Top
16
Friday, February 2018
About UsE-Paper

റയലിന്റെ മണ്ണിൽ പിഎസ് ജി പിടഞ്ഞു

Friday Feb 16, 2018
വെബ് ഡെസ്‌ക്‌
ചാമ്പ്യൻസ്‌ ലീഗിൽ റയലിനുവേണ്ടി 101 ഗോൾ തികച്ച റൊണാൾഡോയുടെ ആഹ്ലാദം

മാഡ്രിഡ് > സാന്റിയാഗോ ബെർണബ്യൂവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നെഞ്ചുവിരിച്ചുനിന്നു. മിന്നൽപോലൊരു പെനൽറ്റി കിക്ക്, കാൽമുട്ടുവച്ചൊരു പ്രയോഗം. പാരീസിലെ മൈതാനങ്ങളിൽ ഗോളടിച്ചുകൂട്ടി കുതിച്ചെത്തിയ പിഎസ്ജിപ്പട അതിനുമുന്നിൽ നമിച്ചു. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ത്രസിപ്പിക്കുന്ന ആദ്യ അധ്യായം റയലിന്റെ പേരിൽ. (3‐1).

റൊണാൾഡോയുടെ ഇരട്ടഗോളിനൊപ്പം മാഴ്സെലോയുടെ മികവുകൂടി ചേർന്നപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരീടമെന്ന റയലിന്റെ മോഹത്തിന് മുളപൊട്ടി. അഡ്രിയെൻ റാബിയോട്ടിലൂടെ ബെർണബ്യൂവിൽ പിഎസ്ജിയാണ് ലീഡ് എടുത്തത്. പക്ഷേ, രണ്ടാംപകുതിയിൽ കോച്ച് യുനായ് എമെറിയുടെ തന്ത്രപരമായ പിഴവുകൾ പിഎസ്ജിയുടെ അധ്വാനത്തിന്റെ വിലകളഞ്ഞു. അവസാനഘട്ടത്തിൽ പിഎസ്ജി രണ്ട് ഗോൾ വഴങ്ങി. രണ്ടാംപാദം മാർച്ച് ആറിന് പാരീസിൽ നടക്കും.

ഈ സീസണിൽ മങ്ങിയും കിതച്ചും നീങ്ങിയിരുന്ന റയലിനെ ആയിരുന്നില്ല ബെർണബ്യൂവിൽ പിഎസ്ജിക്കെതിരെ കണ്ടത്. വേഗം നഷ്ടപ്പെട്ടെന്ന് വിധിയെഴുതിയവർക്ക് മുന്നിൽ റൊണാൾഡോ നിറഞ്ഞാടി. ഒരു ക്ലബ്ബിന് വേണ്ടി 100 ചാമ്പ്യൻസ് ലീഗ് ഗോളുകൾ കുറിച്ചതിന്റെ റെക്കോഡും സ്വന്തമാക്കി. സ്പാനിഷ് ലീഗിൽ നിശബ്ദമായ കാലുകൾ ചാമ്പ്യൻസ് ലീഗിൽ ഗർജിച്ചു. മാഴ്സെലോയുടെയും ടോണി ക്രൂസിന്റെയും കാസെമിറോയുടെയും അതിശയകരമായ പ്രകടനങ്ങളും റയലിന്റെ ജയത്തിന് നിറംപകർന്നു.

റൊണാൾഡോയ്ക്ക്, തിരിച്ചടികളിൽ തളർന്നു തുടങ്ങിയ സിനദിൻ സിദാന്, ആത്മവിശ്വാസം നൽകുന്നതാണ് ഈ ജയം. സമ്മർദത്തിന്റെ ബാറ്റൺ സിദാനിൽനിന്ന് ഉമെറിയിലേക്ക് നീങ്ങി. ഇതുവരെ പ്രീ ക്വാർട്ടർ കടക്കാത്ത പിഎസ്ജിക്ക്, ഈ വമ്പൻതാരനിരകൊണ്ടും നിരാശപ്പെടേണ്ടിവന്നാൽ ഉമെറിയുടെ സ്ഥാനം പുറത്തായിരിക്കും.

പ്രതീക്ഷിച്ചതുപോലെ വീറും വാശിയുമുണ്ടായിരുന്നു റയൽ‐പിഎസ്ജി പോരിന്. നെയ്മർ നയിച്ച പിഎസ്ജി തുടക്കത്തിൽ എല്ലാംകൊണ്ടും റയലിനൊപ്പംനിന്നു. ആക്രമണ പ്രത്യാക്രമണങ്ങളിൽ ബെർണബ്യൂ ത്രസിച്ചു. നെയ്മറും കൈലിയൻ എംബാപ്പെയും റാബിയോട്ടും റയലിന്റെ പ്രതിരോധ മേഖലയിലേക്ക് ആദ്യനിമിഷങ്ങളിൽ ഇരമ്പിയാർത്തു. മറുവശത്ത്, മാഴ്സെലോയുടെ മിന്നൽക്കുതിപ്പുകൾ പിഎസ്ജി ഗോൾമേഖലയിലേക്ക് ക്രോസുകളായി പെയ്തിറങ്ങി.

