കണ്ണൂർ > മതത്തെക്കുറിച്ച് മാർക്‌സിന്റെ വീക്ഷണങ്ങൾ തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു. ജർമനിയിൽ ചില മതവിഭാഗങ്ങളെ നിരോധിച്ചതിനെക്കുറിച്ച് മാർക്‌സിന്റെ പ്രതികരണത്തിന് വലിയ സമകാലിക പ്രസക്തിയുണ്ട്. എന്തിനെയും നിരോധിക്കുന്നത് അസംബന്ധമാണ് എന്നാണ് മാർക്‌സ് രേഖപ്പെടുത്തിയത്. സ്വാഭാവിക ചരമമടയുമായിരുന്ന ഒന്നിന് ആയുസ്സ് നീട്ടിക്കൊടുക്കുക എന്നതാണ് നിരോധനങ്ങളിലൂടെ സംഭവിക്കുന്നത്. അതിനാൽ, മതത്തെ നിരോധിക്കുന്നത് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുകയെന്നും ബേബി പറഞ്ഞു.
കണ്ണൂർ സർവകലാശാലയും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് കാറൽ മാർക്‌സിന്റെ ഇരുന്നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്‌സ് പറഞ്ഞ കാലഘട്ടത്തെയും സാഹചര്യത്തെയും വിലയിരുത്തണം.
മതവിശ്വാസത്തെ അടിച്ചേൽപിക്കാൻ കഴിയില്ലെന്ന നിരീക്ഷണമാണ് മാർക്‌സ് പങ്കുവച്ചത്. മുതലാളിത്തത്തിന്റെ രീതിശാസ്ത്രങ്ങളെക്കുറിച്ച് മാർക്‌സിന്റെ നിരീക്ഷണങ്ങൾ എക്കാലത്തും പ്രസക്തമാണ്. പരിസ്ഥിതി ശാസ്ത്രം എന്നത് വികസിച്ചിട്ടില്ലാത്ത കാലത്ത് മാർക്‌സ് ഉയർത്തിയ പരിസ്ഥിതി ദർശനം സവിശേഷമാണ്. എല്ലായിടത്തും മുതലാളിത്തത്തിന്റെ വളർച്ച പരിസ്ഥിതിയെ കൊള്ളയടിച്ചാണെന്ന് 150 വർഷം മുമ്പ് തയ്യാറാക്കപ്പെട്ട മൂലധനത്തിൽ മാർക്‌സ് രേഖപ്പെടുത്തിയിട്ടുണ്ട്. അസാമാന്യമായ ദീർഘവീക്ഷണവും ശാസ്ത്രീയ അവബോധവും പ്രകടിപ്പിക്കുന്നതാണ് ഇത്. എല്ലാ സമ്പത്തിന്റെയും മൂലസ്രോതസായ മണ്ണിനെയും തൊഴിലാളികളെയും ഊറ്റിക്കുടിച്ചാണ് മുതലാളിത്തം വളരുന്നതെന്നാണ് മാർക്‌സ് പറയുന്നത്.
തൊഴിലാളി വർഗവിപ്ലവത്തിലൂടെ തൊഴിലാളിയുടെ മോചനം മാത്രമല്ല മുതലാളിമാരുടെ മോചനംകൂടി വിഭാവനം ചെയ്യുന്നിടത്താണ് മൂലധനം ഏറ്റവും സവിശേഷമാവുന്നതെന്നും ബേബി പറഞ്ഞു.