ജയ്പുർ > തുറസ്സായ സ്ഥലത്ത് മൂത്രമൊഴിച്ച രാജസ്ഥാനിലെ ബിജെപി സർക്കാരിലെ ആരോഗ്യമന്ത്രി കലിചരൺ സരഫ് വിവാദത്തിൽ. മന്ത്രി തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായതോടെ നിരവധിപേർ വിമർശിച്ചു. മന്ത്രിക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.ജവഹർ നഗറിലെ ജലാന ബൈപാസിൽ റോഡരികിലുള്ള മതിലിൽ കലിചരൺ സരഫ് മൂത്രമൊഴിക്കുന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്.
ചിത്രത്തിൽ മന്ത്രിയുടെ കാറും കാണാം. രാജസ്ഥാൻ സർക്കാർ വെളിയിട വിസർജ്യമുക്തം പദ്ധതി നടപ്പാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രവൃത്തി. പദ്ധതിയുടെ ഭാഗമായി 200 രൂപയാണ് റോഡരികിൽ മൂത്രമൊഴിച്ചാൽ പിഴ ഈടാക്കാൻ ജയ്പുർ നഗരസഭ തീരുമാനിച്ചത്. മന്ത്രിയിൽനിന്ന് നഗരസഭ പിഴ ഈടാക്കുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.