ന്യൂഡൽഹി > കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ വീണ്ടും ഹാജരായി. ജനുവരി 18ന് കാർത്തിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തിരുന്നു. ഫെബ്രുവരി രണ്ടിന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതിയിൽ ഇടക്കാല അപേക്ഷ സമർപ്പിച്ചെന്നുപറഞ്ഞ് കാർത്തി ഒഴിഞ്ഞുമാറിയിരുന്നു.
വ്യാഴാഴ്ച നിർബന്ധമായും ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. തന്നെ തുടർച്ചയായി വിളിപ്പിക്കുന്നതിലുള്ള പ്രതിഷേധം കാർത്തി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് മാസത്തിലാണ് കേസെടുത്തത്. കാർത്തിക്ക് പുറമെ ഐഎൻഎക്സ് മീഡിയയും അതിന്റെ പ്രൊമോട്ടർമാരായ പീറ്റർ മുഖർജിയും ഇന്ദ്രാണി മുഖർജിയും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐഎൻഎക്സ് മീഡിയയിൽനിന്ന് നിയമവിരുദ്ധമായി പണം സ്വീകരിച്ചെന്ന ആക്ഷേപമാണ് കാർത്തിക്കെതിരെയുള്ളത്.