തിരുവനന്തപുരം > പഞ്ചാബ് നാഷണൽ ബാങ്കിൽ കഴിഞ്ഞദിവസമുണ്ടായ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത് കഴിഞ്ഞ എട്ടുവർഷത്തെ ലാഭത്തിനോടടുത്ത തുക. 11,500കോടി രൂപയാണ് വിദേശ പന്തയക്കാരനായ നീരവ് മോഡി തട്ടിയെടുത്തത്. 1324 കോടിരൂപയായിരുന്നു കഴിഞ്ഞ എട്ടുവർഷത്തെ ലാഭത്തുക. ബാങ്കിന്റെ ഉന്നതർ അറിഞ്ഞുള്ള തട്ടിപ്പ് ബാങ്കിങ് രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. പിഎൻബി പോലുള്ള വലിയ ബാങ്കുകൾപോലും തട്ടിപ്പുകാരുടെ കെണിയിൽ വീണതോടെ ചെറുകിട ബാങ്കുകൾ ആശങ്കയിലാണ്. നേരത്തെ ധനലക്ഷ്മി ബാങ്കിലുണ്ടായ വായ്പ തട്ടിപ്പ് ആ ബാങ്കിന്റെ സാമ്പത്തിക സുരക്ഷയ്ക്കുതന്നെ ഭീഷണിയായിരുന്നു. നവ ഉദാരവൽക്കരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ബാങ്കുകളുടെ ആന്തരിക ഘടനയിൽവന്ന മാറ്റമാണ് തട്ടിപ്പുകാർക്ക് സഹായകരമാകുന്നത്. ബാങ്കുകളുടെ പ്രവർത്തനങ്ങളിലെ സുതാര്യത ഇല്ലാതായതും തട്ടിപ്പുകാർക്ക് സഹായകരമാകുന്നു.
ബാങ്കുകളുടെ വായ്പ തട്ടിപ്പുകളെല്ലാം ഉന്നത ഉദ്യോഗസ്ഥർ പങ്കാളികളാണെന്നത് സംഭവങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഒരു ശാഖയിൽനിന്നാണ് 11,500കോടി രൂപ തട്ടിയെടുത്തതെങ്കിലും ഇത്രയും തുക വായ്പയായി അനുവദിക്കാൻ ബ്രാഞ്ച് മാനേജർമാർക്ക് അധികാരമില്ല. ബാങ്കുകളുടെ ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവില്ലാതെ നിക്ഷേപ രസീതിന്റെ ഈടിൽ ഇത്രയും തുക വായ്പ നൽകാനാകില്ല. നേരത്തെ ധനലക്ഷ്മി ബാങ്കിലും പിന്നീട് ഇന്ത്യൻ ഓവർസീസ് ബാങ്കിലും നടന്ന തട്ടിപ്പുകളിലും ഉന്നത ഉദ്യോഗസ്ഥർ പങ്കാളികളായിരുന്നു. ജനങ്ങൾ നിക്ഷേപിക്കുന്ന പണം വൻകിട വ്യവസായികളുടെ ചൂതാട്ടത്തിന് ചോർത്തിക്കൊടുക്കുന്നതിന്റെ ഭാഗമാണ് വായ്പ തട്ടിപ്പുകൾ.
ബാങ്കുകളുടെ ലയനം പൂർത്തിയാകുന്നതോടെ കേന്ദ്രീകരിക്കുന്ന സമ്പത്ത് ഇത്തരം തട്ടിപ്പുകാർക്ക് കൂടുതൽ ഗുണകരമാകും. കേരളം ആസ്ഥാനമായുണ്ടായിരുന്ന ഏക പൊതുമേഖലാ ബാങ്കായിരുന്ന എസ്ബിടി കഴിഞ്ഞവർഷമാണ് എസ്ബിഐയിൽ ലയിച്ചത്. അതിനുശേഷം പുറത്തുവന്ന കണക്കുകളനുസരിച്ച് 2400 കോടിയോളം രൂപയാണ് എസ്ബിഐയുടെ നഷ്ടം. പ്രവർത്തന ലാഭമുണ്ടായിരുന്നിട്ടും ഇത്രയും നഷ്ടം രേഖപ്പെടുത്തിയത് കിട്ടാക്കടങ്ങളുടെ ഭാരം മൂലമാണ്. കേരളം ആസ്ഥാനമായ നാല് സ്വകാര്യ ബാങ്കുകൾ പുതുതലമുറ ബാങ്കുകളിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. ഇത് പൂർത്തിയായാൽ നിലവിലെ ഉടമകൾക്ക് നിയന്ത്രണം നഷ്ടപ്പെടും. ഇതോടെ വായ്പ തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക അരാജകത്വത്തിന് സാധ്യത കൂടുതലാണെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്.
ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക് എന്നിവയാണ് കേരളത്തിലെ പ്രധാന സ്വകാര്യ വാണിജ്യബാങ്കുകൾ. പുതുതലമുറ സ്വകാര്യ ബാങ്കുകളായ എച്ച്്ഡിഎഫ്‌സി, ഐസിഐസിഐ, കൊടക് മഹീന്ദ്ര എന്നിവയാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള സ്വകാര്യബാങ്കുകളെ വിഴുങ്ങാൻ തയ്യാറെടുത്തു നിൽക്കുന്നത്. രാജ്യത്തെ ശേഷിക്കുന്ന പൊതുമേഖലാ ബാങ്കുകളും ലയനത്തിന്റെ പാതയിലാണ്. രാജ്യത്ത് അഞ്ച് വൻകിട ബാങ്കുകൾ മതിയെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ലയനം. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ മുഖ്യ ബാങ്കുകളായി നിലനിർത്തി ഇതര ബാങ്കുകളെ ഇവയിലേതെങ്കിലുമൊന്നിൽ ലയിപ്പിക്കാനാണ് പദ്ധതി.
പിഎൻബി തട്ടിപ്പ് ജനവിരുദ്ധ പരിഷ്‌കാരങ്ങളുടെ ഉൽപ്പന്നം: ബെഫി
കൊച്ചി > പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന ക്രമക്കേടിന് കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും ഒരുപോലെ ഉത്തരവാദികളാണെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറഷേൻ ഓഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റി. ജനവിരുദ്ധ ബാങ്കിങ് പരിഷ്‌കാരങ്ങളുടെ ഉൽപ്പന്നമാണ് പിഎൻബി തട്ടിപ്പെന്നും ബെഫി ചൂണ്ടിക്കാട്ടി.
ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ബാങ്കുകളിൽ നൽകിയ കോടികളുടെ വായ്പകൾ പരിശോധിക്കണം. യഥാർഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം. പിഎൻബി തട്ടിപ്പിൽ താഴെത്തട്ടിലെ ചില ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് ഭരണാധികാരികളുടെ നീക്കം. വൻകിട കുത്തകകളെ വഴിവിട്ടു സഹായിക്കുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന നഷ്ടം സാധാരണക്കാരായ നിക്ഷേപകരുടെ ചുമലിലാക്കുന്നതിനാണ് കേന്ദ്രസർക്കാർ തിടുക്കത്തിൽ എഫ്ആർഡിഐ ബിൽ പാസാക്കിയെടുക്കാൻ ശ്രമിക്കുന്നത്. ചങ്ങാത്തമുതലാളിത്തത്തിന്റെ ദുരന്തഫലങ്ങളാണ് ഇന്ന് ഇന്ത്യൻ ബാങ്കിങ്‌മേഖല അനുഭവിക്കുന്നത്.
പതിനാറു ലോകനഗരങ്ങളിൽ ശാഖകളുള്ള നീരവ് ഡയമണ്ട് ജ്വല്ലറിയുടെ ഉടമസ്ഥനും ലോകത്തെ അതിസമ്പന്നരിൽ ഒരാളുമായ നീരവ് മോഡിക്കു നൽകിയ ബയേഴ്‌സ് ക്രെഡിറ്റ് എന്ന ബാങ്ക് ഗ്യാരന്റിയിലൂടെയാണ് 11,346 കോടിയുടെ തട്ടിപ്പു നടത്തിയത്. 110 ശതമാനം സെക്യൂരിറ്റി നൽകിയെങ്കിൽ മാത്രമേ ബാങ്കുകൾ ഇത്തരം ഗ്യാരന്റി സർട്ടിഫിക്കറ്റുകൾ നൽകുകയുള്ളൂ. എന്നാൽ, 2011 മുതൽ നീരവിന്റെ സ്ഥാപനത്തിന് ഒരു ഈടും വാങ്ങാതെയാണ് ഗ്യാരന്റി നൽകിയത്. കോടികൾ വിലമതിക്കുന്ന ഇടപാടുകൾ ആറുവർഷത്തോളം ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നത് വിശ്വസിക്കാനാകില്ല. വലിയ ഇടപാടുകൾ നിശ്ചിത കാലയളവിൽ ബാങ്കുകൾക്ക് പുറത്തുനിന്നും അകത്തുനിന്നുമുള്ള ഉദ്യോഗസ്ഥർ പരിശോധിക്കണം. ജനുവരി അവസാനമാണ് ബാങ്ക് ഇതിനെതിരെ പരാതി സമർപ്പിച്ചത്. എന്നാൽ, അതിനുമുമ്പേ നീരവ് മോഡി രാജ്യംവിട്ടുപോയെന്നാണ് റിപ്പോർട്ട്. ജനുവരി 24ന് സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെകൂടെ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
വൻകിട കുത്തകകൾ എടുത്ത കിട്ടാക്കടംമൂലം ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. 1991ൽ ആരംഭിച്ച സാമ്രാജ്യത്വ ആഗോളവൽക്കരണനയങ്ങളെ തുടർന്നാണ് വൻകിടക്കാർക്ക് വഴിവിട്ട വായ്പകൾ കാര്യമായ നിബന്ധനകളില്ലാതെ നൽകാൻ ബാങ്കുകൾ നിർബന്ധിതരായത്.
ബാങ്കിങ് സംവിധാനത്തിന്റെ തകർച്ചയ്ക്കുതന്നെ വഴിയൊരുക്കുന്നതാണ് പിഎൻബി തട്ടിപ്പ്. പാർലമെന്റിൽ ഇക്കാര്യം ചർച്ചചെയ്യണം. കോടികളുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ജനവിരുദ്ധ സാമ്പത്തികനയങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എസ് അനിൽ, പ്രസിഡന്റ് ടി നരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.