
ന്യൂഡല്‍ഹി > ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിച്ചില്ലെങ്കില്‍ മാധ്യമസ്വാതന്ത്യ്രം അപകടപ്പെട്ടുപോകുമെന്ന് പ്രമുഖ കവിയും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ പ്രഭാവര്‍മ. മാധ്യമസ്വാതന്ത്യ്രത്തിന് ഭരണഘടനാ പരിരക്ഷയില്ലാത്ത രാജ്യമാണ് ഇന്ത്യ. ഭരണഘടന അനുവദിക്കുന്ന പൊതു അഭിപ്രായസ്വാതന്ത്യ്രം മുന്‍നിര്‍ത്തിയുള്ള അനുമാനംമാത്രമാണ് മാധ്യമസ്വാതന്ത്യ്രം.
സ്വാതന്ത്യ്രം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് ചിന്താഗതി എന്നീ മൂല്യങ്ങളാണ് ഇതിന് അടിത്തറയാകുന്നത്. ഈ മൂല്യങ്ങള്‍ അപകടപ്പെട്ടുപോയാല്‍ ആദ്യം അപകടപ്പെട്ടുപോകുന്നത് മാധ്യമസ്വാതന്ത്യ്രമാണ്; കലാകാരന്റെ സ്വാതന്ത്യ്രമാണ്. ഇത് മനസ്സിലാക്കി ഗൌരവത്തോടെയല്ല മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയങ്ങള്‍ നേരിടുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കവെ പ്രഭാവര്‍മ പറഞ്ഞു.
ഇന്ന് പൊതു ജനാധിപത്യമണ്ഡലം ഗുരുതരമായ ഭീഷണിനേരിടുന്നു. എഴുത്തുകാര്‍മാത്രമല്ല, പൊതുസമൂഹം ആകെത്തന്നെ ഈ ഭീഷണി നേരിടുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സ്വയംഭരണവും മതനിരപേക്ഷ സ്വഭാവവും തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തര ശ്രമമാണ് നടത്തിയത്. ഇത്തരം നീക്കങ്ങള്‍ മറികടന്നാണ് ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമിതി ചുമതല ഏറ്റതെന്നും പ്രഭാവര്‍മ പറഞ്ഞു.
സംവാദത്തിന് ഇടംനല്‍കുന്ന ഭാരതീയപാരമ്പര്യം അട്ടിമറിക്കുകയാണ് ഹിന്ദുവര്‍ഗീയവാദികളെന്ന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് കെ പി രാമനുണ്ണി പറഞ്ഞു. ഇന്ത്യയില്‍ ഹിന്ദു-മുസ്ളിം വൈരുധ്യം സൃഷ്ടിച്ചത് ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷുകാരാണ്. നമ്മുടെ പൈതൃകം വീണ്ടെടുക്കാന്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്കായി. എന്നാല്‍, ബ്രിട്ടീഷുകാരുടെ പ്രചാരണം ഏറ്റെടുത്ത് നടപ്പാക്കുകയാണ് ഹിന്ദു വര്‍ഗീയവാദികളെന്ന് അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് തോമസ് ഡൊമനിക് അധ്യക്ഷനായി. പ്രഭാവര്‍മയെ ഡി വിജയമോഹനും കെ പി രാമനുണ്ണിയെ എം അഖിലും പരിചയപ്പെടുത്തി. സെക്രട്ടറി പി കെ മണികണ്ഠന്‍ സ്വാഗതവും പ്രസൂണ്‍ കണ്ടത്ത് നന്ദിയും പറഞ്ഞു.