Top
15
Thursday, February 2018
About UsE-Paper

ഇന്ത്യ‐ബംഗ്ലാദേശ് ഇടനാഴി കള്ളക്കടത്തിന്റെ മുഖ്യപാത

Thursday Feb 15, 2018
വിജയ്



തിരുവനന്തപുരം > അതിർത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പിൻബലത്തിൽ കള്ളക്കടത്തുകാരുടെ വിഹാരകേന്ദ്രമായി ഇന്ത്യ‐ബംഗ്ലാദേശ് അതിർത്തിയിലെ 34 കിലോമീറ്റർ. മുർഷിദാബാദ് പ്രദേശത്തെ ഈ അതിർത്തിയിലൂടെ ദിനംപ്രതി ഇരു രാജ്യത്തേക്കും കടത്തുന്നത് കോടികളുടെ കള്ളച്ചരക്കുകൾ. മയക്കുമരുന്ന്, ആയുധങ്ങൾ മുതൽ കന്നുകാലികളെയും മനുഷ്യരെയുംവരെ വില നിശ്ചയിച്ച് കടത്തുന്ന വൻസംഘമാണ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. കോഴപ്പണവുമായി പിടിയിലായ ബിഎസ്എഫ് കമാൻഡന്റ് ജിബു ഡി മാത്യുവിനെ ചോദ്യംചെയ്തപ്പോഴാണ് സിബിഐക്ക് അതിർത്തിയിലെ കള്ളക്കടത്തുകളെ കുറിച്ച് വിവരം ലഭിച്ചത്.

മുപ്പത്തിനാല് കിലോമീറ്റർ നീണ്ട ഈ ഇടനാഴിയിലെ കമാൻഡറായിരുന്നു ജിബു. ജിബുവിനൊപ്പം കേസിൽ പ്രതിയാക്കിയ ബംഗാളിലെ ബിഷുഷൈക്ക് എന്ന അന്തർദേശീയ കള്ളക്കടത്തുകാരനാണ് സംഘത്തലവൻ. ഓരോ കടത്തലിനും വൻതുകയാണ് പ്രതിഫലമായി ജിബു കൈപ്പറ്റിയത്.

ജിബു കമാൻഡന്റായി ചുമതലയേറ്റ ആദ്യ നാളുകളിൽ തന്നെ ബിഷു ഇയാളുമായി സൗഹൃദം സ്ഥാപിച്ചു. അതിർത്തിയിലെ നാലു കിലോമീറ്റർ വരുന്ന കിടങ്ങ് ഒഴികെയുള്ള 30 കിലോമീറ്റർ കുന്നുകളും നദികളും മരുഭൂമിയുമാണ്. കടത്ത് നടത്തുന്ന ദിവസവും സമയവും കള്ളക്കടത്തുകാർ മുൻകൂട്ടി ജിബുവിനെ അറിയിക്കും. തുടർന്ന് ഈദിവസം ഇവിടെയുള്ള സേനാംഗങ്ങളെ പിൻവലിക്കും. മറ്റു സേനാംഗങ്ങൾ അറിയാതെയായിരുന്നു ഇടപാടുകളും നീക്കങ്ങളും.

ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് കന്നുകാലിക്കടത്താണ് കൂടുതൽ. ബംഗ്ലാദേശിൽ കന്നുകാലികൾക്ക് ആവശ്യം ഏറെയാണ്. നിയമപ്രകാരം കടത്ത് അനുവദനീയമല്ല. വില കൂടുതൽ ലഭിക്കാൻ ചില സമയത്ത് പരിശോധന കർശനമാക്കും. ഈസമയം ബംഗ്ലാദേശിൽ ആവശ്യത്തിന് കന്നുകാലികൾ ലഭിക്കാതാകുകയും ആവശ്യം ഉയരുന്നതിന് അനുസരിച്ച് വില കുതിക്കുകയും ചെയ്യും. ഈ തക്കം മുതലെടുത്ത് ജിബുവിന്റെ സഹായത്തോടെ കള്ളക്കടത്ത് സംഘങ്ങൾക്ക് അതിർത്തി തുറന്നുനൽകും. സാധാരണക്കാർ കടത്ത് നടത്താതിരിക്കാൻ പ്രത്യേക ശ്രദ്ധയും നൽകും. ഇതിന് വേറെയും പ്രതിഫലമുണ്ട്.

മനുഷ്യക്കടത്തിനൊപ്പമാണ് മയക്കുമരുന്നും അതിർത്തിക്കപ്പുറം എത്തിക്കുന്നത്. കടത്താൻ തെരഞ്ഞെടുക്കുന്ന വ്യക്തിക്കൊപ്പം മയക്കുമരുന്നും ഒളിപ്പിക്കും.  ബംഗ്ലാദേശിൽനിന്ന് ഇന്ത്യയിലേക്കും മയക്കുമരുന്ന് കടത്തിയതായി തെളിവ് ലഭിച്ചു. ആയുധങ്ങളും അതിർത്തി വഴി കടത്തിയതായാണ് വിവരം. വിശദമായ അന്വേഷണത്തിൽ കൂടുതൽ വിവരം ലഭ്യമാകുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടൽ. ജിബുവിന്റെ പക്കൽനിന്ന് 46.50 ലക്ഷത്തിനു പുറമെ കൊൽക്കത്തയിലെ ക്വാർട്ടേഴ്സിൽനിന്ന് ഒന്നരലക്ഷവും പത്തനംതിട്ടയിലെ വീട്ടിൽനിന്ന് രണ്ടുലക്ഷവും കണ്ടെത്തിയിട്ടുണ്ട്.