
തിരുവനന്തപുരം > കശുവണ്ടി വ്യവസായവുമായി ബന്ധപ്പെട്ടെടുത്ത വായ്‌പകളുടെ തിരിച്ചടവില്‍ വീഴ്ച്ച വന്നവര്‍ക്കെതിരെ സര്‍ഫാസി ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യം ധനകാര്യ സ്ഥാപനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കശുവണ്ടി വ്യവസായ മേഖല വലിയ പ്രതിസന്ധിയിലാണ്.
തൊഴിലാളികളും കടുത്ത വിഷമതയിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ വായ്പ നല്‍കിയ ബാങ്കുകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് നേതൃത്വം നല്‍കണമെന്ന് ആര്‍ബിഐ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യന്ത്രി അഭ്യര്‍ത്ഥിച്ചു. ഈ മേഖയിലെ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഈ മാസം 15 ന് ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നുണ്ട്.
കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍, ആര്‍ബിഐ റീജണല്‍ ഡയറക്ടര്‍ എസ്എംഎന്‍ സ്വാമി, ജനറല്‍ മാനേജര്‍ ഉമാശങ്കര്‍, കനറാ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ വിഎസ്. സന്തോഷ്, സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി ഡപ്യൂട്ടി കണ്‍വീനര്‍ എന്‍കെ കൃഷ്ണന്‍ കുട്ടി, സീനിയര്‍ മാനേജര്‍ ജി നന്ദകുമാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.