കശുമാങ്ങയുടെ കാലമാണല്ലോ ഇത്. കശുവണ്ടി ശേഖരിക്കുകയും കശുമാങ്ങ നശിപ്പിച്ചുകളയുകയും ചെയ്യുന്ന കാഴ്ച നാട്ടില്‍ സുലഭമാണ്. ലക്ഷക്കണക്കിന് ടണ്‍ കശുമാങ്ങയാണ് ഇങ്ങനെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഔഷധഗുണങ്ങള്‍ ഏറെയുള്ള ഫലമാണ് കശുമാങ്ങ. വിറ്റാമിന്‍ സിയുടെ കലവറയാണിത്. 100 ഗ്രാം കശുമാങ്ങയില്‍ 261 മില്ലിഗ്രാം വിറ്റാമിന്‍ സി ഉണ്ട്. ഫോസ്ഫറസ്, കാത്സ്യം,ഇരുമ്പ്, കൊഴുപ്പ്, തയ്യാമിന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഈ ഫലത്തിലുണ്ട്.
കശുമാങ്ങയിലെ ചവര്‍പ്പ് അഥവാ കാറലാണ് മറ്റ് ഫലങ്ങള്‍പോലെ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങളെ അകറ്റാന്‍ കാരണം. ചവര്‍പ്പ് (കാറല്‍) കളഞ്ഞാല്‍ സ്വാദുകൊണ്ടും ഔഷധഗുണങ്ങള്‍കൊണ്ടും മുമ്പന്തിയിലുള്ള ഈ ഫലത്തെ നന്നായി ഉപയോഗപ്പെടുത്താന്‍ സാധിക്കും.
കശുമാങ്ങയില്‍ അടങ്ങിയ ടാനിന്‍ എന്ന രാസപദാര്‍ഥത്തിന്റെ സാന്നിധ്യമാണ് കാറല്‍ അഥവാ ചവര്‍പ്പിന് അടിസ്ഥാനം. ടാനിന്റെ സാന്നിധ്യംകൊണ്ട് ചവര്‍പ്പ് അനുഭവപ്പെടുന്നുവെന്നുമാത്രമല്ല, അലൂമിനിയം, ഓട്, ചെമ്പ്, ഇരുമ്പ്, പിച്ചള എന്നിവകൊണ്ട് നിര്‍മിച്ച് പാത്രങ്ങളിലൊന്നും കശുമാങ്ങ ശേഖരിക്കാനോ നീര് തയ്യാറാക്കി സൂക്ഷിക്കാനോ പാടില്ല. പ്ളാസ്റ്റിക് കൊണ്ടോ, സ്റ്റെയിന്‍ലസ് കൊണ്ടോ നിര്‍മിച്ച പാത്രങ്ങള്‍ മാത്രമേ കശുമാങ്ങ ശേഖരണത്തിനും നീരുസംഭരണത്തിനും ഉപയോഗിക്കാവൂ.
കശുമാങ്ങയിലെ ടാനിന്‍ നീക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അവയില്‍ ചിലത് ഇതാ:
കശുമാങ്ങ കഴുകിവൃത്തിയാക്കി ഗ്ളാസ്/പ്ളാസ്റ്റിക് ഭരണികളിലോ പ്ളാസ്റ്റിക് ബക്കറ്റിലോ ശേഖരിക്കണം. ആയതിലേക്ക് നാടന്‍ കറിയുപ്പ് ലായനി ഒഴിക്കണം. അഞ്ചുകിലോ കശുമാങ്ങയ്ക്ക് അരക്കിലോ കറിയുപ്പ് എന്ന തോതില്‍ വേണം ലായനി തയ്യാറാക്കാന്‍. കറിയുപ്പ് ലായനി ഓരോ ദിവസവും മാറ്റി പുതിയ കറിയുപ്പ് ലായനി ഒഴിക്കണം. ഇങ്ങനെ അഞ്ചുദിവസം കറിയുപ്പ് ലായനി മാറ്റണം. ആറാമത്തെ നാളില്‍ കശുമാങ്ങ കഴുകി ഉപയോഗിക്കാം. ഇങ്ങനെ ടാനിന്‍ നീക്കംചെയ്ത കശുമാങ്ങകൊണ്ട് അച്ചാര്‍, ജാം, സ്ക്വാഷ്, ക്യാന്‍ഡി തുടങ്ങിയവ നിര്‍മിക്കാം. കശുമാങ്ങനീരിലെ ടാനിന്‍ നീക്കംചെയ്യാനും നിരവധി മാര്‍ഗങ്ങളുണ്ട്.
കശുമാങ്ങ, പിഴിഞ്ഞ് നീരെടുത്ത് പ്ളാസ്റ്റിക് ഭരണിയിലോ ബക്കറ്റിലോ, ശേഖരിച്ച് അതില്‍ കട്ടിയുള്ള കഞ്ഞിവെള്ളം ഒഴിച്ചുവയ്ക്കലാണ് നാടന്‍രീതി. അഞ്ചുലിറ്റര്‍ കശുമാങ്ങാനീരില്‍ ഒരുലിറ്റര്‍ കഞ്ഞിവെള്ളം ഒഴിച്ച് ഇളകാതെ 12 മണിക്കൂര്‍ സൂക്ഷിക്കണം. ഇങ്ങനെ ചെയ്താല്‍ ടാനിന്‍ അടങ്ങിയ ഭാഗം കശുമാങ്ങനീരിന്റെ അടിയില്‍ അടിഞ്ഞുകൂടും. മേല്‍ഭാഗത്തെ ചവര്‍പ്പില്ലാത്ത കശുമാങ്ങാനീര് സാവകാശം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കാം.
ചൌവരി പൊടിച്ച് ചൂടാക്കി കുറുക്കിയെടുത്ത് കശുമാങ്ങാനീരില്‍ ചേര്‍ത്തും കശുമാങ്ങാനീരിലെ ടാനിന്‍ നീക്കംചെയ്യാം. ഒരു ലിറ്റര്‍ കശുമാങ്ങാനീരിന് അഞ്ചുഗ്രാം ചൌവരിയാണ് ചേര്‍ക്കേണ്ടത്. ചൌവരി കുറുക്കിയ മിശ്രിതത്തില്‍ രണ്ടരഗ്രാം പൊട്ടാസ്യം മെറ്റാബൈസള്‍ഫേറ്റും അഞ്ചുഗ്രാം സിട്രിക് ആസിഡുംകൂടി ചേര്‍ത്തിളക്കണം. ഇങ്ങനെ തയ്യാറാക്കിയ ലായനിയാണ് കശുമാങ്ങാനീരില്‍ ചേര്‍ക്കേണ്ടത്. ഇവ ചേര്‍ത്തുകഴിഞ്ഞാല്‍ 10 മണിക്കൂര്‍ ലായനി ഇളകാതെ സൂക്ഷിച്ചുവയ്ക്കണം. നിശ്ചിതസമയം കഴിയുമ്പോഴേക്കും ടാനില്‍ കട്ടിയായി കശുമാങ്ങാനീരിന്റെ അടിഭാഗത്ത് അടിഞ്ഞുകൂടും. മേല്‍ഭാഗത്തെ കശുമാങ്ങാനീര് സാവധാനം മറ്റൊരു പാത്രത്തിലേക്ക് മാറ്റിയെടുക്കാം.