കൊച്ചി > അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശ്രീവത്സം ഗ്രൂപ്പിന്റെ സ്വത്തുക്കൾ ആദായനികുതിവകുപ്പ് കണ്ടുകെട്ടി. ഗ്രൂപ്പ് സ്ഥാപകൻ എം കെ രാജേന്ദ്രൻപിള്ള (എം കെ ആർ പിള്ള), ഭാര്യ വത്സ, മക്കളായ വരുൺരാജ്, അരുൺരാജ് എന്നിവരുടെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായുള്ള 36 വസ്തുവകകളാണ് താൽക്കാലികമായി കണ്ടുകെട്ടിയത്. നികുതിവെട്ടിപ്പ് തടയുന്നതിനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിന്റെ നടപടി.
കേരളത്തിൽ ആറും ബംഗളൂരുവിലെയും രജിസ്ട്രാർ ഓഫീസുകൾക്കു കീഴിലുള്ള വസ്തുവകകളാണ് റെയ്ഡിന്റെ ഭാഗമായി കണ്ടുകെട്ടിയത്. 288 കോടിയുടെ നികുതിയും പിഴയും അടയ്ക്കാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് ആദായനികുതിവകുപ്പ് നടപടി. നാഗാലാൻഡിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ നൽകിയ കോടികൾ വകമാറ്റി എം കെ ആർ പിള്ള സ്വന്തം പേരിലാക്കുകയായിരുന്നു. നാഗാലാൻഡ് പൊലീസിലെ ഉന്നതപദവിയും രാഷ്ട്രീയസ്വാധീനവും ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഈ പണം ഉപയോഗിച്ച് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ശ്രീവത്സം ഗ്രൂപ്പ് സ്ഥാപിച്ച് ഇടപാടുകൾ നടത്തി. ശ്രീവത്സം ഗ്രൂപ്പിന്റെ കോടികളുടെ വെട്ടിപ്പുസംബന്ധിച്ച് സിബിഐ അന്വേഷണം ഉടനുണ്ടാകുമെന്നാണ് സൂചന.