ജയ്‌പൂർ > പൊതുസ്ഥലത്ത് മൂത്രമൊഴിച്ച ബിജെപി മന്ത്രി വിവാദത്തിൽ. രാജസ്ഥാനിലെ ആരോഗ്യ മന്ത്രി കാളിചരണ്‍ സരഫ് ആണ് ജയ്പുരിൽ കാര്‍ നിര്‍ത്തി വഴിവക്കിലെ മതിലില്‍ മൂത്രമൊഴിച്ചത്. മന്ത്രി മൂത്രമൊഴിക്കുന്ന ചിത്രം വിവാദമായിരുന്നു. ഇതിനിടെ ‘ഇതൊന്നും വലിയ പ്രശ്‌നമല്ലെ’ന്ന പ്രസ്താവനയുമായി മന്ത്രി രംഗത്തെത്തി.
രാജസ്ഥാൻ ആരോഗ്യ മന്ത്രി കാളിചരണ്‍ സരഫ് വഴിവക്കിൽ മൂത്രമൊഴിക്കുന്നു
‘സ്വച്ഛ് ഭാരതി’നായി കോടികള്‍ മുടക്കി മോദി സര്‍ക്കാര്‍ പരസ്യം ചെയ്യുന്നതിനിടെയാണ് വഴിവക്കിലെ മതിലില്‍ മൂത്രമൊഴിച്ച് ബിജെപി മന്ത്രി ‘മാതൃക’ കാട്ടിയത്. മോദിയുടെ സ്വച്ഛ് ഭാരത് അഭിയാനില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായി ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കഷ്ടപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ നാണംകെട്ട നടപടി.
സാമൂഹ്യമാധ്യമങ്ങളിലടക്കം ചിത്രം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങടക്കം നിരവധി പ്രമുഖരാണ് പ്രതിഷേധമറിയിച്ചുകൊണ്ട് ചിത്രം ഷെയർ ചെയ്തത്.
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 200 രൂപയാണു പിഴ. നേരത്തെ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹനും വഴിവക്കില്‍ മൂത്രമൊഴിച്ച് ‘ജനശ്രദ്ധ’ നേടിയിരുന്നു. സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെയായിരുന്നു ഈ മൂത്രമൊഴിക്കലും.