സനാ> യമനിൽ സൗദി അറേബ്യൻ പിന്തുണയുള്ള ഒളിവുസർക്കാരും യുഎഇ പിന്തുണയുള്ള തെക്കൻ വിഘടനവാദികളും തമ്മിലുണ്ടായ സംഘർഷത്തിൽ അമ്പതോളം പേർ കൊല്ലപ്പെട്ടു. തൊണ്ണൂറിലധികം പേർക്ക് പരിക്കേറ്റു.
തലസ്ഥാനമായ സനായും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശവും 2014ൽ ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലായശേഷം ഔദ്യോഗിക സർക്കാർ ഒളിവിലെന്നപോലെയാണ് പ്രവർത്തിക്കുന്നത്. ഹൂതികളെ എതിർക്കാൻ ഒന്നിച്ചുള്ള വിഭാഗങ്ങൾ തമ്മിലാണ് ഒരു വർഷത്തെ ഇടവേളയ്‌ക്കുശേഷം സംഘർഷം പുനരാരംഭിച്ചത്.
അബ്യാൻ പ്രവിശ്യാ തലസ്ഥാനമായ സിൻജിബാറിൽ കഴിഞ്ഞദിവസം ആരംഭിച്ച സംഘർഷം കഴിഞ്ഞവർഷം സൗദി മധ്യസ്ഥതയിൽ ഇരുവിഭാഗവും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറിനെ പ്രഹസനമാക്കി.
കഴിഞ്ഞവർഷം ആഗസ്‌തിലാണ് സൗദി പിന്തുണയുള്ള ഒളിവുസർക്കാരിന്റെ സേനയും തെക്കൻ പരിവർത്തന സഭയുടെ പോരാളികളും തമ്മിൽ ആദ്യം ഏറ്റുമുട്ടൽ ആരംഭിച്ചത്. 1967 മുതൽ 90 വരെ നിലവിലുണ്ടായിരുന്ന സ്വതന്ത്ര തെക്കൻ യമൻ പുനഃസ്ഥാപിക്കണമെന്നാണ് പരിവർത്തന സഭയുടെ താൽപ്പര്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..