Top
16
Friday, February 2018
About UsE-Paper

ബിജെപി നയങ്ങളെ എതിർക്കാൻ ഒന്നിച്ച് അണിനിരക്കണം: എസ് ആർ പി

Friday Feb 16, 2018
വെബ് ഡെസ്‌ക്‌



കൊച്ചി > ബിജെപി സർക്കാർ തുടരുന്ന നയങ്ങളെ എതിർക്കാൻ തയ്യാറായ എല്ലാ ശക്തികളും ഒന്നിച്ചണിനിരക്കണമെന്നാണ് സിപിഐ എമ്മിന്റെ അഭിപ്രായമെന്നും അതിനാണ് പാർടി പ്രവർത്തിക്കുന്നതെന്നും പാർടി പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. സിപിഐ എം പാർടി കോൺഗ്രസിനോടനുബന്ധിച്ച് എറണാകുളം ജില്ലാ കമ്മിറ്റി നിർമിച്ച ആദ്യവീട് കൈമാറുന്നതിന്റെ ഉദ്ഘാടനം തൃക്കാക്കര ചിറ്റേത്തുകരയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് പാർടിയുടെ പ്രധാന ചുമതല. ബിജെപിയെ പാർടി എതിർക്കുന്നത് അതിന്റെ പേരുകൊണ്ടല്ല. ആ പാർടി തുടരുന്ന നയങ്ങൾകൊണ്ടാണ്. ഉദാരവൽക്കരണ സാമ്പത്തിക നയമാണ് ആ പാർടി പിന്തുടരുന്നത്. ഈ നയം ധനികരുടെ താൽപ്പര്യം മാത്രമാണ് സംരക്ഷിക്കുന്നത്.കടുത്ത ഭൂരിപക്ഷ വർഗീയതയുടെ മേധാവിത്വമാണ് അവർ അടിച്ചേൽപ്പിക്കുന്നത്. സാമ്രാജ്യത്വ അനുകൂല വിദേശനയമാണ് ആ പാർടിയുടേത്. അമേരിക്കയ്ക്ക് ആരൊക്കെ കൂട്ടുണ്ടോ അവരൊക്കെയിന്ന് ഇന്ത്യയുടെയും കൂട്ടാണ്. അമേരിക്കയുെട ശത്രുക്കൾ ഇന്ത്യയുെടയും ശത്രുക്കൾ. ഇതാണ് ബിജെപി തുടരുന്ന വിദേശനയം. ബിജെപിയുടെ ഈ നയങ്ങളെ എതിർക്കാൻ കോൺഗ്രസിനു കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നിരന്തരം ആക്രമണം ഉണ്ടായപ്പോൾ അതിനെതിരെ രംഗത്തുവരാൻ കോൺഗ്രസ് ഉണ്ടായില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പിലടക്കം മതനിരപേക്ഷ നിലപാടിൽ ഊന്നിനിന്നുള്ള പ്രചാരണമായിരുന്നില്ല കോൺഗ്രസിന്റേത്. മൃദുഹിന്ദുത്വം അടിസ്ഥാനമാക്കിയാണ് രാഹുൽ ഗാന്ധി പ്രചാരണം നയിച്ചത്. പൂണൂലിട്ട ബ്രാഹ്മണനാണ് താനെന്നാണ് രാഹുൽ അവിടെ പറഞ്ഞത്. ബിജെപി നവഉദാരവൽക്കരണ നയം നടപ്പാക്കുേമ്പാൾ അതിന്റെ പിതൃത്വം അവകാശപ്പെടാനാണ് കോൺഗ്രസ് തയ്യാറാകുന്നത്. ഉറച്ച സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറുേണ്ടാ എന്നതാണ് മറ്റൊരു ചോദ്യം. അതുകൊണ്ടാണ് കോൺഗ്രസുമായി സഖ്യമോ ധാരണയോ  ഉണ്ടാക്കാനില്ല എന്ന് പാർടി പറയുന്നത്. താൽക്കാലികമായി സ്വീകരിക്കുന്ന നയങ്ങൾ പാർടിയുടെ ദീർഘകാലലക്ഷ്യം നേടാൻ പര്യാപ്തമായിരിക്കണം എന്നാണ് കഴിഞ്ഞ പാർടി കോൺഗ്രസ് വിലയിരുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

പാർടി കോൺഗ്രസിനോടനുബന്ധിച്ച് പാവങ്ങൾക്ക് വീടു നിർമിച്ചു നൽകാനുള്ള എറണാകുളം ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാനത്തിനും രാജ്യത്തിനും മാതൃകയാണ്. ഈ മാതൃക സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കണമെന്നാണ് പാർടി നിലപാട്. ഒരുവർഷത്തിനകം സംസ്ഥാനത്താകെ 2000 വീടുകൾ നിർമിച്ചുനൽകാനാണ് പാർടി ആലോചിക്കുന്നതെന്നും എസ് ആർ പി കൂട്ടിച്ചേർത്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ഭവനനിർമാണ കമ്മിറ്റി ചെയർമാനുമായ സി കെ പരീത് അധ്യക്ഷനായി.