മൂന്നാർ > കാനഡയിൽ ഉപരിപഠനം നടത്തിവന്ന മൂന്നാർ സ്വദേശിയെ അഞ്ച് ദിവസം മുമ്പ് കാണാതായി. മൂന്നാർ മനയത്ത് ജോളി വർഗീസ് ഷീന ദമ്പതികളുടെ മകൻ ഡാനി ജോസഫി(22) നെയാണ് കാണാതായത്. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിന് മൂന്നു വർഷം മുമ്പാണ് കാനഡയിലെ നയാഗ്രയിൽ എത്തിയത്. പാർട് ടൈം ജോലിയും പഠനവും ഒരുമിച്ച് നടത്തുകയായിരുന്നു. കാനഡ കുളീനരി മാനേജ്‌മെന്റ് കോളേജിൽ അവസാനവർഷ വിദ്യാർഥിയാണ്. മുറൈ സെന്റ് നയാഗ്രഫാൾസ് എന്ന സ്ഥലത്ത് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തോടെ കാനഡയിലെ സുഹൃത്ത് താമസസ്ഥലത്തെത്തി ഡാനിയെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. എന്നാൽ നാല് ദിവസം കഴിഞ്ഞും യുവാവ് തിരികെ എത്താത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ മെബൈലിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്ഓഫായിരുന്നു. കാനഡയിലെ മലയാളി സമൂഹവും സുഹൃത്തുക്കളും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് കോളേജ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് കാനഡ റീജിയൻ പൊലീസിന് വിവരം കൈമാറി. യുവാവിനെ കാണാതായ വിവരം നവ മാധ്യമങ്ങളിൽ വന്നതോടെയാണ് നാട്ടുകാരും സംഭവമറിയുന്നത്. ബന്ധുക്കൾ ഇന്ത്യൻ എംബസിയെ സമീപിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.