
തിരുവനന്തപുരം > ധൂമകേതുവിനെക്കുറിച്ച് പഠിക്കാന്‍ വിക്ഷേപിച്ച റോസറ്റാ പേടകത്തിന്റെ ദശകത്തിലേറെ നീണ്ട യാത്രയുടെ ഫലങ്ങള്‍ പങ്കിട്ട് അസ്ട്രോണമി സെമിനാര്‍. 2004 മാര്‍ച്ച് ഒന്നിന് യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച റോസറ്റാ പേടകത്തിന്റെ യാത്രയുടെ വിവിധ ഘട്ടങ്ങള്‍ സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തില്‍ നടന്ന സെമിനാറില്‍ പ്രസ്തുത മിഷന്റെ പേലോഡ് ഡിസൈനില്‍ നിര്‍ണായക പങ്കുവഹിച്ച പ്രൊഫ. മോണിക്ക ഗ്രേഡി സദസ്സിനോട് വിവരിച്ചു. ബ്രിട്ടനിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ മോണിക്ക ഗ്രേഡി ലാന്‍ഡിങ് ഓണ്‍ എ കോമറ്റ് വിഷയത്തില്‍ പ്രഭാഷണം നടത്തി.
ധൂമകേതുവിനെക്കുറിച്ച് പഠിക്കാനായി വിക്ഷേപിച്ച റോസറ്റാ എന്ന പേടകത്തിന്റെ ദീര്‍ഘയാത്രയില്‍ ധൂമകേതുവില്‍ ഇറങ്ങുക എന്ന നിര്‍ണായകലക്ഷ്യം നേടാനായില്ലെങ്കിലും ധൂമകേതുവിന്റെ നിരവധി വ്യക്തതയാര്‍ന്ന ചിത്രമെടുക്കുന്നതിനും അവയുടെ രാസഘടനയെക്കുറിച്ച് പ്രധാനപ്പെട്ട കണ്ടെത്തലുകള്‍ നടത്തുന്നതിനും സാധിച്ചു. ജീവന്റെ അടിസ്ഥാനനിര്‍മാണ ശിലയായ ആര്‍എന്‍എയുടെ നിര്‍മാണഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത് പ്രപഞ്ചത്തെക്കുറിച്ചും സൌരയൂഥത്തെക്കുറിച്ചും മനുഷ്യന്റെ കാഴ്ചപ്പാടുകള്‍ തന്നെ മാറ്റിമറിച്ചതായി പ്രൊഫ. മോണിക്ക ഗ്രേഡി പറഞ്ഞു.
ബ്രിട്ടീഷ് കൌണ്‍സില്‍, സ്റ്റേറ്റ് സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം, ഏറോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, അസ്ട്രോ കേരള, ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റി എന്നിവ സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.