കണ്ണൂരില്‍ ഒന്നര വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍; ഞെട്ടിക്കുന്ന കണക്കുകളിങ്ങനെ

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരം ഏറ്റെടുത്തതിനു ശേഷം കണ്ണൂരില്‍ കൊല്ലപ്പെട്ടത് ഒന്‍പത് പേര്‍. ഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ആറു ബി.ജെ പി പ്രവര്‍ത്തകരും രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായത് അഞ്ചു കേസുകളിലും ബി.ജെ.പി പ്രതിസ്ഥാനത്തുള്ളത് രണ്ടു കേസുകളിലുമാണ്. ഒരു സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പ്രതികള്‍. കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ പ്രതികളെ പിടികൂടിയിട്ടില്ല.

Also Read : മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കണ്ണൂരില്‍ ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ച: രമേശ് ചെന്നിത്തല :സിപിഐഎമ്മിന് പങ്കില്ലെന്ന് പി ജയരാജന്‍

കഴിഞ്ഞ പതിനേഴ് വര്‍ഷത്തിനിടയില്‍ മാത്രം 61 പേരാണ് കണ്ണൂരില്‍ കൊലക്കത്തിക്ക് ഇരയായതെന്ന് പൊലീസിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 29 ബി.ജെ.പി പ്രവര്‍ത്തകരും 25 സി.പി.എം പ്രവര്‍ത്തകരും ഉള്‍പ്പെടും. 2010ല്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ബി.ജെ.പി പ്രവര്‍ത്തകരും 2011ല്‍ രണ്ട് സി.പി.എം പ്രവര്‍ത്തകരും ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. 2012ല്‍ ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനും 2013ല്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.

2014ല്‍ മൂന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ കഠാരയ്ക്ക് ഇരയായി. 2015ല്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരും ഒരു മുസ്ലിം ലീഗ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ജില്ലയില്‍ രാഷ്ട്രീയ കൊലപാതക പരമ്പര അരങ്ങേറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപന ദിവസം പിണറായിലെ സി.പി.എം പ്രവര്‍ത്തകനെ കൊലപ്പെടുത്തി ആര്‍.എസ്.എസ് ഇതിന് തുടക്കം കുറിച്ചു.