ബാസെൽ > ഇൽകായ് ഗുണ്ടോവന്റെ ഇരട്ടഗോളിൽ ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. സ്വിസ് സംഘമായ ബാസെലിനെ അവരുടെ തട്ടകത്തിൽ മടക്കമില്ലാത്ത നാലു ഗോളിനാണ് ഇംഗ്ലീഷ് ലീഗ് മുമ്പന്മാർ തോൽപ്പിച്ചത്. ബെർണാഡോ സിൽവയും സെർജി അഗ്വേറോയും സിറ്റിയുടെ ഇതരഗോളുകൾ നേടി. ജയത്തോടെ സിറ്റി ക്വാർട്ടർ ഉറപ്പിച്ചു. സിറ്റിയുടെ തട്ടകത്തിൽ നടക്കുന്ന രണ്ടാംപാദ മത്സരത്തിൽ അഞ്ചുഗോളിനെങ്കിലും തോറ്റാൽ മാത്രമാണ് സിറ്റി ക്വാർട്ടറിൽ കടക്കാതിരിക്കുക. പ്രീമിയർ ലീഗിൽ അതിസുന്ദരമായ കളി പുറത്തെടുത്ത് ഒന്നാംപടിയിൽ തുടരുന്ന സിറ്റി യൂറോപ്യൻ പോരാട്ടത്തിലും തിളങ്ങുകയായിരുന്നു. ബാസെലിന് സ്വന്തം മൈതാനിയിൽ ആദ്യഗോൾ വഴങ്ങുന്നതുവരെ മാത്രമാണ് ഭേദപ്പെട്ട കളി പുറത്തെടുക്കാനായത്. പിന്നെ സിറ്റി കളിയിൽ വാണു. രണ്ടാം പകുതിയിൽ വാലെന്റിൻ സ്റ്റോക്കറുടെ തകർപ്പൻ വലംകാലനടി സിറ്റി ഗോളി എഡേഴ്സൺ തടുത്തിട്ടതു മാത്രമാണ് ബാസെലിന്റെ മികച്ച നീക്കം.
സീസണിലെ ഏറ്റവും മികച്ച കളിയാണ് ഗുണ്ടോവൻ ബാസെലിനെതിരെ പുറത്തെടുത്തത്. 14‐ാം മിനിറ്റിൽ കെവിൻ ഡി ബ്രയ്ന്റെ കോർണറിൽ തലവച്ച് അസാധ്യമായ ആംഗിളിൽനിന്ന് ലക്ഷ്യംകണ്ടു. അതുവരെ ഓടിനടന്നു കളിച്ച ബാസെൽ കളിക്കാർ പിന്നെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. കാര്യമുണ്ടായില്ല. നാലുമിനിറ്റ് കഴിഞ്ഞപ്പോൾ ബെർണാഡോ സിൽവ ലീഡ് ഇരട്ടിപ്പിച്ചു. റഹീം സ്റ്റെർലിങ്ങിന്റെ ഇടതുവശത്തുനിന്നുള്ള ക്രോസ് അഗ്വേറോയെ ലക്ഷ്യമാക്കി ആയിരുന്നു. പക്ഷേ അഗ്വേറോയുടെയും തടയാനെത്തിയ പ്രതിരോധക്കാരുടെയും തലയ്ക്കുമുകളിലൂടെ പന്ത് സിൽവയുടെ മുന്നിലെത്തി. കുത്തി ഉയർന്ന പന്ത് നെഞ്ചിൽ തട്ടിച്ച് ഉയർത്തി നിലത്തുവീഴുംമുമ്പ് അടിപായിച്ചു സിൽവ. വലകുലുങ്ങി.
അധികം വൈകാതെ അഗ്വേറോ പട്ടികയിൽ പേരുചേർത്തു. മധ്യവൃത്തത്തിൽനിന്ന് പന്തുമായി കുതിച്ച ഫെർണാണ്ടിന്യോയെ ബോക്സിനു പുറത്ത് ബാസെൽ പ്രതിരോധക്കാരൻ തടഞ്ഞു. പന്ത് അഗ്വേറോയുടെ കാലിൽ. ഒന്ന് തട്ടിനീക്കി അഗ്വേറോ അടിച്ചു. ബാസെലിന്റെ ഗോളി തോമസ് വാക്ലിക്കിന് അനങ്ങാൻ അവസരം നൽകാതെ പന്ത് വലയിൽ തറച്ചു.ഇടവേളകഴിഞ്ഞ് ഗുണ്ടോഗൻ ഗോൾപട്ടിക പൂർത്തിയാക്കി. അഗ്വേറോയുടെ പാസിൽ ബാസെലിന്റെ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കിയ ഗോൾ.