ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ കീടശല്യം ഒഴിവാകാന്‍ വേപ്പിന്റെ ഇലകള്‍ ഉപകരിക്കുമോ? ഇത് ഉണക്കിയാണോ ധാന്യത്തോടൊപ്പം വയ്ക്കേണ്ടത്? ഇലകള്‍ ഉപയോഗിക്കുന്നവിധം പറഞ്ഞുതരാമോ? ഒരിക്കല്‍ ഇലയിട്ടാല്‍ എത്രകാലം ഇതിന്റെ ഗുണം കിട്ടും?
എന്‍ നാരായണന്‍, ഉള്ളിയേരി, കോഴിക്കോട്
ധാന്യം കേടുകൂടാതെ സൂക്ഷിച്ചുവയ്ക്കാന്‍ ആര്യവേപ്പിലകള്‍ ഉപയോഗിക്കാം. 50 കി.ഗ്രാം ധാന്യത്തിന് 200 ഗ്രാം ആര്യവേപ്പില എന്നാണ് കണക്ക്. വേപ്പിലകളും വേപ്പിന്റെ കുറച്ച് കുരുന്നുശാഖകളും തണലത്തുണക്കി ധാന്യത്തോടൊപ്പം ചേര്‍ത്തുവയ്ക്കണം. ഇങ്ങനെ ചെയ്താല്‍ ആദ്യത്തെ രണ്ടോ മൂന്നോ മാസം ധാന്യങ്ങള്‍ക്ക് ഒരു കീടശല്യവും ഉണ്ടാവില്ല. രണ്ടുമാസം കൂടുമ്പോള്‍ പുതുതായി ഇലകള്‍ ഇട്ടുകൊടുക്കുന്നതാണ് നല്ലത്.
ആന്തൂറിയം ചെടികളുടെ വളര്‍ച്ച മോശമായാണ് കാണുന്നത്. ഇതിനു നല്‍കേണ്ട ജൈവവളപ്രയോഗരീതി അറിയണം?
ജോണ്‍ പടിഞ്ഞാറെത്തറ, വയനാട്
പല രീതിയിലുള്ള ജൈവവളപ്രയോഗവും ആന്തൂറിയത്തിനായുണ്ട്. വളര്‍ച്ചയുടെ പ്രാരംഭദശയില്‍ പച്ചച്ചാണകം വെള്ളത്തില്‍ നന്നായി കലക്കി തെളി ഊറ്റിയെടുത്ത് രണ്ടാഴ്ചയിലൊരിക്കല്‍ ചെടികള്‍ക്ക് തളിച്ചുകൊടുക്കുന്നത് വളര്‍ച്ചയ്ക്ക് ഉപകരിക്കും. പച്ചച്ചാണകവും ഗോമൂത്രവുംകൂടി കലക്കിവച്ച്് അതില്‍നിന്ന് കുറച്ചെടുത്ത് 50 ഇരട്ടി വെള്ളംചേര്‍ത്തു നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. പച്ചച്ചാണകം വേപ്പിന്‍പിണ്ണാക്കുമായി ചേര്‍ത്ത് അഞ്ചുദിവസം പുളിപ്പിച്ചശേഷം വെള്ളവുമായി ചേര്‍ത്ത് നല്ലതുപോലെ നേര്‍പ്പിച്ച് ഇലകളിലും ചെടികളുടെ ചുവട്ടിലും തളിച്ചുകൊടുക്കുന്നത് ചെടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉപകരിക്കും.