
ബംഗളൂരു > നിർമാണത്തിലിരിക്കുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് മൂന്നുപേർ മരിച്ചു. തൊഴിലാളികളടക്കം നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനകം ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. മരിച്ച മൂവരും നിർമാണ തൊഴിലാളികളാണ്.മലയാളിയായ കുഞ്ഞിഅമഹദിന്റെ ഉടമസ്ഥതയിലുള്ള സർജാപുർ റോഡിലെ കസവനഹള്ളിയിലെ ബഹുനില കെട്ടിടമാണ് തകർന്നുവീണത്.
വ്യാഴാഴ്ച പകൽ മൂന്നരയോടെ അഞ്ചാംനിലയിലെ നിർമാണപ്രവൃത്തികൾ നടന്നുകൊണ്ടിരിക്കെ കെട്ടിടം പൊടുന്നനെ തകർന്നുവീഴുകയായിരുന്നു. വൻശബ്ദം കേട്ട് നാട്ടുകാരും പരിസരവാസികളും ഓടിക്കൂടിയെങ്കിലും തൊഴിലാളികൾ അടക്കമുള്ളവർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയി. രണ്ട് തൊഴിലാളികൾ തൽക്ഷണം മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒമ്പതുപേരെ ഫയർഫോഴ്സും ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേർ പിന്നീട് മരിച്ചു. മരിച്ചവർ ജാർഖണ്ഡ്, കൽബുർഗി, റായ്ച്ചൂർ സ്വദേശികളാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
ആറുവർഷം മുമ്പ് നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ പണി പാതിവഴിയിൽ നിർത്തിയിരുന്നു. ആറുമാസം മുമ്പാണ് വീണ്ടും നിർമാണം ആരംഭിച്ചത്. മൂന്നുനില നിർമിക്കാനുള്ള അനുമതി മാത്രമേ കോർപറേഷൻ നൽകിയിരുന്നുവെന്ന് മേയർ അറിയിച്ചു.എച്ച്എസ്ആർ ലേഔട്ടിൽ താമസിക്കുന്ന മലയാളിയായ കുഞ്ഞിഅഹമദിന്റെയും മരുമകൻ ലെ റഫീഖിന്റെയും ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട കെട്ടിടമെന്ന് വൈറ്റ്ഫീൽഡ് ഡിവിഷൻ പൊലീസ് ഡെപ്യൂട്ടി കമീഷണർ അബ്ദുൽഅഹദ് പറഞ്ഞു.
പേയിങ് ഗസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കാനെന്ന പേരിലാണ് കെട്ടിടനിർമാണം ആരംഭിച്ചതെങ്കിലും പിന്നീട് വാണിജ്യാവശ്യത്തിനായി വിപുലപ്പെടുത്തുകയായിരുന്നു. കെട്ടിട ഉടമയ്ക്കും കരാറുകാരനുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.