
ന്യൂഡൽഹി > ശ്രീനഗറിലെ സിആർപിഎഫ് ക്യാമ്പിനുനേരെ ആക്രമണം നടത്തിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു. കരൺ നഗറിലെ ക്യാമ്പിനുനേരെ ആക്രമണം നടത്തിയശേഷം സമീപത്തെ കെട്ടിടത്തിൽ ഒളിച്ചിരുന്ന ഭീകരരെയാണ് 30 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ കൊലപ്പെടുത്തിയത്. കൂടുതൽ ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രാത്രിയിലും വെടിവയ്പ് തുടർന്നതോടെ പഴയ ശ്രീനഗർ നഗരത്തിൽ ഗതാഗതവും കാൽനടയും സൈന്യം നിരോധിച്ചിരുന്നു. കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് സൈന്യം ദൗത്യം പൂർത്തിയാക്കിയത്.
തിങ്കളാഴ്ച പുലർച്ചെ ക്യാമ്പിലേക്ക് കടന്നുകയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തുന്നതിനിടെ ജവാൻ മുജാഹിദ് ഖാൻ വെടിയേറ്റു മരിച്ചു. മുജാഹിദ് ഖാന്റെ മൃതദേഹം വ്യോമമാർഗം സ്വദേശമായ ബിഹാറിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയ്ക്കിടെ ശ്രീനഗറിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ചൊവ്വാഴ്ച രണ്ട് പൊലീസുകാരെ കൊലപ്പെടുത്തി എസ്എംഎച്ച്എസ് ആശുപത്രിയിൽനിന്ന് ഭീകരനെ രക്ഷിച്ചിരുന്നു.
ഇതിനിടെ, ശനിയാഴ്ച ജമ്മുവിലെ സുൻജുവാൻ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ഒരു സൈനികൻകൂടി മരിച്ചതായി സൈന്യം അറിയിച്ചു. ഇതോടെ മരണസംഖ്യ ആറായി ഉയർന്നു. തിങ്കളാഴ്ച രാത്രി ഭീകരാക്രമണം നടന്ന സ്ഥലം പരിശോധിക്കുന്നതിനിടെ ജവാന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആറ് സൈനികരും ഒരു സിവിലിയനുമാണ് കൊല്ലപ്പെട്ടത്. മൂന്നു ഭീകരരെയും സൈന്യം വധിച്ചിരുന്നു. സുൻജുവാനിലും കരൺ നഗറിലുമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്കർ ഇ തായ്ബ ഏറ്റെടുത്തിരുന്നു.