
മുംബൈ > പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,360 കോടി രൂപയുടെ വന്‍തട്ടിപ്പ്. മുംബൈയിലെ ബ്രാഞ്ചില്‍ ഇടപാടുകളില്‍ തട്ടിപ്പ് നടത്തി വിദേശത്തുനിന്നും പണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അനധികൃത ഇടപാടുകള്‍ വഴി 177 കോടി ഡോളറാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കുന്നത്. ബാങ്ക് അധികൃതരുടെ ഒത്താശയോടെയാണ് ചില ഇടപാടുകാര്‍ ക്രമവിരുദ്ധമായി പണം പിന്‍വലിച്ചതെന്നാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.
ബ്രാഡി ഹൗസ് ശാഖയിലെ ഗോകുല്‍നാഥ് ഷെട്ടി, ഹനുമന്ത കാരാട്ട് എന്നീ ജീവനക്കാരുടെ സഹായത്തോടെ നിരവ് മോദി, നിഷാല്‍ മോദി, അമി നിരവ് മോദി, മേഹുല്‍ ചിനുബായി ചോക്‌സി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരിക്കുന്നത്. ഇവര്‍ ഈ പണം വിദേശത്ത് വച്ച് പിന്‍വലിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് സിബിഐയും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഏറ്റവും വലിയ തട്ടിപ്പ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. വാര്‍ത്ത പുറത്തു വന്നതോടെ ഇന്ന് രാവിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഹരി മൂല്യം ആറു ശതമാനത്തോളം ഇടിഞ്ഞു.