
ന്യൂഡൽഹി > എല്ലാ മതനിരപേക്ഷ, ജനാധിപത്യ കക്ഷികളെയും അണിനിരത്തി ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുക എന്നതാണ് ദേശീയരാഷ്ട്രീയത്തിലെ അടിയന്തര കടമയെന്ന് സിപിഐ എം 22ാം പാർടി കോൺഗ്രസിലേക്കുള്ള കരട് രാഷ്ട്രീയപ്രമേയം. കോൺഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പു സഖ്യമോ ഇല്ലാതെയാണ് ഇത് നടപ്പാക്കിയെടുക്കേണ്ടതെന്ന് പ്രമേയത്തിൽ പറഞ്ഞു. കൊൽക്കത്തയിൽ ജനുവരി 19 മുതൽ 21 വരെ ചേർന്ന പാർടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയം പാർടിയുടെ എല്ലാതലങ്ങളിലുമുള്ള ചർച്ചകൾക്കായി പ്രസിദ്ധീകരിച്ചു.
ഹിന്ദുത്വ വർഗീയ ശക്തികളെ ഒറ്റപ്പെടുത്താനും ജനവിരുദ്ധ സാമ്പത്തികനയങ്ങൾ തിരുത്തിക്കാനും ബിജെപിയെ പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാരും വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയും പ്രാദേശികകക്ഷികൾ ഉൾപ്പെടെയുള്ളവയും നയിക്കുന്ന സർക്കാരുകളും നടപ്പാക്കുന്ന നവഉദാരനയങ്ങൾക്കെതിരെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകും. ജനങ്ങളുടെ ജീവനോപാധികൾ തകർക്കുന്ന വിനാശകരമായ സാമ്പത്തികനയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങൾ കെട്ടിപ്പടുക്കാനായി പരിശ്രമിക്കും. ഹിന്ദുത്വശക്തികൾ സർക്കാരിനുള്ളിലും പുറത്തും ഗൗരവതരമായ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെയും വിപുലമായ മുന്നേറ്റത്തിനുള്ള വേദികൾ കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്.
ബഹുജനമുന്നേറ്റങ്ങൾക്കും യോജിച്ചപ്രക്ഷോഭങ്ങൾക്കുമായി എല്ലാതലങ്ങളിലുമുള്ള സംയുക്ത വേദികൾ കെട്ടിപ്പടുക്കണം. ജനവിരുദ്ധനയങ്ങൾക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തണം. ബൂർഷ്വാ പാർടികൾക്കു പിന്നിലുള്ള ബഹുജനങ്ങളെ ആകർഷിക്കാനായി വർഗബഹുജന സംഘടനകളുടെ യോജിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം. വർഗീയശക്തികൾക്കെതിരെ പോരാടാൻ അടിത്തട്ടിൽ ജനങ്ങളുടെ ഐക്യം കെട്ടിപ്പടുക്കുന്നതിന് ഊന്നൽനൽകണം. ഇവയെ രാഷ്ട്രീയ, തെരഞ്ഞെടുപ്പു സഖ്യമാക്കരുത്. ഇതുപോലെ, ജനാധിപത്യ അവകാശങ്ങൾക്കുനേരെയുള്ള കടന്നാക്രമണങ്ങൾ ചെറുക്കാൻ വിശാലമായ ഐക്യം പടുത്തുയർത്തണം.
പാർടിയുടെ സ്വതന്ത്രമായ കരുത്ത് വികസിപ്പിക്കുന്നതിനും കെട്ടിപ്പടുക്കുന്നതിനും പാർടി മുൻഗണന നൽകും. ഇടതുപക്ഷ ഐക്യം വിശാലമാക്കാനും ശക്തിപ്പെടുത്താനുമായി പ്രവർത്തിക്കും.രാജ്യത്ത് ഇടത് ജനാധിപത്യമുന്നണി രൂപംകൊള്ളുന്നതിലേക്ക് നയിക്കുന്ന വിധത്തിൽ, വ്യക്തമായ പരിപാടിയുടെ അടിസ്ഥാനത്തിൽ എല്ലാ ഇടത്, ജനാധിപത്യശക്തികളെയും ഒന്നിച്ച് അണിനിരത്തി ഐക്യപ്രക്ഷോഭങ്ങളും യോജിച്ച മുന്നേറ്റങ്ങളും സംഘടിപ്പിക്കണം. സംസ്ഥാനങ്ങളിൽ, വ്യക്തമായ പരിപാടിയിൽ കേന്ദ്രീകരിച്ച് വിവിധ ഇടത്, ജനാധിപത്യശക്തികളെ അണിനിരത്തണം. ദേശീയതലത്തിലെ രാഷ്ട്രീയപ്രചാരണങ്ങളിൽ ഇടത് ജനാധിപത്യ ബദലിനെ ഉയർത്തിക്കാട്ടുകയും ഇടത് ജനാധിപത്യമുന്നണിയിൽ ഇടംനൽകാൻ കഴിയുന്ന എല്ലാ ശക്തികളെയും ഇതിൽ അണിനിരത്തുകയും ചെയ്യണം. ഈ രാഷ്ട്രീയനയത്തിന്റെ അടിസ്ഥാനത്തിൽ ബിജെപിവിരുദ്ധ വോട്ടുകൾ പരമാവധി സമാഹരിക്കാൻ കഴിയുന്ന തെരഞ്ഞെടുപ്പുതന്ത്രം ആവിഷ്‌കരിക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയത്തിൽ വിശദീകരിക്കുന്നു.
ഭേദഗതിനിർദേശങ്ങൾ മാർച്ച് 20നകം
ന്യൂഡൽഹി > കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ഭേദഗതി നിർദേശങ്ങൾ മാർച്ച് 20നകം സിപിഐ എം കേന്ദകമ്മിറ്റി ഓഫീസിൽ എത്തിക്കണം.വിലാസം: എകെജി ഭവൻ, സിപിഐ എം കേന്ദ്രകമ്മിറ്റി ഓഫീസ് 27-‐29, ഭായി വീർ സിങ് മാർഗ്,ന്യൂഡൽഹി-110 001. ഇ മെയിൽ ആയും ഭേദഗതി നിർദേശങ്ങൾ അറിയിക്കാം. വിലാസം:pol@cpim.org