കുൽദീപ് യാദവും യുസ്േവന്ദ്ര ചഹലും
പോർട്ട് എലിസബത്ത് > കാൽനൂറ്റാണ്ടിലെ കാത്തിരിപ്പിനാണ് പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ ഇന്ത്യ അവസാനംകുറിച്ചത്. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര നേട്ടം. സമ്പൂർണ പ്രകടനം എന്നാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി പരമ്പരനേട്ടത്തെ വിശേഷിപ്പിച്ചത്. 'ചരിത്രംകുറിക്കുന്നതിന്റെ ആനന്ദം അനുഭവിക്കുന്നു. ബാറ്റിലും പന്തിലും പിന്നെ ഫീൽഡിലും ഈ സംഘം മിടുക്കുകാട്ടി'‐ കോഹ്ലി പറഞ്ഞു. തുടർച്ചയായ ഒമ്പതാം പരമ്പരജയവുമാണ് ഇന്ത്യയുടേത്.
73 റണ്ണിനാണ് പോർട്ട് എലിസബത്തിൽ ഇന്ത്യ ജയംകുറിച്ചത്. വേഗംകുറഞ്ഞ പിച്ചിൽ ഒരിക്കൽക്കൂടി ഇന്ത്യയുടെ കൈക്കുഴ സ്പിന്നർമാർ ഉഗ്രരൂപികളായി. 4‐1ന്റെ ലീഡിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നതും സ്പിന്നർമാരായ കുൽദീപ് യാദവിനോടും യുസ്വേന്ദ്ര ചഹലിനോടുമാണ്. ഇരുവരും ചേർന്ന് ആകെ 30 വിക്കറ്റ് നേടി. കുൽദീപ് 16ഉം ചഹൽ 14ഉം. 1998ൽ ശ്രീലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ നേടിയ 14 വിക്കറ്റായിരുന്നു ദക്ഷിണാഫ്രിക്കൻ മണ്ണിലെ ഇതുവരെയുള്ള റെക്കോഡ്.
പോർട്ട് എലിസബത്തിലും കുൽദീപും ചഹലും മിടുക്കുകാട്ടി. കുൽദീപ് നാലെണ്ണം നേടി. ഒരോവറിൽ നേടിയ മൂന്നു വിക്കറ്റും ഇതിൽ ഉൾപ്പെടും. ചഹൽ രണ്ടും വിക്കറ്റെടുത്തു. ഹാഷിം അംല മാത്രമാണ് ഇരുവരെയും കാര്യക്ഷമമായി നേരിട്ടത്. 71 റണ്ണെടുത്ത അംലയെ തകർപ്പനൊരു ഏറിലൂടെ ഹാർദിക് പാണ്ഡ്യ റണ്ണൗട്ടാക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ അവസാനിച്ചു. ശേഷിച്ച ചടങ്ങുകൾ കുൽദീപും ചഹലും ചേർന്ന് വേഗത്തിൽ പൂർത്തിയാക്കി. കൃത്യതയോടെ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ ആദ്യമായി മികവുകാട്ടിയ പാണ്ഡ്യയും ചരിത്ര ജയത്തിന് നിർണായക സംഭാവനകൾ നൽകി. ബുമ്ര ഒരു വിക്കറ്റ് നേടി. പാണ്ഡ്യ എ ബി ഡിവില്ലിയേഴ്സിന്റേതുൾപ്പെടെ രണ്ട് വിക്കറ്റും. ബാറ്റിങ്ങിലെ പരാജയം പാണ്ഡ്യ ബൗളിങ്ങും തകർപ്പൻ ഫീൽഡിങ്ങുംകൊണ്ട് നികത്തി.
മുൻനിര ബാറ്റ്സ്മാൻമാരുടെ പ്രകടനമാണ് പരമ്പരജയത്തിന് അരങ്ങൊരുക്കിയ മറ്റൊരു ഘടകം. ക്യാപ്റ്റൻ കോഹ്ലി അഞ്ച് കളിയിൽ 429 റൺ അടിച്ചുകൂട്ടി. ശിഖർ ധവാൻ 305ഉം. പരമ്പരയിൽ ആദ്യമായി തിളങ്ങിയ രോഹിത് ശർമ അഞ്ചാം ഏകദിനത്തിൽ നേടിയ 115 റൺ ഉൾപ്പെടെ 155 റണ്ണും നേടി. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റും ഏകദിനവും ഉൾപ്പെടെ 19 ഇന്നിങ്സുകളിൽ 249 റണ്ണായിരുന്നു രോഹിതിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഉയർന്ന സ്കോർ 47ഉം. പോർട്ട് എലിസബത്തിൽ രോഹിതിന് മോചനംകിട്ടി.
വെള്ളിയാഴ്ചയാണ് അവസാന ഏകദിനം. 5‐1ന്റെ ജയമാണ് ലക്ഷ്യമിടുന്നതെന്ന് കോഹ്ലി വ്യക്തമാക്കി. ഇന്ത്യൻസംഘത്തിലെ 17 പേരിൽ 12 പേർക്ക് മാത്രമാണ് ഇതുവരെ അവസരം കിട്ടിയത്. അതിനാൽതന്നെ അവസാന ഏകദിനത്തിൽ മറ്റ് കളിക്കാർക്ക് അവസരം നൽകുമെന്നും കോഹ്ലി പറഞ്ഞു.