടിക്കൂടി വന്നപ്പോൾ ഞങ്ങളോട് ചോദിക്കാൻ ആരുണ്ട് എന്ന മനോഗതി വളർന്നതാണ് ‘സാമൂഹിക-സാംസ്കാരിക’ ദൗത്യം ബിസിനസിലേക്കും തനിതട്ടിപ്പിലേക്കും വഴിമാറാൻ കാരണമായത്. സംശുദ്ധ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞതിന് ഇബ്രാഹീം സുലൈമാൻ സേട്ടിനെയും ഡോ. കെ.ടി ജലീലിനെയും പോലുള്ളവരെ പടിക്ക് പുറത്താക്കി പിണ്ഠം വെക്കാൻ സംസ്ഥാന കമ്മിറ്റിയുടെ കടിഞ്ഞാൺ പിടിക്കുന്ന ഒരുപജാപ സംഘത്തിന് സാധിച്ചപ്പോൾ ‘സമുദായസേവന’ത്തിന് അർഥഭേദം സംഭവിച്ചു.
പാർട്ടിയുടെ പേരിൽ ആർക്കും അഴിമതി നടത്താമെന്ന് വന്നതോടെ, പഞ്ചായത്ത് അംഗം മുതൽ മന്ത്രിമാർ വരെ പാടത്തിറങ്ങി കൊയ്ത്ത് തുടങ്ങി. സ്വന്തം മണ്ഡലത്തിലെ സ്കൂളിന് ഹയർസെക്കണ്ടറി അനുവദിച്ചു കിട്ടാൻ ലീഗ് പ്രാദേശികഘടകത്തിന് പാർട്ടി ഓഫിസ് പണിയാനെന്ന പേരിൽ 25ലക്ഷം കൈക്കൂലി വാങ്ങി കീശയിലിട്ട ഷാജിയോട് പണത്തിന്റെ കാര്യം ചോദിച്ചപ്പോൾ, ഞാൻ സംസ്ഥാന കമ്മിറ്റിയോട് കണക്ക് പറഞ്ഞോളാം, നിങ്ങൾ കിട്ടുംപോലെ വാങ്ങിക്കോ എന്ന് ഭീഷണി മുഴക്കിയത്, സംസ്ഥാന കമ്മിറ്റിക്ക് തന്നോട് ചോദിക്കാൻ ത്രാണിയില്ല എന്ന ഉത്തമബോധ്യത്തിലാണ്.
ചോദിച്ചുപോയാൽ, പല കണക്കും തനിക്ക് പുറത്തുവിടാനുണ്ടെന്നും നേതൃത്വം തന്റെ മുന്നിൽ പഞ്ചപുച്ചമടക്കി നിൽക്കുമെന്നും ഈ വയനാട്ടുകാരന് അറിയാം. കാലിക്കീശയുമായി ചുരമിറങ്ങിയ ഈ യൂത്ത് ലീഗുകാരൻ 5,600 ചതു. അടി വിസ്തീർണമുള്ള ‘കൊച്ചുവീട്’ പണിതപ്പോൾ നേതൃത്വം ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതിരുന്നത് കോടികൾ മുടക്കി പാണക്കാട്ട് പണിയുന്ന പർണശാലകൾക്ക് നേരെ വിരൽ ചൂണ്ടുമോ എന്ന ഭയം മൂലമാണ്.
ഒന്നുമല്ലാതിരുന്ന ഇബ്രാഹീം കുഞ്ഞിനെ ഇക്കാണുന്ന അഴിമതിക്കാരനും സമ്പന്നനുമാക്കിയത് ‘ലീഡറുടെ’ കരലാളനകളാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്? ഷാജി ഹുങ്കും ധിക്കാരവും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പാണക്കാട് തങ്ങന്മാരെയും കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കളെയും വരുതിയിൽ നിർത്തിയതെങ്കിൽ , ഇബ്രാഹീം കുഞ്ഞ് ദാസ്യമനോഭാവത്തോടെ ചെരിപ്പ് താങ്ങിയും തല കുനിച്ചുമാണ് അഴിമതി സാമാജ്യം നിലനിറുത്തിയത്.
കൈക്കൂലിപ്പണം വെളുപ്പിക്കാൻ പാർട്ടി ജിഹ്വയുടെ അക്കൗണ്ട് ഉപയോഗപ്പെടുത്തുമ്പോൾ ഓർത്തില്ല, വിശുദ്ധ ഖുർആനിൽ താക്കീത് നൽകിയത് പോലെ, എ.കെ കുഞ്ഞിമായൻ ഹാജിയുടെയും സി.കെ.പി മമ്മുക്കേയിയുടെയും സത്താർ സേട്ടുവിന്റെയും നല്ല പണം കൊണ്ട് തുടങ്ങിവെച്ച ‘ചന്ദ്രിക’യിൽ ചൊരിയുന്ന കള്ളപ്പണം ഒരുനാൾ പാമ്പായി വന്ന് കഴുത്ത് ഞെരിച്ചുകൊല്ലുമെന്ന്.
മുസ്ലിം ലീഗ് നേതാക്കളെ കുറിച്ച് എന്താരോപണവും നിങ്ങളുന്നയിച്ചോളൂ; പക്ഷേ അഴിമതിക്കാർ എന്ന് വിളിക്കാൻ ഖിയാമം നാൾ വരെ അവസരം തരില്ല എന്ന സി.എച്ചിന്റെ വടകര പ്രസംഗം നിരർഥകമാക്കിയതിൽ അദ്ദേഹത്തിന്റെ പുത്രൻ കൂടിയുണ്ട് എന്നറിയുമ്പോളാണ് ചരിത്രവിദ്യാർഥികൾ കാലത്തിന്റെ കുസൃതി കണ്ട് ഞെട്ടിത്തെറിച്ചുപോകുന്നത്.!
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..