തിരുവനന്തപുരം > കെഎസ്ആർടിസി പെൻഷൻ നൽകുന്നതിലൂടെ സഹകരണമേഖല തകരുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിൽ അർഥമില്ലെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
കെഎസ്ആർടിസി പെൻഷൻകാരുടെ പ്രശ്നം പരിഹരിക്കണമെന്ന ആത്മാർഥമായ ആഗ്രഹമില്ലെന്ന് വ്യക്തമാക്കുന്ന ഇരട്ടത്താപ്പാണ് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞത്. സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്കുകൾ പെൻഷൻകാർക്ക് പണം നൽകുന്നത്. ഇക്കാര്യത്തിൽ ഒരു ആശങ്കയുടെയും കാര്യമില്ല.
ബജറ്റിൽ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടെന്നതിനാൽ പത്ത് ശതമാനം പലിശ സഹിതം യഥാസമയത്ത് വായ്പാത്തുക പ്രാഥമിക സംഘങ്ങൾക്ക് മടക്കി നൽകാനാകും. സഹകരണ പ്രസ്ഥാനത്തിന്റെ കരുത്താണ് ഇത്രയധികം തുക സമാഹരിച്ച് വിതരണം ചെയ്യാനുള്ള ഇടപെടലിലൂടെ വ്യക്തമായിരിക്കുന്നതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.