പരിസ്ഥിതിയ്ക്ക് ആഘാതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ഷാര്‍ജ നഗരസഭാ കാര്യാലയം വന്‍ പിഴ ചുമത്താന്‍ തീരുമാനം

ഷാര്‍ജ : പരിസ്ഥിതിയ്ക്ക് ആഘാതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്താന്‍ നഗരസഭ കാര്യാലയം തീരുമാനിച്ചു.

ഫ്‌ളാറ്റുകളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള പച്ചക്കറി-ഇറച്ചി മാലിന്യങ്ങള്‍ പുറം വാതില്‍ വഴി വെളിയില്‍ തള്ളുന്നതും സര്‍വസാധാരണമായി മാറിയെന്ന് ഷാര്‍ജയിലെ പരിസ്ഥിതി സംരക്ഷണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഇങ്ങനെ മാലിന്യങ്ങള്‍ പുറത്തേയ്ക്ക് വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിഴ ഉയര്‍ത്താന്‍ തീരുമാനിച്ചത്.

അതുപോലെ തന്നെ ഷാര്‍ജയിലെ പല പ്രദേശത്തും ഘാഫ്, സിസിഫസ് പോലുള്ള മരങ്ങള്‍ അനധികൃതമായി മുറിയ്ക്കുന്നതിനും ഷാര്‍ജ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരങ്ങള്‍ മുറിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കനത്ത പിഴ നല്‍കേണ്ടതായി വരുമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

ഈ മരങ്ങള്‍ക്ക് 7,000 മുതല്‍ 10,000 ദിര്‍ഹംവരെയാണ് വില എന്നതിനാല്‍ പലരും മരങ്ങള്‍ മുറിച്ച് വില്‍ക്കുന്ന പ്രവണത ഏറിവരികയാണെന്നും നഗരസഭാ ഭരണകൂടം ചൂണ്ടിക്കാട്ടി.