മാരാരിക്കുളം > മണ്ണഞ്ചേരി അമ്പലക്കടവിലെ കക്കാനീറ്റ് ചൂളയിലെ കിണറ്റിലിറങ്ങി കുഴൽക്കിണർ താഴ്ത്തുന്നതിനിടെ ചെളിയും വിഷവാതകവുമുയർന്ന് രണ്ട് യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കഞ്ഞിക്കുഴി പാന്തേഴത്തുവെളി അനിൽകുമാറിന്റെ മകൻ അമൽ(19), മാരാരിക്കുളം വടക്ക് പഞ്ചായത്ത് തിരുവിഴ ക്ഷേത്രത്തിന് തെക്ക് മേനോൻതോപ്പിൽ ഗംഗാധരന്റെ മകൻ ഗിരീഷ്(36)എന്നിവരാണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ ചൂളയിലെ ജീവനക്കാരായ പൊന്നാട് നടുവത്തേഴത്ത് ജിത്ത്(50), അമ്പലക്കടവിൽ താമസിക്കുന്ന മണ്ണഞ്ചേരി പേനഴത്ത്‌വെളി ഗിരിജയുടെ മകൻ മഹേഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുറവശ്ശേരി ഹമീദ് കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള ചൂളയിൽ 17 റിങ് താഴ്ചയുള്ള കിണറുണ്ട്. ഇതിൽ രണ്ടടി വെള്ളമുണ്ടായിരുന്നു. വേനൽ മുന്നിൽക്കണ്ട് കിണറിൽ കുഴൽക്കിണർ താഴ്ത്തുന്നതിനിടെയാണ് അപകടം. ചൊവ്വാഴ്ച രാവിലെ 11 ന് രണ്ടു മീറ്ററോളം താഴ്ത്തിയതോടെ ചെളിയും വെള്ളവും ഉയർന്നു. ഗിരീഷ് ചെളിയിലും വെള്ളത്തിലും താഴുന്നത് കണ്ട് അമൽ രക്ഷപ്പെടുത്താനായി ചാടി. ഇതുകണ്ട് അമലിന്റെ അച്ഛൻ അനിൽകുമാറും കിണറ്റിൽ ഇറങ്ങി. ഇവരെ രക്ഷപ്പെടുത്താനാകാതെ അനിൽകുമാർ നിലവിളിച്ചപ്പോൾ ജിത്തും മഹേഷും കിണറ്റിലിറങ്ങി അനിൽകുമാറിനെ കരയ്ക്കെത്തിച്ചു. തുടർന്ന് അമലിനെയും ഗിരീഷിനെയും രക്ഷിക്കാൻ വീണ്ടും കിണറ്റിലിറങ്ങിയ മഹേഷിനെ കയർകൊണ്ട് കുരുക്കിട്ടാണ് കുറ്റിക്കാട് സാദിഖ് രക്ഷപ്പെടുത്തിയത്. അമലിനെയും ഗിരീഷിനെയും ആലപ്പുഴയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സാണ് പുറത്തെടുത്തത്. അമലിന്റെ അമ്മ: സിന്ധു. സഹോദരൻ: അഖിൽ. ഭാനുമതിയാണ് ഗിരീഷിന്റെ അമ്മ. സഹോദരി: ഗീതാകുമാരി.