കൊച്ചി > സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസകമീഷൻ എറണാകുളം ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിങിൽ കടാശ്വാസത്തിന് അർഹത നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 17 കേസുകൾ പരിഗണിച്ചു. സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ജോയിന്റ് രജിസ്ട്രാരുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് 42 കേസും ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുമായി ബന്ധപ്പെട്ട് 15 കേസും സിറ്റിങ്ങിൽ പരിഗണിച്ചിരുന്നു. ഇതിൽ കടാശ്വാസം ലഭിച്ച് നാലു കേസുകൾ തീർപ്പാക്കി. ആറ് കേസ് പരാതിക്കാർ ഹാജരാകാത്തതിനാൽ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
കടാശ്വാസം അനുവദിച്ചിട്ടും തുക വായ്പ കണക്കിൽ വരവുവയ്ക്കാത്തത് സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാരുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് 7 കേസും ഉണ്ടായിരുന്നു. വിവിധ പരാതികളിൽ കമീഷൻ ആവശ്യപ്പെട്ട റിപ്പോർട്ട് നൽകുന്നതിന് കൂടുതൽ പരിശോധനാ സമയം ജോയിന്റ് രജിസ്ട്രാർ ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച് 17 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. കടാശ്വാസമായി ബാങ്കിലേക്ക് കിട്ടിയ അധിക തുകയായ 51,920 രൂപ തിരികെ സർക്കാരിലേക്ക് അടയ്ക്കാൻ നിർദ്ദേശിച്ചു. കടാശ്വാസം അനുവദിച്ച ശേഷം വായ്പ തീർപ്പാക്കിയ 5 കേസിൽ ആധാരം തിരികെ നൽകാനും ഉത്തരവായി.
മത്സ്യത്തൊഴിലാളി കടാശ്വാസ നിയമത്തിലെ ഒൻപതാം വകുപ്പ് അനുസരിച്ച് പരസ്പരധാരണയിലൂടെ വായ്പ തീർപ്പാക്കുന്നതിനും കമീഷൻ നടപടി സ്വീകരിച്ചു. അദാലത്തിൽ തീർപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ കടാശ്വാസത്തുകയ്ക്ക് പുറമെ ബാക്കി അടക്കാനുണ്ടായിരുന്ന മുതൽ തുക പരാതിക്കാരൻ തിരികെ അടച്ചിട്ടും ഈടാധാരം തിരികെ നൽകാൻ യൂക്കോ ബാങ്ക് എറണാകുളം തയ്യാറായില്ല എന്ന പരാതിയും കമീഷൻ പരിഗണിച്ചു. അദാലത്തിൽ ഹാജരായ ബാങ്ക് മാനേജറുടെ സമ്മതത്തോടെ ഉണ്ടാക്കിയ ധാരണയിൽനിന്ന് സർക്കാർ അനുവദിച്ച കടാശ്വാസം സ്വീകരിച്ചശേഷം പിന്നോട്ടുപോകാനുള്ള ബാങ്കിന്റെ നടപടി ശരിയല്ല എന്ന് കമീഷൻ ചെയർമാൻ പറഞ്ഞു.
കടാശ്വാസത്തിന് അർഹത ലഭിച്ച ശേഷം 2 കേസുകളിൽ 1,01,486 രൂപ കടാശ്വാസം അനുവദിച്ച് ഉത്തരവായി. കടാശ്വാസത്തിന് അർഹത നേടിയശേഷം വായ്പ ക്ലോസ് ചെയ്ത കേസുകളിൽ 58,778 രൂപ മടക്കിനൽകാൻ അനുവദിച്ച് ഉത്തരവായി. ജസ്റ്റിസ് പി എസ് ഗോപിനാഥന്റെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ അംഗം കൂട്ടായി ബഷീർ പങ്കെടുത്തു.