മുംബൈ > പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി രാജ്യം വിട്ടതായി സൂചന. നീരവ് മോദിയുടെ വസതിയിലും ജ്വല്ലറികളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തുകയാണ്. ദില്ലി, മുബൈ, സുറത്ത് എന്നിവിടങ്ങളിലായി 12 സ്ഥാപനങ്ങളിലാണ് റെയ്‌ഡ്. പഞ്ചാബ് നാഷണല്‍ ബാങ്ക് വന്‍ തുക ബയേഴ്‌സ് ക്രഡിറ്റായി നല്‍കിയതിനെക്കുറിച്ച് സെബിയും അന്വേഷണം ആരംഭിച്ചു.
അതിനിടെ നീരവ് മോദി പ്രധാനമന്ത്രി നരേന്ദ്രമോഡിക്കൊപ്പമുള്ള ചിത്രം പുറത്തുവന്നു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ചിത്രം പുറത്തുവിട്ടത്. മോദിയെ രാജ്യം വിടാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചുവെന്നും പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ ജാമ്യത്തില്‍ നിര്‍ത്തി വിദേശബാങ്കുകളില്‍ നിന്നും വജ്രവ്യാപാരി നീരവ് മോദി വ്യായ്പ എടുത്തതടക്കം 11,346 കോടി രൂപയുടെ തട്ടിപ്പാണ് കഴിഞ്ഞദിവസം പുറത്ത് വന്നത്. തിരിച്ചടവ് മുടങ്ങിയതോടെ വ്യായ്പയുടെ ബാധ്യത വഹിക്കേണ്ടി വന്ന പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ ആദായ നികുതി വകുപ്പ് നീരവ് മോദിക്കെതിരെ കേസെടുത്തു.
പുലര്‍ച്ചയോടെ നീരവ് മോദിയുടെ മുബൈയിലെ കലാ ഘോഡയിലെ ഓഫീസിലും നാലു ജ്വല്ലറികളിലും ദില്ലിയിലെ രണ്ട് ജ്വല്ലറികളിലും സൂറത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും ഷോറുമൂകളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ് ആരംഭിച്ചു. തട്ടിപ്പിന് കൂട്ട് നിന്ന പഞ്ചാബ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇവരുടെ വസതികളിലും റെയ്‌ഡ് നടക്കുന്നുണ്ട്.
ബയേഴ്‌സ് ക്രഡിറ്റായി ഇന്ത് വലിയ തുക മുടങ്ങിയിട്ടും റിസര്‍വ് ബാങ്കിനെ അറിയിക്കാത്ത പഞ്ചാബ് ബങ്കിനെ നടപടിയെ സംശയത്തോടെയാണ് സെബി വീക്ഷിക്കുന്നത്. വായ്പ നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ സെബി അന്വേഷണവും ആരംഭിച്ചു. ബാങ്കിന്റെ ഓഹരിമൂല്യം ഇന്നും ഇടിഞ്ഞും. ബാങ്ക് നല്‍കിയ ബയേഴ്‌സ് ക്രെഡിറ്റിന്റെ അടിസ്ഥാനത്തിലുള്ള എല്ലാ ഇടപാടുകളും നിറുത്തുന്നതായി വിവിധ സ്വകാര്യ ബാങ്കുകള്‍ ഉപഭോക്താക്കളെ അറിയിച്ചു.
ഫോബ്‌സ് മാസിക പുറത്ത് വിട്ട കണക്ക് പ്രകാരം അതിസമ്പന്നരില്‍ 85ാം സ്ഥാനക്കാരനാണ് നീരവ്. 6435 കോടി മതിപ്പ് വില വരുന്ന തന്റെ ജ്വല്ലറിയായ ഫയര്‍ സ്റ്റാര്‍ ഡയമണ്ടസ് വിറ്റ് കടം തീര്‍ക്കുമെന്ന് അറിയിച്ച് നിരവ് എല്ലാ ബാങ്കുകള്‍ക്കും കത്ത് നല്‍കി. ഇതിന് ആറ് മാസം കാത്തിരിക്കണമെന്നുമാണ് ആവശ്യം