Top
15
Thursday, February 2018
About UsE-Paper

വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കശുവണ്ടി കമ്പനി ഉടമകളുടെ വീട് ജപ്‌തി ചെയ്യില്ലെന്ന് ബാങ്ക് പ്രതിനിധികള്‍

Thursday Feb 15, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ കശുവണ്ടി കമ്പനി ഉടമകളുടെ വീട്  ജപ്തി ചെയ്യില്ലെന്ന് ബാങ്ക് പ്രതിനിധികള്‍ ഉറപ്പു നല്‍കി. കശുവണ്ടി വ്യവസായമേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍  മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബാങ്ക് പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. കശുവണ്ടിമേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ആരുടെയും മനസ്സിനെ വേദനിപ്പിക്കുന്നതാണ്. ബാങ്കില്‍ നിന്ന് വായ്പയെടുത്തവര്‍ക്കെതിരെ സര്‍ഫാസി  ഉള്‍പ്പടെയുള്ള നടപടികളെടുക്കുന്നത് വലിയ മാനുഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്.

വായ്‌പകള്‍ക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുക, പലിശനിരക്ക് കുറച്ച് വായ്പകള്‍ പുനഃക്രമീകരിക്കുക, ഹ്രസ്വകാല വായ്പകള്‍ ദീര്‍ഘകാലവായ്പയായി മാറ്റുക, പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ബാങ്കുകള്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. കമ്പനികള്‍ ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ അസെറ്റ് റീസ്ട്രക്‌ചറിംഗ് കമ്പനിക്ക് കൈമാറുന്നത് നിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇനിമുതല്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാന്‍ ആര്‍.ബി.ഐ. മുന്‍കൈയെടുക്കണമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി യോഗത്തില്‍ മുന്നോട്ടുവച്ചു.

കശുവണ്ടി വ്യവസായത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി ഒരു ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് രണ്ടാഴാച്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് ബാങ്ക് പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍  കശുവണ്ടി വ്യവസായ വകുപ്പുമന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്.  സെന്തില്‍, വിവിധ ബാങ്കുകളുടെ  പ്രതിനിധികള്‍, കശുവണ്ടി വ്യവസായികളുടെ പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related News

കൂടുതൽ വാർത്തകൾ »