Top
15
Thursday, February 2018
About UsE-Paper

കപ്പൽശാലാ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ജോലി നൽകാൻ ധാരണ

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌


കൊച്ചി >  കൊച്ചി കപ്പൽശാലാ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് യോഗ്യതയ്ക്കനുസരിച്ച് കപ്പൽശാലയിൽതന്നെ തൊഴിൽ നൽകാൻ ധാരണ. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ കപ്പൽശാലയിലെ ട്രേഡ് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇതിനു പുറമെ രണ്ടുമാസത്തെ വേതനത്തിന് തുല്ല്യമായ തുക ഉടൻ വിതരണംചെയ്യാനും തീരുമാനിച്ചു.

മരിച്ചവരുടെ കുട്ടികൾക്ക് ഡിഗ്രി പഠനം പൂർത്തിയാക്കുംവരെ വിദ്യാഭ്യാസ സഹായം നൽകാനും പരിക്കേറ്റവർക്ക് നിയമാനുസൃത സഹായത്തിനുപുറമെ ജോലിയിൽ മടങ്ങിയെത്തുംവരെ വേതനം നൽകാനും തീരുമാനിച്ചു. കഴിഞ്ഞദിവസം ഷിപ്‌യാർഡിന്റെ മേൽക്കൂരയിൽനിന്ന് വീണുമരിച്ച ചാലക്കുടി സ്വദേശി നിക്‌സന്റെ കുടുംബത്തിനും ഇതേ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം നൽകാമെന്നും ഷിപ്‌യാർഡ് എംപ്ലോയീസ് ഫെഡറേഷൻ അടക്കമുള്ള സംഘടനകൾക്ക് മന്ത്രി ഉറപ്പുനൽകി. അപകടം നടന്ന ഉടനെ കൊച്ചി കപ്പൽശാല പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിത്.

മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുകയ്ക്കു പുറമെ 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് ചൊവ്വാഴ്ചതന്നെ കപ്പൽശാലാ അധികൃതർ പ്രഖ്യാപിച്ചിരുന്നു. കൂടാതെ  മരിച്ചവരുടെ കുടുംബത്തിന് അടിയന്തരമായി 25,000 രൂപയും പരിക്കേറ്റവർക്ക് മികച്ച മെഡിക്കൽ പരിരക്ഷയും ആശുപത്രിച്ചെലവും നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു.

അതിനിടെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ സംഭവസ്ഥലം പരിശോധിച്ചു. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ബാലസ്റ്റ് ടാങ്കിനു മുകളിൽ സ്ഥിതിചെയ്യുന്ന എസി പ്ലാന്റിന്റെ സമീപം പെട്ടെന്നുണ്ടായ പൊട്ടിത്തെറിയാകാം അപകടത്തിലേക്കു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബൾക്ക് ഹെഡിലെ വ്യതിയാനവും കേടുപാടുകളെയും വിലയിരുത്തിയാണ് സ്ഥലം തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തിവരികയാണ്. ആഭ്യന്തര അന്വേഷണത്തിനുശേഷം മാത്രമെ സ്‌ഫോടനത്തിന് കാരണമായ വാതകചോർച്ച സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും കമ്പനി വ്യക്തമാക്കി. അറ്റകുറ്റപ്പണി ആരംഭിക്കുന്നതിനുമുമ്പ് കപ്പൽശാല ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ എസി പ്ലാന്റിനു സമീപം നിരീക്ഷിക്കുമ്പോഴാകണം അപകടം നടന്നിരിക്കാൻ സാധ്യതയെന്നും കമ്പനി അറിയിപ്പിൽ പറഞ്ഞു.