ഒടുവില്‍ ദുബായിലെ കേസ് ഒത്തുതീര്‍ന്നു, ബിനോയ് കോടിയേരി കേരളത്തിലേക്ക്, മലക്കം മറിഞ്ഞ് മര്‍സൂഖിയും

ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ ദുബായ് പണം ഇടപാടു കേസ് ഒത്തുതീര്‍ന്നു. പരാതിക്കാരനായ യുഎഇ പൗരന്‍ എല്ലാ കേസുകളും പിന്‍വലിച്ചു. ഇതോടെ യാത്രാ വിലക്ക് നീങ്ങിയതോടെ ബിനോയ് കോടിയേരി കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.

എല്ലാം ചില തെറ്റിദ്ധാരണകളുടെ പുറത്തുണ്ടായതാണെന്നും കൂടിക്കാഴ്ചകളിലൂടെ ഇത് മാറ്റാന്‍ കഴിഞ്ഞെന്നും ബിനോയ് കോടിയേരി പറഞ്ഞു. പണമൊന്നും കൊടുക്കാതെ തന്നെയാണ് ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ സ്‌പോണ്‍സര്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി കേസുകള്‍ പിന്‍വലിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിനോയിക്ക് എതിരേ നല്‍കിയ കേസുകള്‍ പിന്‍വലിച്ചതായി മര്‍സൂഖിയും അറിയിച്ചു. ബിനോയിയുടെ പേരില്‍ കേരളത്തിലെ മാധ്യമങ്ങള്‍ കള്ളപ്രചാരണമാണ് നടത്തിയതെന്ന് ദുബായില്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിക്കുകയും ചെയ്തു. ചെക്ക് കേസുകള്‍ യു.എ.ഇ.യില്‍ സാധാരണസംഭവമാണെന്നും മര്‍സൂഖി പറഞ്ഞു.

എന്നാല്‍, യു.എ.ഇ.യിലുള്ള രണ്ട് പ്രവാസി വ്യവസായികളുടെ മധ്യസ്ഥതയിലാണ് പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍ത്തതെന്നാണ് സൂചന. കൊടുക്കാനുള്ളത് പണമായി തന്നെ നല്‍കാമെന്നാണ് ധാരണ. ഇക്കാര്യത്തിലാണ് മധ്യസ്ഥരുടെ ഉറപ്പ്. അതിനുള്ള പണം അവര്‍തന്നെ നല്‍കും. അധികം വൈകാതെ ബിനോയി പണം മടക്കിനല്‍കും. പണം നല്‍കിയാലും പിന്നെയും കേസുമായി മര്‍സൂഖി വരുമോ എന്ന സംശയത്തെത്തുടര്‍ന്നാണ് മധ്യസ്ഥരുടെ ഇടപെടല്‍ ഉണ്ടായതെന്നാണ് സൂചന.