മഹാരാജ്ഗഞ്ച് > ഉത്തർപ്രദേശിൽ കുട്ടിക്കടത്ത് സംഘാംഗത്തിൽനിന്ന് ഏഴ് നേപ്പാളി കുട്ടികളെ മോചിപ്പിച്ചു. മനുഷ്യക്കടത്ത് സംഘാംഗത്തെ അറസ്റ്റ് ചെയ്തു. നേപ്പാളിലെ രുപന്ദേഹി സ്വദേശി മഗു കുമാറാണ് അറസ്റ്റിലായത്. മഹാരാജ്ഗഞ്ചിൽ സശസ്ത്ര സീമാ ബൽ (എസ്എസ്ബി) നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. മോചിതരാക്കിയ കുട്ടികളെ ഇന്തോനേപ്പാൾ അതിർത്തിയായ സൊനൗലിയിലേക്ക് കൊണ്ടുപോയി.
അറസ്റ്റിലായ മഗു കുമാർ 25 കുട്ടികളെ വിവിധ രാജ്യങ്ങളിലെ മനുഷ്യക്കടത്ത് സംഘങ്ങൾക്ക് കൈമാറിയതായി പൊലീസ് പറഞ്ഞു. പത്തുകുട്ടികളെക്കൂടി കടത്താനുള്ള ശ്രമത്തിലായിരുന്നു. കുട്ടികളെ രാജസ്ഥാനിലെ സംഘാംഗത്തിന് കൈമാറാൻ കൊണ്ടുവന്നതായിരുന്നു. ഒരു കുട്ടിക്ക് 500 രൂപയാണ് തനിക്ക് ലഭിക്കുകയെന്നാണ് പ്രതിയുടെ മൊഴി.