ചൈത്ര തെരേസ ജോൺ
ഒരുപാട് വർഷത്തെ കഠിന പ്രയത്‌നത്തിനൊടുവിൽ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് ഐപിഎസ് ഓഫീസർ ചൈത്ര തെരേസ ജോൺ. ആഗ്രഹിക്കാതെ കിട്ടിയ ജോലിയിൽ തുടരുമ്പോഴും മനസ് എന്നും യഥാർത്ഥ ലക്ഷ്യത്തെത്തേടികൊണ്ടിരിക്കുമെന്ന് പറയുന്നത് വെറുതെയല്ല. അതുകൊണ്ടാവണം ചൈത്ര ഐ ആർ ടി എസിൽ നിന്നും രാജിവെച്ച് ഐ പി എസ് മോഹം സഫലമാക്കിയത്.
ഐപിഎസ് പരീക്ഷ 111ാം റാങ്കോടെ പാസായപ്പോൾ കോഴിക്കോട്ടുകാർ അത് വലിയ ആഘോഷമാക്കി. ദിവസങ്ങളോളം തിളക്കമുള്ള വാർത്തയായി വനിത ഐപിഎസ് ഓഫീസർ മാധ്യമങ്ങളിൽ നിറഞ്ഞു. 2015 ലെ ഐപിഎസ് ബാച്ചിൽ മികച്ച ഓൾ റൗണ്ടർ വനിത പ്രൊബേഷണർ, മികച്ച വനിത ഔട്ട് ഡോർ പ്രൊേബഷണർ എന്നീ പദവികൾ ചൈത്ര സ്വന്തമാക്കി. ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയിൽ നിന്ന് രണ്ട് മലയാളികളാണ് ഈ ബാച്ചിൽ പുറത്തിറങ്ങിയത്. ചൈത്രയും സുനിൽ ദാസും.
മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിൽ ചരിത്രത്തിലാദ്യമായി വനിതാ സ്റ്റേഷൻ ഓഫീസറായി ചൈത്ര ചാർജെടുത്തു. പിന്നീട് തലശേരിയിലേക്കുള്ള മാറ്റം. ചരിത്രമുറങ്ങുന്ന തലശേരിയുടെ മണ്ണിൽ ആദ്യ വനിത ഓഫീസർ ചാർജെടുത്തപ്പോൾ സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും അത് ചൂടുള്ള വാർത്തയായിരുന്നു. ചാർജെടുത്ത് ദിവസങ്ങൾ മാത്രമെ ആയുള്ളൂ.
അഞ്ചാം തവണയാണ് പരീക്ഷ എഴുതുന്നത്. മൂന്ന് തവണ ഇന്റർവ്യൂവിൽ പങ്കെടുത്തു. ആദ്യമൊക്കെ കിട്ടാതായപ്പോഴും പ്രതീക്ഷ കൈവിട്ടില്ല. ഓരോ തോൽവിയും വിജയത്തിലേെക്കത്താനുള്ള ആവേശം കൂട്ടിയതോടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിന്നീട് നന്നായി അധ്വാനിച്ച് തന്നെയാണ് പരീക്ഷ എഴുതിയത്. അതിന് നല്ല ഫലവും കിട്ടി ഒരു ചെറു ചിരിയോടെ അവർ പറഞ്ഞു.
സ്‌കൂൾ വിദ്യാഭ്യാസം ഇൗസ്റ്റ്ഹില്ലിലെ വിദ്യാലയത്തിലായിരുന്നു. പിന്നീട് ബംഗളൂരു ക്രൈസ്റ്റ് കോളേജിൽ നിന്ന് ബിരുദവും ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ഉയർന്ന മാർക്കോടെ നേടി. മുംബൈ ജവഹർലാൽ നെഹ്റു പോർട്ടിൽ ചീഫ് കമ്മീഷ്‌ണറാണ് പിതാവ് ഡോ ജോൺ ജോസഫ്. അമ്മ ഡോ. മേരി, കോഴിക്കോട് മൃഗസംരക്ഷണ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറാണ്. അനുജൻ തൃശൂർ മെഡിക്കൽ കോളേജിൽ ഓർത്തോപീഡിക്‌സിൽ എം ഡി ചെയ്യുന്നു.
2012ൽ സിവിൽ സർവ്വീസ് പരീക്ഷ എഴുതിയിരുന്ന ചൈത്ര 55ാം റാങ്കോടെ ഐആർടിഎസിനു യോഗ്യത നേടിയിരുന്നു. അപ്പോഴും ഐപിഎസ് എന്ന മോഹം മനസിൽ നിറഞ്ഞുനിന്നു. അങ്ങനെയാണ് ഐആർടിഎസിൽ നിന്ന് രാജിവെച്ച് വീണ്ടും പരീക്ഷ എഴുതുന്നത്. അച്ഛനും അമ്മയുമാണ് എന്റെ ലക്ഷ്യത്തിലേക്കെത്താൻ പൂർണ പിന്തുണ നൽകിയത്. ചെറുപ്പം തൊട്ടേ പൊലീസ് യൂണിഫോമിനോടായിരുന്നു ഇഷ്ടം. കുറച്ച് റിസ്‌ക്കുള്ള ജോലിയാണ്. പക്ഷെ താൽപര്യമുണ്ടെങ്കിൽ പേടിക്കേണ്ട കാര്യമില്ലെന്ന് ചൈത്ര തെരേസ ജോൺ പറയുന്നു.