
റാമല്ല > പതിനേഴുകാരിയായ പലസ്തീൻ പ്രക്ഷോഭക അഹദ് തമീമിയുടെ വിചാരണനടപടി നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ഇസ്രയേലി പട്ടാളക്കോടതി മാധ്യമങ്ങളെ വിലക്കി. ഇസ്രയേലി പട്ടാളക്കാർക്കെതിരെ നിരായുധയായി പ്രതിഷേധിച്ച പെൺകുട്ടിയെ ഗുരുതര കുറ്റം ചുമത്തി ജയിലിലടച്ചത് ആഗോളതത്തിൽ വൻ ചർച്ചക്ക് വഴിവച്ചിരുന്നു. സംഭവത്തിന് വൻ മാധ്യമ ശ്രദ്ധലഭിച്ചതോടെ അടച്ചിട്ട കോടതിയിലാണ് വിചാരണനടത്തുന്നത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് പുറത്തുേപാകാൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് വിചാരണ മാർച്ച് മാസത്തിലേക്ക് മാറ്റി.
കഴിഞ്ഞ ഡിസംബറിൽ ഇസ്രയേൽ പട്ടാളം നടത്തിയ വെടിവയ്പിൽ തമീമിയുടെ 15 വയസ്സുള്ള അർധസഹോദരന് തലയ്ക്ക് വെടിയേറ്റിരുന്നു. തുടർന്ന് തമീമി സൈനികർക്കുനേരെ കല്ലേറ് നടത്തി പ്രതിഷേധിച്ചു. തമീമിയുടെ ഉമ്മ നരിമാൻ തമീമി ഇത് മൊബൈലിൽ പകർത്തുകയും ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അന്നു രാത്രിതന്നെ അറസ്റ്റ് ചെയ്ത ഇരുവരെയും ജാമ്യംപോലും നിഷേധിച്ച് തടവിലിടുകയായിരുന്നു. പട്ടാളക്കാരെ അധിക്ഷേപിച്ചു എന്നതടക്കം 12 കുറ്റമാണ് തമീമിക്കെതിരെ ചാർത്തിയത്. തമീമിയുടെ പ്രതിഷേധം ലോകവ്യാപകമായി അധിനിവേശവിരുദ്ധ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ടു.
തമീമിയുടെ മോചനം ആവശ്യപ്പെട്ട് നിരവധി മനുഷ്യാവകാശസംഘടനകൾ രംഗത്തുണ്ട്.
തമീമിക്കെതിരായ നടപടിയിൽ ആംനെസ്റ്റി പ്രതിഷേധിച്ചു. പടച്ചട്ടയണിഞ്ഞ, ആയുധധാരികളായ സൈനികർക്ക് നിരായുധയായ ഒരു പെൺകുട്ടി എന്തുഭീഷണിയാണ് ഉയർത്തുകയെന്ന് ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഡെപ്യൂട്ടി ഡയറക്ടർ മഗ്ദലന മുഗ്രാബി ചോദിച്ചു.