
ന്യൂഡൽഹി > ഛത്തീസ്ഗഡിലെ കാവറധ ജില്ലയിൽ പീഡനത്തിന് ഇരയായ 12 വയസ്സുകാരിയെ 'ശുദ്ധി'വരുത്താൻ നാട്ടുകൂട്ടം നിർബന്ധിച്ച് തല മൊട്ടയടിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പിഴയടച്ച് കുറ്റകൃത്യത്തിൽനിന്ന് മോചിതനാകാനും അവസരം നൽകി. ഗ്രാമത്തലവന്റെ നിർബന്ധപ്രകാരം പെൺകുട്ടിയുടെ കുടുംബത്തിന് മദ്യമടക്കം വിളമ്പിയുള്ള ശുദ്ധീകരണ ആഘോഷം സംഘടിപ്പിക്കേണ്ടിവന്നു.
ജനുവരി 21നാണ് അമ്മയോടൊപ്പം കെട്ടിടനിർമാണസ്ഥലത്തു വച്ച് അർജുൻ യാദവ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇതിനടുത്ത ദിവസം ചേർന്ന നാട്ടുകൂട്ടത്തിൽ കുറ്റം സമ്മതിച്ച അർജുൻ യാദവിനെ പിഴയടച്ച് പോകാൻ അനുവദിച്ചു. ഫെബ്രുവരി നാലിന് ചേർന്ന ഗ്രാമത്തിലെ മുതിർന്നവരുടെ യോഗം പെൺകുട്ടിക്ക് 'ശുദ്ധി'ച്ചടങ്ങ് വിധിക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം മദ്യവും മാംസവുമടക്കം ആഘോഷപൂർവം ചടങ്ങ് നടത്തണമെന്നും ഗ്രാമസഭ വിധിച്ചു.
പ്രാദേശിക മാധ്യമങ്ങളാണ് സംഭവം പുറത്തെത്തിച്ചത്. സ്വന്തമായി വീടില്ലാത്ത ദിവസ വേതനക്കാരാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.