കൊച്ചി > ഫോൺകെണിക്കേസിൽ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതിവിധി ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ച ഹർജിക്കാരി മഹാലക്ഷ്മിയുടെ വിശദാംശങ്ങൾ കോടതി ആരാഞ്ഞു. ഹർജിക്കാരിക്ക് കേസിൽ പൊതുതാൽപ്പര്യമില്ലെന്ന് സർക്കാർ ബോധിപ്പിച്ചു. ഹർജിക്കാരിയുടെ തിരുവനന്തപുരം മേൽവിലാസം വ്യാജമാണെന്നും വിശദീകരിച്ചു. മന്ത്രിയെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. മുൻഗണനാക്രമം ലംഘിച്ചാണ് മന്ത്രിക്കെതിരായ കേസ് സിജെഎം കോടതി പരിഗണിച്ചതെന്നും ഹർജിഭാഗം ആരോപിച്ചു. കേസിൽ പ്രതിയായ മംഗളം ചാനൽ റിപ്പോർട്ടർ എസ് വി പ്രദീപ്കുമാർ, അഡ്വ. ലിജു ജോസഫ് എന്നിവർ കക്ഷിചേരാൻ അനുമതി തേടി. സർക്കാർ നിലപാട് രേഖാമൂലം ബോധിപ്പിക്കാൻ ജസ്റ്റിസ് സുനിൽ തോമസ് നിർദേശിച്ചു.