ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരും, തര്‍ക്കമില്ല: മണിക് സര്‍ക്കാര്‍

Thursday Feb 15, 2018
ഗോപി

അഗര്‍ത്തല > ത്രിപുരയില്‍ ഇടതുമുന്നണി സര്‍ക്കാര്‍ വര്‍ധിച്ച ജനപിന്തുണയോടെ എട്ടാമതും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനാലാണ് ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചെടുക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞകാല പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ ഐക്യം സംരക്ഷിച്ച് സമഗ്ര വികസനം എന്നതാണ് ഇത്തവണത്തെയും പ്രധാന അജണ്ടയെന്നും അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു.

മുമ്പ് കോണ്‍ഗ്രസും അവര്‍ പിന്തുണച്ച തീവ്രവാദ വിഘടനവാദ സംഘടനകളുമായിരുന്നു മുഖ്യ എതിരാളി. ഇത്തവണ കോണ്‍ഗ്രസുകാരെല്ലാം കൂട്ടത്തോടെ ബിജെപിയിലേക്ക് കൂറുമാറി. മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിനെ ഒന്നടങ്കം ബിജെപി വിലയ്ക്ക് വാങ്ങി. യഥാര്‍ഥത്തില്‍ ഇടതുമുന്നണിയെ കാലങ്ങളായി എതിര്‍ത്തുവന്നിരുന്ന വിഭാഗത്തിന്റെ കൊടിയുടെ നിറം മാറിയെന്നതല്ലാതെ വര്‍ഗസ്വഭാവത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. വര്‍ഗീയതകൂടി ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയമുതലെടുപ്പിനുള്ള തീവ്രശ്രമമാണ് ബിജെപി നടത്തുന്നത്.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ നിന്ന്‌ത്രിപുരയിലെ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ നിന്ന്‌

ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പുവരെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രശ്‌നമായിരുന്നു തീവ്രവാദ വിഘടന വാദ പ്രവര്‍ത്തനങ്ങള്‍. വിവിധ  വിഘടനവാദ പ്രസ്ഥാനങ്ങളുടെ  ആക്രമണം ത്രിപുരയിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു.  വികസനപ്രവര്‍ത്തനം ഇവര്‍ തടസ്സപ്പെടുത്തി. നിരപരാധികളായ നൂറുകണക്കിനാളുകളെ കൊന്നൊടുക്കി. എല്ലാം വീണ്ടും  കുത്തിപ്പൊക്കി ജനങ്ങളെ ഭിന്നിപ്പിച്ച് കലാപം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള തന്ത്രമാണ്  ബിജെപി മെനയുന്നത്. ക്ഷയിച്ചുപോയ തീവ്രവാദഗ്രൂപ്പുകള്‍ക്ക് ഊര്‍ജം നല്‍കി കുത്തിപ്പൊക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. അതിനുവേണ്ടി വന്‍തോതില്‍ പണം ഒഴുക്കുന്നു. പ്രത്യേക ആദിവാസി ത്രിപുര രാജ്യത്തിനുവേണ്ടി വാദിക്കുന്ന വിഘടന തീവ്രവാദ ഗ്രൂപ്പായ ഇന്‍ഡിജിനീസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്‌ടി) എന്‍സി വിഭാഗവുമായി തെരഞ്ഞെടുപ്പ് ഐക്യവും ഉണ്ടാക്കി.

ഇതിനൊക്കെ പ്രബുദ്ധരായ ത്രിപുരജനത തക്കമറുപടി നല്‍കുമെന്നതില്‍ സംശയമില്ല. ഇവിടെ ഭരണവിരുദ്ധവികാരമില്ല. ഓരോ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നു. ചെയ്യാന്‍ കഴിയുന്നതുമാത്രമേ പറയൂ. ജനങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്തിട്ടില്ല; ചെയ്യുകയുമില്ല. ജനങ്ങളില്‍ ഞങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഞങ്ങളിലും പൂര്‍ണവിശ്വാസമാണുള്ളത്. തുടര്‍ച്ചയായി അധികാരത്തില്‍ വന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനഫലമായി ജനങ്ങളുടെ ജീവിതനിലവാരവും ശരാശരി ആളോഹരിവരുമാനവും ക്രമമായി വര്‍ധിച്ചു. ഏത് തരത്തിലുള്ള കുപ്രചരണം നടന്നാലും ജനം ഇടതുമുന്നണി സര്‍ക്കാര്‍ ഇത്തവണയും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.

മണിക് സര്‍ക്കാറുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം


 

Tags :
മണിക് സര്‍ക്കാര്‍ ത്രിപുര തെരഞ്ഞെടുപ്പ്‌ Manik Sarkar Tripura Election Tripura Election