അരമണിക്കൂർ കഴിയുമ്പോഴേക്കും റയലിന്റെ ഹൃദയം തകർത്ത് പിഎസ്ജി ഗോളടിച്ചു. വലതുഭാഗത്തുനിന്ന് നെയ്മറെ ലക്ഷ്യംവച്ച് എംബാപ്പെ ക്രോസ് തൊടുത്തു. നെയ്മറെ നാച്ചോ തടഞ്ഞു. പക്ഷേ, പന്ത് പിന്നിലേക്ക് തട്ടാനായി നെയ്മർക്ക്. റാബിയോട്ടിനെ റയൽ പ്രതിരോധം ശ്രദ്ധിച്ചില്ല. പന്ത് നിയന്ത്രിച്ച് തൊടുക്കാനുള്ള സമയവും സ്ഥലവും റാബിയോട്ടിനുണ്ടായിരുന്നു. പിഴവുപറ്റിയില്ല ഈ ഫ്രഞ്ചുകാരന്. അടുത്ത നിമിഷം നെയ്മർ എഡിൻസൺ കവാനിയെ ലക്ഷ്യംവച്ച് അതിസുന്ദരമായി ബോക്സിലേക്ക് പായിച്ച പന്ത് കാസെമിറോ സമർഥമായി തടഞ്ഞു. കളിയിലുടനീളം കവാനിയുടെ നിഴൽപോലെ കാസെമിറോ നിന്നു. അതോടെ പിഎസ്ജി ആക്രമണനിരയുടെ ഒരു ചിറകറ്റു.

ഗോൾ വീണതിൽ റയൽ പതറിയില്ല. ആക്രമണത്തിന്റെ മൂർച്ച കൂടുകയാണുണ്ടായത്. കരിം ബെൻസെമയുടെ അസ്ത്രവേഗത്തിലുള്ള അടി പിഎസ്ജി ഗോളി അൽഫോൺസ് അറിയോള നെടുങ്കൻ ചാട്ടത്തിലൂടെ തട്ടിയകറ്റി. ഏറെ സമയം പിടിച്ചുനിൽക്കാനായില്ല പിഎസ്ജിക്ക്. ക്രൂസിനെ ബോക്സിനുള്ളിൽ ലോ സെൽസോ വലിച്ചിട്ടതിന് റയലിന് അനുകൂലമായി പെനൽറ്റി. റൊണാൾഡോയുടെ മിന്നുന്ന അടി വല തുളച്ചു.

ഇടവേളയ്ക്കുശേഷം കളി പിഎസ്ജിയുടെ കാലിൽനിന്ന് വഴുതി. നെയ്മർ‐എംബാപ്പെ‐കവാനി സഖ്യത്തിന്റെ മുന്നേറ്റങ്ങളെ സെർജിയോ റാമോസും നാച്ചോയും തടഞ്ഞു. ഇതിനിടെ റാബിയോട്ടിന്റെ തകർപ്പനടി റാമോസ് നിർവീര്യമാക്കി. എംബാപ്പെയുടെ ഗോളെന്നുറച്ച ഷോട്ട് റയൽ ഗോളി കെയ്ലർ നവാസ് തട്ടിയകറ്റുകയും ചെയ്തു. ഡാനി ആൽവേസിന്റെ ക്രോസുകളായിരുന്നു ഈ സമയങ്ങളിൽ റയലിനെ ഭയപ്പെടുത്തിയിരുന്നത്. കളി മുറുകുന്നതിനിടെ കവാനിയെ പിൻവലിച്ച് മുയെനീറിനെ എമെറി ഇറക്കി. കവാനി മുന്നേറ്റത്തിൽ തെളിയുന്നതിനിടെയായിരുന്നു ഈ മാറ്റം. എമെറിയുടെ തന്ത്രം കളിയുടെ താളംതെറ്റിച്ചു. മറുവശത്ത് ബെൻസെമയ്ക്ക് പകരം ഗാരെത് ബെയ്ൽ എത്തി. ഇസ്കോയ്ക്ക് പകരം മാർകോ അസെൻസിയോയുമിറങ്ങി.

അവസാന 10 മിനിറ്റിൽ റയൽ പൂർണമായും പിഎസ്ജിക്കുമേൽ ആധിപത്യം നേടി. പ്രതിരോധത്തിലെ കെട്ടുറപ്പിനൊപ്പം ആക്രമണത്തിലെ ഒത്തിണക്കവും റയലിന് മുൻതൂക്കം നൽകി. കളി തീരാൻ ഏഴ് മിനിറ്റ് ശേഷിക്കെ അസെൻസിയോ തൊടുത്ത കുറിയ ക്രോസ് അറിയോള തട്ടിയകറ്റി. പക്ഷേ, റൊണാൾഡോയുടെ കാൽമുട്ടിലേക്കാണ് പന്ത് വീണത്. തട്ടിയിടേണ്ട കാര്യമേയുണ്ടായിരുന്നുള്ളൂ. മൂന്നു മിനിറ്റിനുള്ളിൽ വീണ്ടും അസെൻസിയോ അവസരമൊരുക്കി. മാഴ്സെലോയുടെ മിന്നുന്ന ഷോട്ട് മാർകിന്യോസിന്റെ കാലിൽ ചെറുതായി തൊട്ട് വലയിൽ കയറി. ബെർണബ്യൂവിൽ റയൽ ജയം പൂർത്തിയാക്കി.

Categories