കൊച്ചി > കടൽപ്പായലിൽനിന്ന് നിർമിച്ച തൈറോയ്ഡിനുള്ള പ്രകൃതിദത്ത ഉൽപ്പന്നം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഉടൻ പുറത്തിറക്കുമെന്ന് ഡയറക്ടർ ഡോ.എ ഗോപാലകൃഷ്ണൻ. കടലിൽനിന്നുള്ള ഔഷധനിർമാണ പഠനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സിഎംഎഫ്ആർഐ നടത്തിയ 21 ദിവസത്തെ വിന്റർ സ്‌കൂളിന്റെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടൽപ്പായലിൽനിന്ന് ബയോ ആക്ടീവ് സംയുക്തങ്ങൾ വേർതിരിച്ചെടുത്ത് നിർമിച്ച ഉൽപ്പന്നം ക്ലിനിക്കൽ പരീക്ഷണത്തിന്റെ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കടൽപ്പായൽ, കല്ലുമ്മക്കായ എന്നിവയിൽനിന്ന് പ്രമേഹം, സന്ധിവേദന, കൊളസ്‌ട്രോൾ എന്നിവയ്ക്ക് പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിച്ചിരുന്നു. ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്ന ന്യൂട്രാസ്യൂട്ടിക്കലുകൾക്ക് പുറമെ സൗന്ദര്യവർധക വസ്തുക്കളടക്കമുള്ള പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള പഠനങ്ങൾ നടക്കുകയാണ്. സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നതിന് വ്യവസായസംരംഭകരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്നും സിഎംഎഫ്ആർഐ ഡയറക്ടർ പറഞ്ഞു.
രാജ്യത്തെ വിവിധ ഗവേഷണസ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും 23 ഗവേഷകർക്കാണ് സിഎംഎഫ്ആർഐയുടെ വിന്റർ സ്‌കൂളിൽ പരിശീലനം നൽകിയത്. കടൽപ്പായലുകൾ, കക്കവർഗങ്ങൾ, കടലിലെ സൂക്ഷ്മജീവികൾ തുടങ്ങിയവയിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ ശാസ്ത്രീയരീതിയിൽ വേർതിരിച്ചെടുത്ത് വിവിധ രോഗങ്ങൾക്കുള്ള മരുന്നും ആരോഗ്യസംരക്ഷണത്തിനുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണരീതികളാണ് പരിശീലിപ്പിച്ചത്. സമാപന സംഗമത്തിൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) മുൻ ഡയറക്ടർ ഡോ. ടി കെ ശ്രീനിവാസ ഗോപാൽ മുഖ്യാതിഥിയായി. സിഎംഎഫ്ആർഐയിലെ മറൈൻ ബയോ ടെക്‌നോളജി ഡിവിഷൻ മേധാവി ഡോ. പി വിജയഗോപാൽ, കോഴ്‌സ് ഡയറക്ടർ ഡോ. കാജൽ ചക്രവർത്തി എന്നിവർ സംസാരിച്ചു.